
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി രവി കപൂറിന്റെ ജാമ്യം സുപ്രിംകോടതി തടഞ്ഞു.
മറ്റൊരു കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇയാള്‍ക്കു നല്കിയ ജാമ്യം നാളെവരെയാണ് സുപ്രിംകോടതി തടഞ്ഞുവച്ചത്. ഇയാള്‍ മറ്റു രണ്ടു കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണെന്നു കാട്ടി ഡല്‍ഹി പൊലിസ് നല്കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. കഴിഞ്ഞദിവസമാണു ഹൈക്കോടതി പ്രതിക്കു 15 ദിവസത്തെക്ക് ജാമ്യം അനുവദിച്ചത്.
എന്നാല്‍ പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടന്നും ഇതു സൗമ്യ വധക്കേസ് വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലിസ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഹൈക്കോടതി ജാമ്യം നല്കിയ രവികപൂറിനെ തടവില്‍ നിന്നു വിട്ടയക്കണോയെന്നു നാളെ തീരുമാനിക്കും.
2008 സെപ്റ്റംബറില്‍ പുലര്‍ച്ചെയാണ് സൗമ്യ വിശ്വനാഥന് ജോലികഴിഞ്ഞു ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെ വെടിയേറ്റു കൊല്ലപ്പെട്ടത്.