2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

Editorial

സൗഹൃദവാതില്‍ തുറക്കുമോ പാകിസ്ഥാനിലെ ഭരണമാറ്റം


അര്‍ഥപൂര്‍ണവും ക്രിയാത്മകവുമായ അയല്‍പക്കബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ കത്ത് പാകിസ്താന്‍ അതിന്റേതായ ഗൗരവത്തില്‍ പരിഗണിക്കട്ടെയെന്നാണു നമ്മുടെ മോഹവും പ്രാര്‍ഥനയും. അതേസമയം, അക്കാര്യത്തില്‍ ആശങ്കയുമുണ്ട്.

ഇമ്രാന്‍ഖാന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ അഭിനന്ദനമറിയിച്ചു ജൂലൈ 30 നു നരേന്ദ്രമോദി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞദിവസം 16 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടനെ വിദേശകാര്യ മന്ത്രി സുഷമസ്വരാജും പാക്‌വിദേശകാര്യ മന്ത്രിയായി അധികാരമേറ്റ ഷാമഹ്മൂദ് ഖുറേഷിയെ അഭിനന്ദനം അറിയിച്ചിരുന്നു. സഹകരണാത്മകമായ പ്രതികരണമാണ് ഖുറേഷിയില്‍ നിന്നും ലഭിച്ചത്.
സാഹസത്തിനു മുതിരുന്നത് ഇരുരാജ്യങ്ങള്‍ക്കും ആപല്‍ക്കരമാണെന്നും നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തുടര്‍ച്ചയായ ഉഭയകക്ഷിചര്‍ച്ചയ്ക്കു പാകിസ്താന്‍ തയാറാണെന്നുമുള്ള ഖുറേഷി പ്രതികരണം സ്വാഗതാര്‍ഹമാണെങ്കിലും പാകിസ്ഥാനെ എത്രത്തോളം വിശ്വസിക്കാനാകും. ഇന്ത്യ സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും കരങ്ങള്‍ നീട്ടിയപ്പോഴൊക്കെയും പാകിസ്താന്‍ വഞ്ചിച്ചിട്ടേയുള്ളൂ.

മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ഇപ്പോള്‍ സഹകരണം പറയുന്ന മെഹ്മൂദ് ഖുറേഷി ഇന്ത്യയിലുണ്ടായിരുന്നു. പാകിസ്താന്‍ സഹായമില്ലാതെ ഭീകരര്‍ക്കു മുംബൈ തുറമുഖത്തെത്താന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഖുറേഷിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കേണ്ടതില്ല. പാകിസ്താന്‍ അവരുടെ സഹകരണാത്മകമായ സമീപനം പ്രവര്‍ത്തനത്തിലൂടെയാണു പ്രകടിപ്പിക്കേണ്ടത്.

1999 ല്‍ എ.ബി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റയുടനെ പരിശ്രമിച്ചതു പാകിസ്താനുമായി സൗഹൃദബന്ധം സ്ഥാപിക്കാനായിരുന്നു. സൗമനസ്യത്തിന്‍െയും സഹകരണത്തിന്റെയും വാതായനങ്ങളാണ് അന്ന് ഇന്ത്യ പാകിസ്താനു മുന്നില്‍ തുറന്നിട്ടത്. ഈ ലക്ഷ്യംവച്ചാണ് വാജ്‌പേയി ലാഹോര്‍ ബസ് യാത്രാ ആശയം നടപ്പിലാക്കിയത്. ന്യൂഡല്‍ഹിയില്‍ നിന്നു ലാഹോറിലേയ്ക്കുള്ള ബസ് സര്‍വിസ് ഉദ്ഘാടനം ചെയ്ത അദ്ദേഹം ലാഹോര്‍വരെ ബസില്‍ സഞ്ചരിച്ചു.

ലാഹോറില്‍ അദ്ദേഹത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഹൃദയംഗമായി സ്വീകരിക്കുകയും ചെയ്തു. വാജ്‌പേയിയുടെ ലാഹോര്‍ യാത്ര അതിര്‍ത്തികളില്‍ താമസിക്കുന്ന ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ആഹ്ലാദപൂര്‍വമാണ് ആഘോഷിച്ചത്. അവിശ്വാസത്തിന്റെ മഞ്ഞുമല ഉരുകുകയാണെന്ന് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ വിശ്വസിച്ചു. ആ സമയം പാക്പട്ടാള മേധാവി മുഷറഫിന്റെ നിര്‍ദ്ദേശാനുസരണം പാക് പട്ടാളം ഇന്ത്യയുടെ കാര്‍ഗില്‍ കുന്നുകളില്‍ നുഴഞ്ഞുകയറുകയായിരുന്നു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ കാര്‍ഗില്‍ ഇന്ത്യ തിരിച്ചുപിടിച്ചത് ചരിത്രം.

