2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സൗമ്യസാന്നിധ്യമായി ബാബുപോള്‍

നവാസ് പൂനൂര്‍ 8589984455

 

 

മലയാറ്റൂര്‍ രാമകൃഷ്ണനെപ്പോലെ സിവില്‍ സര്‍വിസ് മേഖലക്കപ്പുറത്തൊരു വിശാലമായ ലോകം സ്വന്തമാക്കിയ പ്രതിഭാധനനായിരുന്നു ഡോക്ടര്‍ ഡി. ബാബുപോള്‍. സുപ്രഭാതം പത്രത്തിന്റെ തുടക്കത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. കത്തെഴുതി അറിയിച്ചിരുന്നുവെന്നാണു വിശ്വാസം. അദ്ദേഹത്തിനു കത്തു കിട്ടിയില്ലെന്നു ബോധ്യമായതു മാസങ്ങള്‍ കഴിഞ്ഞാണ്. കത്തു കിട്ടിയിരുന്നെങ്കില്‍ കൃത്യമായി മറുപടി അയക്കുന്ന ശീലം ബാബുപോളിനുണ്ട്.
തിരുവനന്തപുരത്തെ സുപ്രഭാതം യൂനിറ്റ് മേധാവികളായ ഫൈസല്‍ കോങ്ങാട്, അന്‍സാര്‍ എന്നിവര്‍ പലപ്പോഴും ബന്ധപ്പെടുകയും സുപ്രഭാതത്തിന് എന്തെങ്കിലും എഴുതണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അങ്ങനെയൊരു പത്രമുണ്ടോ. അതു സായാഹ്നപത്രമാണോ എന്നൊക്കെ അദ്ദേഹം ചോദിച്ചുവത്രേ. അതു കേട്ടപ്പോള്‍ അദ്ദേഹത്തിനു കത്തു കിട്ടിയില്ലെന്നു ബോധ്യമായി. അദ്ദേഹത്തിന്റെ പരാമര്‍ശം എന്നെ വേദനിപ്പിക്കുകയും ചെയ്തു.
ഞാന്‍ ഫോണ്‍ ചെയ്തു. എന്റെ അഭ്യര്‍ഥന മാനിച്ചാവും അദ്ദേഹം ലേഖനമെഴുതി. അതു പ്രസിദ്ധീകരിച്ച ദിവസം വൈകുന്നേരം അദ്ദേഹം എന്നെ വിളിച്ചു, ‘ഈ ചതി എന്നോടു വേണ്ടായിരുന്നു’വെന്നു പറഞ്ഞു.

ലേഖനം എഡിറ്റ് ചെയ്തപ്പോള്‍ എന്തെങ്കിലും അബദ്ധം സംഭവിച്ചോ എന്നായിരുന്നു എന്റെ പേടി. അദ്ദേഹം പറഞ്ഞു: ”ഇന്ന് ഒരു സൈ്വര്യവും കിട്ടിയിട്ടില്ല. എഴുതാനും വായിക്കാനും പറ്റിയില്ല. രാവിലെ മുതല്‍ ഫോണ്‍ വിളിയുടെ ബഹളമായിരുന്നു. നിങ്ങളുടെ പത്രത്തിന് ഇത്ര വലിയ ജനപിന്തുണയുണ്ടെന്ന് അറിഞ്ഞില്ല.”
‘സുപ്രഭാത’ത്തില്‍ ലേഖനത്തോടൊപ്പം ലേഖകന്റെ ഫോണ്‍ നമ്പര്‍ കൊടുക്കുന്ന പതിവുണ്ട്. ലേഖനം വായനക്കാരെ ആകര്‍ഷിച്ചു, അവര്‍ ആ സന്തോഷം ബാബുപോളിനെ ഫോണില്‍ വിളിച്ചു പ്രകടിപ്പിക്കുകയും ചെയ്തു. അവ അദ്ദേഹത്തിന്റെ സമയം ഏറെ കവര്‍ന്നെടുത്തെങ്കിലും പൂര്‍ണാര്‍ഥത്തില്‍ സുപ്രഭാതമെന്തെന്ന് അദ്ദേഹത്തിനു തിരിച്ചറിയാനായി. അതില്‍ പിന്നെ ഇടയ്‌ക്കൊക്കെ അദ്ദേഹം ബന്ധപ്പെടുമായിരുന്നു. ആലോചനാമൃതമെന്ന പേരില്‍ ഒരു പംക്തി തുടങ്ങാമെന്നു പറഞ്ഞിരുന്നു. ഓരോരോ തിരക്കുകള്‍ കൊണ്ട് പംക്തി തുടങ്ങാനായില്ല.

