2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഹജ്ജ്: ആദ്യസംഘം ഇന്ന് മടങ്ങിയെത്തും

 

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയായ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തും. 410 ഹാജിമാരുമായി എസ്.വി 5975 നമ്പര്‍ സഊദി എയര്‍ലൈന്‍സ് വിമാനം ഉച്ചയ്ക്ക് ഒന്നിനാണ് എത്തുന്നത്. തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയത്. ഹജ്ജ് കാര്യ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിക്കും.
മദീന വിമാനത്താവളത്തില്‍ നിന്നാണ് സംഘം നാട്ടിലേക്ക് മടങ്ങുന്നത്. ഓരോ ഹാജിക്കും അഞ്ച് ലിറ്റര്‍ വീതം സംസം വിമാനത്താവളത്തില്‍ വച്ച് നല്‍കും. ഇതിന് ആവശ്യമായ സംസം നേരത്തേ തന്നെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചിട്ടുണ്ട്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി 12,013 പേരാണ് ഈ വര്‍ഷം യാത്രയായിരുന്നത്. സഊദി എയര്‍ലൈന്‍സിന്റെ 30 വിമാനങ്ങളിലായാണ് ഹാജിമാരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. 26 വിമാനങ്ങളില്‍ 410 വീതവും, രണ്ട് വിമാനങ്ങളില്‍ 409 പേര്‍ വീതവും, ഒരു വിമാനത്തില്‍ 381 പേരും, മറ്റൊരു വിമാനത്തില്‍ 154 പേരുമാണ് ഉണ്ടാകുക. സിയാലിന്റെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരിയില്‍ പ്രത്യേക യോഗം ചേര്‍ന്ന് മടക്കയാത്ര സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.