2018 May 13 Sunday

ഹജ്ജിന് ഇത്തവണയും കരിപ്പൂരില്‍ നിന്ന് സര്‍വീസില്ല: മുക്താര്‍ അബ്ബാസ് നഖ്‌വി

നിസാര്‍ കലയത്ത്

ജിദ്ദ: കേരളത്തിലെ ഹജ്ജ് ക്യാപ് ഇത്തവണയും നെടുമ്പാശ്ശേരിയില്‍. മലബാറില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. കരിപ്പൂരില്‍ ഹജ്ജ് ക്യാംപ് പുനസ്ഥാപിക്കുമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെ തീര്‍ഥാടകരെല്ലാം നിരാശയിലാണ്. കരിപ്പൂര്‍ വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതു കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരിയിലായിരുന്നു.

എന്നാല്‍ കരിപ്പൂരിലെ നിര്‍മാണ പ്രവര്‍ത്തികള്‍ ഏറെ പുരോഗമിച്ചതോടെ ഇത്തവണ ഹജ്ജ് വിമാന സര്‍വീസ് ഇവിടെ നിന്ന് തന്നെ നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു തീര്‍ഥാടകരും ബന്ധുക്കളും. എന്നാല്‍ കഴിഞ്ഞ ദിവസം സഊദിയുമായി ഹജ്ജ് കരാരില്‍ ഒപ്പിട്ടത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചത്.

 കേരള ഹാജിമാര്‍ ഇത്തവണയും കൊച്ചിയില്‍നിന്നു തന്നെയായിരിക്കും ഹജ്ജ് നിര്‍വഹിക്കാനെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ കോഴിക്കോട് വിമാനത്താവളം വലിയ വിമാനങ്ങളുടെ സര്‍വീസിന് സജ്ജമായിട്ടില്ല. ഹജ്ജ്  സര്‍വീസ് കോഴിക്കോട്ടുനിന്ന് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങളും നേതാക്കളുടെ കൂടിക്കാഴ്ചകളും നടന്നിരുന്നു. അതുകൊണ്ട്തന്നെ സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തില്‍തന്നെയാണ് എടുത്തത്. കോഴിക്കോടിനോട് ഒരു വിവേചനവുമില്ല. വിമാനത്താവളത്തിന്റെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അവിടെനിന്നുതന്നെയായിരിക്കും ഹജ്ജ്് സര്‍വീസ് നടത്തുകയെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിനെതിരായി ഏതെങ്കിലും വിധത്തിലുള്ള ലോബി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇത്തവണത്തെ ഹജ്ജ് സര്‍വീസിനായുള്ള എംബാര്‍ക്കേഷന്‍ പോയിന്റില്‍ കരിപ്പൂരിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ മലബാറിലെ തീര്‍ഥാടകരില്‍ പ്രതീക്ഷ വര്‍ധിച്ചു. ഇതിന്റെ ഭാഗമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറും തുടക്കമിട്ടു കഴിഞ്ഞിരുന്നു. ഈ മാസം അവസാനത്തോടെ കേന്ദ്ര വ്യോമയാന മന്ത്രി അശോക്ഗജപതി രാജുവിനെ നേരിട്ട് കാണാനായി മന്ത്രിതല സംഘം തീരുമാനിച്ചതാണ്. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഏറെ നിരാശയാണ് മലബാര്‍ മേഖലയിലുള്ളവര്‍ക്ക് സമാനിച്ചത്.  

അതേ സമയം  ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജ്ജിന് 34,005 തീര്‍ഥാടകര്‍ക്കുകൂടി അധികമായി അവസരം ലഭിക്കും. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചുള്ള കരാറില്‍ ഇന്ത്യയും സഊദിയും ഒപ്പുവച്ചിരുന്നു.  ഇന്ത്യയില്‍നിന്ന് 1,70,025 തീര്‍ഥാടകരാണ് ഹജ് നിര്‍വഹിക്കാനെത്തുക. ഇതില്‍ 1,25,025 തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ്  കമ്മിറ്റി വഴിയും 45,000 ഹാജിമാര്‍ സ്വകാര്യ ഹജ്ജ്  ഗ്രൂപ്പുകള്‍ വഴിയുമായിരിക്കും ഹജ് നിര്‍വഹിക്കാനെത്തുകയെന്ന് ന്യൂനപക്ഷ കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 1,36,020 ആയിരുന്നു ഇന്ത്യയുടെ ക്വാട്ട. ഹറം വികസനവുമായി ബന്ധപ്പെട്ട് നാലു വര്‍ഷം മുമ്പ് വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിച്ചതോടെയാണ് 34,005 ഹാജിമാര്‍ക്കുകൂടി അവസരം ലഭിച്ചത്. കൂടുതലായി ലഭിച്ച ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ജൂലായ് 25 മുതല്‍ ഇന്ത്യയില്‍ നിന്നുളള ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കും. ആഗസ്റ്റ് 26നാണ് സര്‍വിസുകള്‍ അവസാനിക്കുക. തീര്‍ഥാടനം കഴിഞ്ഞുള്ള മടക്കയാത്ര സെപ്തംബര്‍ നാലു മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹജ് ഉംറ മന്ത്രി മന്ത്രി ഡോ. മുഹമ്മദ് സാലേ ബിന്‍ താഹിര്‍ ബിന്‍തന്‍ ആണ് സഊദിയെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചത്.

കേന്ദ്ര മന്ത്രിക്ക് പുറെമെ  ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ന്യൂനപക്ഷകാര്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ജാനേ ആലം, ഡപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം, ന്യൂനപക്ഷ മന്ത്രാലയ ഡപ്യൂട്ടി സെക്രട്ടറി അഫ്താബ് ആലം, മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി സുനില്‍ ഗൗതം, വ്യോമയാന മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്‍, ഹജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസര്‍, സി.ഇ.ഒ അത്താഉറഹ്മാന്‍, എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ രജനീഷ് ദഗ്ഗള്‍ എന്നിവരും ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു ഉണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.