2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സൗഹൃദ മത്സരം: ബ്രസീലിന് ജയം അര്‍ജന്റീനക്ക് സമനില

 

സാവോപോളോ: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിനും ഇംഗ്ലണ്ടിനും ജയം, അര്‍ജന്റീനക്ക് സമനില. എല്‍ സാല്‍വദോറിനെതിരേയാണ് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ബ്രസീല്‍ ജയിച്ചത്. നാലാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ നെയ്മറാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്.
പുതുമുഖ താരം റിച്ചാര്‍ലിസണ്‍ 16, 50 മിനുട്ടുകളില്‍ ബ്രസീലിനായി ലക്ഷ്യം കണ്ടു. ബാഴ്‌സലോണ താരം കുട്ടീഞ്ഞോ 30-ാം മിനുട്ടിലും മാര്‍ക്വീഞ്ഞോ 90-ാം മിനുട്ടിലും ബ്രസീലിനായി ലക്ഷ്യം കണ്ടു. കളിയിലുടനീളം മികച്ച ആധിപത്യവുമായി കളിച്ച ബ്രസീല്‍ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന കൊളംബിയക്കെതിരേ ഗോള്‍രഹിത സമനിലയുമായി രക്ഷപ്പെട്ടു. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അമേരിക്ക മെക്‌സിക്കോയെ പരാജയ യപ്പെടുത്തി. 2-0 എന്ന സ്‌കോറിന് വെനിസ്വേല പാനമയെ പരാജയപ്പെടുത്തി.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോര്‍ ഗ്വാട്ടിമലയെ പരാജയപ്പെടുത്തി. യൂറോപ്പില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ 1-0 എന്ന സ്‌കോറിന് ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്റിനെ പരാജയപ്പെടുത്തി.
54-ാം മിനുട്ടില്‍ മാര്‍ക്കോ റാഷ്‌ഫോര്‍ഡാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. പോളണ്ടും അയര്‍ലന്റും തമ്മിലുള്ള മത്സരം 1-1 എന്ന സ്‌കോറിന് സമനിലയില്‍ അവസാനിച്ചു. നോര്‍ത്ത് അയര്‍ലന്റും ഇസ്‌റാഈലും തമ്മിലുള്ള മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇസ്‌റാഈല്‍ പരാജയപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.