2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സൗഹാര്‍ദത്തിന്റെ സന്ദേശമായി ക്ഷേത്രക്കവാട സമര്‍പ്പണത്തിന് പള്ളി കമ്മിറ്റി വക പായസ വിതരണം

ഉള്ളിയേരി: ക്ഷേത്ര കവാട സമര്‍പ്പണത്തിന് പള്ളി കമ്മിറ്റി വക പായസ വിതരണം. ഉള്ളിയേരി ചാലപ്പറ്റ മഹാശിവക്ഷേത്രം കവാട സമര്‍പ്പണത്തിലാണ് ഇവിടെയെത്തിയ ഭക്തര്‍ക്ക് മാമ്പൊയില്‍ പള്ളിക്കമ്മിറ്റി വക പായസ വിതരണം നടത്തിയത്. പള്ളിക്ക് സമീപത്താണ് ക്ഷേത്ര കവാടം നിര്‍മിച്ചിരിക്കുന്നത്. കവാടം സമര്‍പ്പണത്തിനായി നിരവധി ഭക്തര്‍ എത്തിയിരുന്നു. പായസ വിതരണം തങ്ങളുടെ വകയാണെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ നേരത്തേ തന്നെ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നു. ഇതിനായി പള്ളിമുറ്റത്തുതന്നെ സൗകര്യവും ഏര്‍പ്പെടുത്തിയപ്പോള്‍ അത് മതസൗഹാര്‍ദത്തിന്റെ വേറിട്ട കാഴ്ചയായി.
പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്ര കവാടവും ക്ഷേത്രക്കുള സമര്‍പ്പണവും നടന്നത്. കവാടം സമര്‍പ്പണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. പിന്നീട് ക്ഷേത്രകവാടത്തില്‍ നിന്ന് അദ്ദേഹത്തെ താലപ്പൊലിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രക്കുളം സമര്‍പ്പണം രാജീവന്‍ മൊടക്കല്ലൂര്‍ നിര്‍വഹിച്ചു. ക്ഷേത്രത്തിന്റെ പരിശുദ്ധിയും കര്‍മങ്ങളും കൃത്യമായി നിര്‍വഹിക്കപ്പെടുന്നതിന്റെ ഭാഗമായാണ് ഏറെ ശ്രദ്ധേയമായ വിധത്തില്‍ ക്ഷേത്രക്കുളം നിര്‍മിച്ചിരിക്കുന്നത്.
കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ കെ. ബാലന്‍ അധ്യക്ഷനായി. പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍ വി.എം അജീഷ് പ്രസാദ് നമ്പീശന്‍ കോട്ടൂര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News