2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഹജ്ജ് എമിഗ്രെഷന്‍ സ്വന്തം നാട്ടില്‍: 27 രാജ്യങ്ങളില്‍ നടപ്പാക്കും

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഹജ്ജിനെത്തുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സ്വന്തം രാജ്യത്തുനിന്ന് തന്നെ സഊദിയിലേക്ക് കടക്കാനുള്ള എമിഗ്രെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ കൂടുതല്‍ രാജ്യങ്ങളിലെക്ക് വ്യാപിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ ആരംഭിച്ച സംവിധാനം വന്‍ വിജയമായതിനെ തുടര്‍ന്നു ഈ വര്‍ഷം ഇന്തോനേഷ്യയിലും പിന്നീട് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ വരുന്ന 27 രാജ്യങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.

സ്വന്തം നാടുകളില്‍ നിന്ന് തന്നെ സഊദി എമിഗ്രെഷന്‍ പൂര്‍ത്തിയായാല്‍ എന്തെങ്കിലും കാരണത്താല്‍ സഊദിയിലേക്ക് കടക്കാന്‍ പറ്റാത്തയാളുകള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്ന് തന്നെ യാത്ര അവസാനിപ്പിക്കാന്‍ പറ്റും.

നിലവിലെ അവസ്ഥയില്‍ സഊദിയില്‍ ഇറങ്ങി എമിഗ്രെഷനില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ അടുത്ത വിമാനത്തിന് കാത്തിരിക്കുകയും ഒഴിവില്ലെങ്കില്‍ കൂടുതല്‍ സമയം വിമാനത്താവളത്തിനകത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം കാത്തിരിക്കുകയുമാണ് ചെയ്യുന്നത്.

തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ സംവിധാനം നടപ്പാക്കാന്‍ പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്റ്ററേറ്റ് നിര്‍ദേശം നല്‍കിയതായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്‌യ പറഞ്ഞു.

വിരലടയാളം രേഖപ്പെടുത്തുക, ആരോഗ്യ നിയമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന പരിശോധന, ലഗ്ഗേജ്, താമസ സ്ഥല സൗകര്യങ്ങള്‍, മുത്വവ്വഫ്, ഗ്രൂപ്പ് നമ്പര്‍ എന്നിവ നിര്‍ണ്ണയിക്കാന്‍ എന്നിവയായിരിക്കും അതാത് രാജ്യങ്ങളില്‍ നിന്നും പരിശോധിക്കുക.

ഇതോടെ സഊദി ഇമാനത്താവളത്തില്‍ എത്തുന്ന ഹാജിമാര്‍ക്ക് മറ്റു നടപടികളൊന്നും കൂടാതെ തന്നെ നേരിട്ടിട് ബസുകളിലേക്കും താമസ സ്ഥപാലത്തേക്കും പോകാനാകുമെന്നും പാസ്‌പോര്ട് മേധാവി ജിദ്ദയില്‍ പറഞ്ഞു.

വിഷന്‍ 2030 ലക്ഷ്യമാക്കിയാണ് അതാതു രാജ്യങ്ങളില്‍ നിന്നും ഹാജിമാരുടെ സഊദി എമിഗ്രെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതി ആരംഭിച്ചത്. സ്വദേശങ്ങളില്‍ നിന്നും അതാത് രാജ്യങ്ങളിലെ എമിഗ്രെഷന് ശേഷം സഊദി എമിഗ്രെഷന്‍ കൂടി പൂര്‍ത്തിയായാല്‍ സഊദിയില്‍ വിമാനമിറങ്ങുന്ന ഉടന്‍ തന്നെ പ്രത്യേക ട്രാക്കിലൂടെ പുറത്തു കടക്കാനാകും. ഇത് അധികൃതര്‍ക്കും യാത്രക്കാര്‍ക്കും ഏറെ ആശ്വാസമാണ് നല്‍കുക.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.