ബാബുപോളുമായുള്ള ബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബാബുപോളിന് എന്നെ പരിചയപ്പെടുത്തിയത് മറ്റാരുമല്ല, അദ്ദേഹത്തിന്റെ ഭാര്യ നിര്‍മ്മല ബാബുപോളായിരുന്നു. മഹിളാചന്ദ്രികയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയുമായി തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ വച്ച് സംസാരിച്ചിരുന്നു. പാചകം എഴുതിത്തുടങ്ങുന്നതിനെക്കുറിച്ചു പറയാനാണു പോയതെങ്കിലും സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവരുടെ കഥ സംഭവബഹുലമാണെന്നു ബോധ്യമാവുകയും അതു വായനക്കാരെ അറിയിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു.

അവരെക്കുറിച്ച് എഴുതി. അതോടൊപ്പം പ്രസിദ്ധീകരിക്കുന്നതിന് അപൂര്‍വമായ ചിത്രങ്ങളും ആല്‍ബത്തില്‍ നിന്നും മറ്റും എടുത്തു തന്നിരുന്നു. പ്രസിദ്ധീകരിച്ച ശേഷം, എന്തോ അശ്രദ്ധ എന്നു പറയട്ടെ, ആ ചിത്രങ്ങളൊന്നും തിരിച്ചു കൊടുക്കാന്‍ പറ്റിയില്ല. അതു വലിയ പ്രയാസമുണ്ടാക്കി, പിന്നെ അദ്ദേഹത്തെ ബന്ധപ്പെടല്‍ വിരളമായി. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചു തിരുവനന്തപുരത്തു വരുമ്പോള്‍ കാണണമെന്നു പറഞ്ഞു.
ഫോട്ടോ തിരിച്ചു കൊടുക്കാന്‍ കഴിയാത്ത മനഃപ്രയാസമുണ്ടെങ്കിലും കവടിയാറിലെ വീട്ടില്‍ പോയി. പക്ഷേ, ബാബു പോളോ ഭാര്യയോ എനിക്കു തന്ന അപൂര്‍വചിത്രങ്ങളെക്കുറിച്ചു ചോദിച്ചില്ല. മനഃസാക്ഷിക്കുത്ത് മൂലം ഞാന്‍ പറഞ്ഞു : ‘ഫോട്ടോസ് ഞാന്‍ എവിടെയോ മിസ് ചെയ്തു. എങ്ങനെയെങ്കിലും കണ്ടുപിടിക്കാം.’
രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോള്‍ നിര്‍മ്മല ബാബുപോള്‍ മരണപ്പെട്ടു. അന്നും അവിടെ പോയി , നല്ല തിരക്കുണ്ടായെങ്കിലും ബാബുപോള്‍ എന്നോടു ചോദിച്ചു, ‘തിരുവനന്തപുരത്തുണ്ടായിരുന്നോ.’എന്ന്. ‘ഇല്ല, ഇതിനുവേണ്ടി മാത്രം വന്നതാണെ’ന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു വലിയസന്തോഷമായി. അവരുടെ ചിത്രങ്ങള്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്തതില്‍ എനിക്ക് നല്ല പ്രയാസമുണ്ടായി.