തുടര്‍ന്ന് പാക് ഭീകരില്‍നിന്ന് 2001 ലുണ്ടായ പാര്‍ലമെന്റാക്രമണവും മുംബൈ ഭീകരാക്രമണവും ഇന്ത്യക്കു മറക്കാനാവാത്ത അനുഭവമായിരുന്നു. ഇന്ത്യ ഇതിനു പകരം ചോദിച്ചത് പാക് അതിര്‍ത്തിയിലേയ്ക്ക് ഇരച്ച്കയറി രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് ചെന്ന് പാക് ഭീകരസംഘടനകളുടെ താവളം തകര്‍ത്തുകൊണ്ടാണ്. പിന്നീട്, അതേസ്ഥലത്തു പാക് സൈനിക സഹായത്തോടെ ഭീകരര്‍ ക്യാമ്പുകള്‍ സ്ഥാപിക്കുകയായിരുന്നു.

പാകിസ്താന്‍ ആരു ഭരിച്ചാലും ആ രാജ്യത്തെ നിയന്ത്രിക്കുക സൈന്യമായിരിക്കുമെന്നതു യാഥാര്‍ഥ്യമാണ്. പട്ടാളത്തിന്റെ ഇംഗീതത്തിന് അനുസൃതമായേ പാകിസ്താനില്‍ പ്രധാനമന്ത്രിമാര്‍ വാഴൂ. ജനാധിപത്യത്തിന്റെ മുഖം മൂടിയണിഞ്ഞ പട്ടാള ഭരണമാണു പാകിസ്താനില്‍.
പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അറിയപ്പെടുന്ന ഇന്ത്യാവിരുദ്ധനാണ്.

മാറിയ പരിതസ്ഥിതിയില്‍ ഇമ്രാന്‍ഖാന്റെ നിലപാടില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്നു വിശ്വസിക്കാന്‍ തക്ക കാരണമൊന്നുമില്ല. ചെലവു ചുരുക്കാനെന്നപേരില്‍ പ്രധാനമന്ത്രിയുടെ ആഡംബര വസതി ഒഴിവാക്കി സൈനിക സെക്രട്ടറിയുടെ മൂന്നു മുറികളുള്ള വീട്ടിലേയ്ക്കു താമസം മാറ്റുകയാണു പുതിയ പ്രധാനമന്ത്രിയെന്ന പ്രചാരണം പാക് ജനതയെ തെറ്റിദ്ധരിപ്പിക്കാനാണ്.

ആഡംബര പ്രിയനായ മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ പ്രധാനമന്ത്രിയുടെ ആഡംബരപൂര്‍ണമായ ജീവിതവും സുഖ സൗകര്യങ്ങളും ഒഴിവാക്കുമെന്ന് വിശ്വസിക്കാനാവില്ല.

സൈനിക സെക്രട്ടറിയുടെ മൂന്നുമുറി വീട്ടിലേയ്ക്കു മാറിയിട്ടുണ്ടെങ്കില്‍ അതു സൈനികനേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദ്ദേശത്തെതുടര്‍ന്നായിരിക്കണം. സൈന്യത്തിന്റെ കൈയിലെ പാവയാണ് ഇമ്രാന്‍ഖാനെന്ന പ്രതിപക്ഷ ആരോപണം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് ഈ വീട് മാറ്റം. ഇത്തരമൊരവസരത്തില്‍ പാകിസ്താനില്‍ നിന്നു സൗഹാര്‍ദത്തിന്റെ കരങ്ങള്‍ നീണ്ടുവരുമെന്ന് എങ്ങനെയാണു വിശ്വസിക്കുക.

കശ്മീരില്‍ പാക് പട്ടാളം നടത്തികൊണ്ടിരിക്കുന്ന പ്രകോപനങ്ങള്‍ വര്‍ധിക്കാനാണു സാധ്യത. ഈ സംഘര്‍ഷം അവസാനിക്കാതെ ഇന്ത്യാ പാക് ബന്ധത്തിലെ മഞ്ഞുരുക്കം സംഭവിക്കില്ല. പാകിസ്താനോടു പകരം ചോദിക്കുമ്പോള്‍തന്നെ കശ്മിരി ജനതയോടു നീതിപൂര്‍വമായി പ്രവര്‍ത്തിക്കാനും ഇന്ത്യക്കു കഴിയേണ്ടതുണ്ട്. എന്നാല്‍, മാത്രമേ പാക് പ്രകോപനങ്ങളെ ശാശ്വതമായി അവസാനിപ്പിക്കാനാകൂ.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.