2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഹജ്ജിന് പൂര്‍ണ സമാപനം; കടഞ്ഞെടുത്ത മനസുമായി ഇനി മടക്കം

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: കടഞ്ഞെടുത്ത മനസുമായി തീര്‍ത്ഥാടകര്‍ പൂര്‍ണമായും ഇന്ന് മിനാ താഴ്‌വാരം വിടുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന് ഇന്ന് പൂര്‍ണ സമാപനം.
മൂന്നുദിവസത്തെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ഇന്നലെ തന്നെ ഹജ്ജിന് പരിസമാപ്തി കുറിച്ച് പകുതിയിലധികം ഹാജിമാരും മിനായില്‍ നിന്ന് വിടവാങ്ങിയിരുന്നെങ്കിലും ബാക്കിയുള്ളവര്‍ ഇന്നാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മിനായോട് വിടവാങ്ങുക.
ഇന്നലെ മിന വിട്ടവര്‍ മക്കയിലെത്തി വിടവാങ്ങല്‍ ത്വവാഫും നിര്‍വഹിച്ച് മദീന സന്ദര്‍ശനത്തിന് യാത്ര തിരിച്ചു. എന്നാല്‍, ബാക്കിയുള്ളവര്‍ ഇന്നത്തെ കല്ലേറ് കര്‍മം കൂടി പൂര്‍ത്തിയാക്കി മഗ്‌രിബ് സിസ്‌കാരത്തിനു മുന്‍പായി മിന വിട്ടിറങ്ങും.
മിനായില്‍ നിന്നു മടങ്ങിയ വിദേശ തീര്‍ത്ഥാടകര്‍ മക്കയിലെ താമസ കേന്ദ്രങ്ങളിലേക്കാണ് പോവുന്നത്. നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയവര്‍ നേരിട്ട് സ്വദേശങ്ങളിലേക്ക് പോകുന്ന തിരക്കിലാണ്. ആഭ്യന്തര ഹാജിമാരും സ്വദേശങ്ങളിലേക്ക് ഇന്നലെ മുതല്‍ മടങ്ങിത്തുടങ്ങി.
ആദ്യം വന്നിറങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ആദ്യ വിമാനം ശനിയാഴ്ച മുതല്‍ ജിദ്ദയില്‍ നിന്നാരംഭിക്കും. ഹജ്ജിനു മുന്നോടിയായി ആദ്യ ഘട്ടത്തില്‍ മദീനയില്‍ വന്നിറങ്ങി പ്രവാചക നഗരി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയില്‍ നിന്ന് നേരിട്ട് ജിദ്ദയിലെത്തി നാട്ടിലേക്ക് യാത്ര തിരിക്കുകയാവും ചെയ്യുക. നേരത്തെ മക്കയില്‍ എത്തിയ വിദേശികളാണ് ഇപ്പോള്‍ ഹജ്ജിനു ശേഷം മദീനയിലെ പ്രവാചക നഗരിയിലേക്ക് പുറപ്പെടുന്നത്. ഇവര്‍ക്ക് ഇവിടെ വച്ചായിരിക്കും യാത്രാവിമാനം. മദീനാ സന്ദര്‍ശനത്തിനു ശേഷം എട്ടു ദിവസംകഴിഞ്ഞാണ് ഇവരുടെ മടക്കം.
അതേസമയം, മക്കയിലെ അസീസിയയില്‍ നിയന്ത്രണം വിട്ട ബസ് തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാരടക്കം മൂന്നുമരണം. മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നെത്തിയ തീര്‍ത്ഥാടക ഇമ്പിച്ചി ആയിഷ (58), കെ.എം.സി.സി വളണ്ടിയര്‍ പെരിന്തല്‍മണ്ണ വേങ്ങൂര്‍ സ്വദേശി ഇഖ്ബാല്‍ എന്നിവരാണ് പരുക്കേറ്റ മലയാളികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.