2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഹജ്ജിന് ശേഷമുള്ള ആദ്യ ജുമുഅ: ഇരു ഹറമുകളും നിറഞ്ഞുകവിഞ്ഞു

നിസാര്‍ കലയത്ത്

ജിദ്ദ: വിശുദ്ധ ഹജ്ജിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

ഹജ്ജ് കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സംതൃപ്തിയോടെ ഹാജിമാര്‍ അതിരാവിലെ മുതല്‍ ഇരുഹറമുകളിലേക്കുമൊഴുകി.

മക്കയിലും മദീനയിലുമായി ലക്ഷങ്ങളാണ് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തത്. ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന തീര്‍ഥാടകര്‍ ഈ വര്‍ഷത്തെ അവസാന ജമുഅ നമസ്‌കരിക്കാനാണ് ഹറമുകളിലത്തെിയത്.

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകത്തിരക്കു കാരണം ജുമുഅ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ കവാടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വികസന ഭാഗവും പള്ളിയുടെ എല്ലാ നിലകളും പൂര്‍ണമായും തീര്‍ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞു. ഹജ്ജ് കഴിഞ്ഞ് മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട ഹാജിമാര്‍ മസ്ജിദുന്നബവിയില്‍ ജുമുഅ നമസ്‌ക്കരിച്ചു.

ഹജ്ജില്‍നിന്ന് ലഭിച്ച ധാര്‍മ്മിക ഊര്‍ജ്ജം ശിഷ്ട ജീവിതത്തില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് മക്ക ഹറം ഇമാം ഹാജിമാരെ ഉപദേശിച്ചു.

സ്വീകാര്യമായ ഹജ്ജ് പുതിയ പ്രഭാതമാണ് ഹാജിമാര്‍ക്ക് നല്‍കുന്നത്. ദൈവികമായ ഈ പ്രകാശം കൊണ്ട് ഭാവിജീവിതം ശോഭനമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ്ജ് വിജയകരമായി പര്യവസാനിച്ചത് സഊദി അറേബ്യക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കും അസൂയാലുക്കള്‍ക്കുമുള്ള മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹജ്ജ് പോലെയുള്ള ആരാധന വസന്തങ്ങള്‍ നല്‍കി അല്ലാഹു നമ്മെ അനുഗ്രഹിച്ചിട്ടുണ്ടെന്നും അതിന് നന്ദിയുള്ളവരായിരിക്കണമെന്നും മസ്ജിദുന്നബവി ഇമാം ശൈഖ് അബ്ദുല്‍ബാരി അസ്സുബൈതി ജുമുഅ പ്രഭാഷണത്തില്‍ പറഞ്ഞു.

ഹജ്ജ് ത്യാഗത്തിന്റെ സ്മരണയാണ്. അതിന് സാക്ഷികളാകാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമായി കാണണം. വിജയകരമായ പരിസമാപ്തി രാജ്യത്തിനെതിരായ അപസ്വരങ്ങളെ നിഷ്പ്രഭമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഹജജ് തീര്‍ഥാടകര്‍ മടക്കയാത്രക്കുള്ള ഒരുക്കത്തിലാണ്. ജിദ്ദ വിമാനത്താവളം വഴി മടക്ക യാത്ര ആരംഭിച്ചു.

കര മാര്‍ഗവും കടല്‍മാര്‍ഗവുമുള്ള ഹജ്ജ് തീര്‍ഥാടകരും മടക്കയാത്ര തുടങ്ങിയതോടെ എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ തിങ്കളാഴ്ച മുതല്‍ തിരിച്ചുപോക്ക് ആരംഭിക്കും. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.