ബാബുപോള്‍ മരിച്ചപ്പോള്‍ പോകാനായില്ല. നമ്മള്‍ തമാശയായി പറയാറില്ലേ, ‘ഇനി പോയിട്ടെന്തു കാര്യം. അദ്ദേഹം കാണില്ലല്ലോ’യെന്ന്. നിര്‍മ്മല ബാബുപോള്‍ മരിച്ചശേഷവും രണ്ടോ മൂന്നോ ലക്കത്തില്‍ അവരുടെ പാചകക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍പ്പിന്നെ തിരുവനന്തപുരത്ത് അവരുടെ വസതിയില്‍ പോയിട്ടില്ല. ബാബുപോള്‍ സാറിനെ പലപ്പോഴും പല ചടങ്ങുകളിലും കണ്ടുമുട്ടും അപൂര്‍വമായി ചിലപ്പോള്‍ ഫോണില്‍ ബന്ധപ്പെടും.
അഞ്ചാറുമാസം മുമ്പ് എന്തോ തിരഞ്ഞപ്പോള്‍ 20 കൊല്ലം മുമ്പു കാണാതായ ബാബുപോള്‍ കുടുംബത്തിന്റെ ചിത്രങ്ങള്‍ കിട്ടി. ഉടനെ അദ്ദേഹത്തെ വിളിച്ചു വിവരം പറഞ്ഞു. തിരുവനന്തപുരത്തു വരുമ്പോള്‍ കൊണ്ടുവരാമെന്ന് അറിയിച്ചു. അദ്ദേഹത്തിനും സന്തോഷമായി. എങ്കിലും തിരുവനന്തപുരത്തു പോകാന്‍ കാത്തുനിന്നില്ല. കൊറിയര്‍ വഴി തിരുവനന്തപുരം ഓഫിസില്‍ എത്തിക്കുകയും അവിടെനിന്നു ചിത്രങ്ങള്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കുകയും ചെയ്തു.
ഏറെ സൗമ്യനും സ്‌നേഹസമ്പന്നനുമായിരുന്നു ബാബുപോള്‍. സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞു സിവില്‍ സര്‍വിസിലെത്തുകയും സബ്കലക്ടറില്‍ നിന്നു ചീഫ് സെക്രട്ടറി റാങ്ക് വരെ ഉയരുകയും ചെയ്തു അദ്ദേഹം. അപ്രധാനമായ വകുപ്പുകളിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭ കണ്ടെത്തി അന്നു മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഇടുക്കി കലക്ടറാക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയത് അദ്ദേഹത്തിന്റെ വലിയ നേട്ടമായി. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. എഴുത്തിലും പ്രസംഗത്തിലും എല്ലാം സ്വന്തമായ ശൈലിയുണ്ടായിരുന്നു. ഏറെ ഹൃദ്യവും ആകര്‍ഷകവുമായിരുന്നു അത്. സ്വന്തം കാഴ്ചപ്പാടുകളും വീക്ഷണങ്ങളും എവിടെയും തുറന്നുപറയാന്‍ മടിച്ചില്ല. പക്ഷേ ,ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.
ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്, ഗതാഗതം തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ സെക്രട്ടറി സ്ഥാനത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗതാഗത കമ്മിഷണറായും സേവനം ചെയ്തു. വിദ്യാഭ്യാസ സെക്രട്ടറി, ടൂറിസം സെക്രട്ടറി എന്നീ നിലകളില്‍ മികച്ച സംഭാവനകളുണ്ടായി. ഇതിനൊക്കെ സിവില്‍ എന്‍ജിനീയറിങ് ബിരുദം വലിയ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. 38 ഓളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. ഏറെ വായനാസുഖമുള്ളതാണ് പുസ്തകങ്ങളെല്ലാം. ഒറ്റയിരിപ്പില്‍ വായിച്ചുപോകുന്ന ശൈലി മധുരമുള്ളതാണ്. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് സമകാലിക സംഭവങ്ങള്‍ അവതരിപ്പിച്ച പത്രപംക്തികളും ഏറെ ശ്രദ്ധേയമായിരുന്നു. അത്തരമൊരു വിലപ്പെട്ട പംക്തിയാണ് സുപ്രഭാതത്തിന് കിട്ടാതെ പോയത്.

മനസും ശരീരവും ഒരുപോലെ സുന്ദരമായിരിക്കണം എന്ന് നിര്‍ബന്ധമുള്ള ബാബുപോള്‍ ജോലിത്തിരക്കിനിടയില്‍ എങ്ങനെ എഴുതാന്‍ സമയം കിട്ടുന്നു എന്ന് ചിരിച്ചുകൊണ്ട് പറയും ‘എല്ലാമനുഷ്യരേയും പോലെ ദൈവം എനിക്കും 24 മണിക്കൂര്‍ സമയം തന്നിട്ടുണ്ട്. ആ സമയം ഞാന്‍ ഫലപ്രദമായി ഉപയോഗിക്കുന്നു’.
എല്ലാവരിലും നന്മ കണ്ടെത്താനാണു ബാബുപോള്‍ ശ്രമിച്ചത്. ഒരുപാട് മുഖ്യമന്ത്രിമാരോട് ഇടപഴകാന്‍ അവസരമുണ്ടായിട്ടുണ്ട്. സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, പി.കെ വാസുദേവന്‍നായര്‍, സി.എച്ച് മുഹമ്മദ് കോയ, ഇ.കെ നായനാര്‍ എന്നിവരോടെല്ലാം ഏറെ അടുപ്പം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവരെക്കുറിച്ചൊക്കെ വാതോരാതെ പറയാനും എഴുതാനും അദ്ദേഹം ആവേശം കാണിച്ചിട്ടുണ്ട്. ഇവരെല്ലാം വ്യത്യസ്തമായ നിലകളില്‍ വളരെയേറെ കഴിവുള്ളവരായിരുന്നു.
ഇ.കെ നായനാരുടെ നര്‍മ്മബോധവും അച്യുതമേനോന്റെ ബുദ്ധിശക്തിയും സി.എച്ചിന്റെ സത്യസന്ധതയും കരുണാകരന്റെ ആജ്ഞാശക്തിയും എടുത്തുപറയേണ്ടതാണെന്നു ബാബുപോള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കെ.ആര്‍ ഗൗരി, ടി.വി തോമസ്, എം.എന്‍ ഗോവിന്ദന്‍ നായര്‍, കെ.എം മാണി, പി.എസ് ശ്രീനിവാസന്‍ തുടങ്ങിയവരുടെ കീഴിലാണു ജോലി ചെയ്തത്. ഇവരെല്ലാവരും ഒന്നിനൊന്നു മികച്ച മന്ത്രിമാരായിരുന്നു. കെ. കരുണാകരന്റെ ആശ്രിത വാത്സല്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
കരുണാകരനെക്കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെ:

‘ഹെഡ്മാസ്റ്ററായിരുന്ന അച്ഛനോട് കരുണാകരന്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്കു വരുമ്പോള്‍ ഒരുപാടു രാത്രികളില്‍ കരുണാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലരും വീട്ടില്‍ അന്തിയുറങ്ങിയിട്ടുണ്ട്. കരുണാകരനു വേണ്ടി കട്ടില്‍ ഒഴിഞ്ഞു കൊടുക്കുകയും കുട്ടിയായിരുന്ന താന്‍ നിലത്തു വിരിച്ചു കിടക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ ഈ ബന്ധം വിട്ടുപോയി. 1971ല്‍ ആഭ്യന്തര മന്ത്രിയായിരിക്കെ അച്ഛനെ കാണാന്‍ വീട്ടില്‍ കയറി. മക്കളെ കുറിച്ചു ചോദിച്ചപ്പോള്‍ ഒരാള്‍ കോട്ടയം കലക്ടറാണെന്ന് പറഞ്ഞു. അതിന് ശേഷം കോട്ടയത്ത് ആദ്യമെത്തിയപ്പോള്‍ അദ്ദേഹം വിളിപ്പിച്ചു. നേരില്‍ കണ്ടു. അതില്‍ പിന്നെ ഈ ഒരു വാത്സല്യം അദ്ദേഹം എന്നും കാണിച്ചിരുന്നു. ചീഫ് സെക്രട്ടറിയുമായി ഉണ്ടായിരുന്ന ചില പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹത്തെ മുട്ടുകുത്തിക്കാന്‍ എനിക്ക് കഴിഞ്ഞതും കരുണാകരന്റെ ശക്തമായ പിന്തുണ കൊണ്ടായിരുന്നു.’

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.