2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

സൗന്ദര്യക്കാഴ്ചയായി ധര്‍മടം തുരുത്ത്

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തുരുത്തും കടല്‍കാഴ്ചകളും ആസ്വദിക്കാവുന്ന രീതിയിലുള്ള ടൂറിസം ഫെസിലിറ്റി സെന്റര്‍, മനോഹരമായ കോട്ടേജ്, റിസപ്ഷന്‍ ഹാള്‍, റെയിന്‍ ഷെല്‍ട്ടര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്

 

കബീര്‍ അണിയാരം

തലശ്ശേരി: വശ്യസൗന്ദര്യത്തിന്റെ നേര്‍ക്കാഴ്ചയായി ധര്‍മടം തുരുത്ത്. തുരുത്തില്‍ തിങ്ങി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും പാറക്കെട്ടുകളും ഉത്തരമലബാറിന്റെ കടലോര സൗന്ദര്യം വിളിച്ചറിയിക്കുന്നു. തലശ്ശേരി നഗരത്തില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ധര്‍മടം തുരുത്ത് അറബിക്കടലിന്റെ മടിയിലേക്ക് ഊര്‍ന്നുകിടക്കുന്ന മനോഹര കാഴ്ചകൂടിയാണ്. ഏകാന്തതയുള്ള പകലുകളും നിലാവുള്ള രാത്രിയുമാണു നദികളും കടല്‍ത്തീരവും അതിര്‍ത്തികളാകുന്ന ധര്‍മടം തുരുത്തിന്റെ

പ്രത്യേകത. കേരവൃക്ഷങ്ങള്‍ കൊണ്ട് നിപുടമായ തുരുത്ത് മൂന്നുദിക്കില്‍ പുഴയും പടിഞ്ഞാറുഭാഗം കടലുമായി നിലക്കൊള്ളുന്നതാണ്. കാറ്റാടി മരങ്ങള്‍ തണല്‍ വീശുന്ന കടപ്പുറത്ത് നിന്നുള്ള ദൃശ്യമാണ് ആരെയും കൊതിപ്പിക്കുന്നത്. ധര്‍മപട്ടണം, തുരുത്ത് ധര്‍മ, പച്ചതുരുത്ത് എന്നീ നാമങ്ങളിലും ഇവിടം അറിയപ്പെട്ടിരുന്നു. ആറു ഹെക്ടറോളം വിസ്തീര്‍ണമുള്ള ദ്വീപ് കടല്‍തീരത്ത് നിന്നു 150 മീറ്റര്‍ അകലെയാണു സ്ഥിതിചെയ്യുന്നത്. തെങ്ങിന്‍ തോപ്പുകളും ഇടതിങ്ങിയ ഔഷധ ചെടികളും നിറഞ്ഞ ദ്വീപ് മുഴപ്പിലങ്ങാട് ബീച്ചില്‍നിന്നു ദൃശ്യമാവും. തുരുത്തില്‍ ഒരുകാലത്ത് ആള്‍താമസമുള്ളതിനു ബാക്കിപത്രമെന്നോളം ഒരു ശുദ്ധജല കിണറും വീടിന്റെ അവശിഷ്ടങ്ങളുമുണ്ട്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കരയില്‍നിന്നു വേര്‍പെട്ടു പോയതാണ് ഈ സ്ഥലമെന്നാണു വിശ്വാസം. സ്വകാര്യ സ്വത്തായിരുന്ന ഈ ദ്വീപ് പിന്നീടു സര്‍ക്കാര്‍ ഏറ്റെടുത്തെന്നും മുന്‍പ് ധര്‍മപട്ടണം എന്നറിയപ്പെട്ടിരുന്ന ധര്‍മടം ബുദ്ധമത കേന്ദ്രമായിരുന്നെന്നും ഇവിടെയുള്ളവര്‍ പറയുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തുരുത്തും കടല്‍കാഴ്ചകളും ആസ്വദിക്കാവുന്ന രീതിയിലുള്ള ടൂറിസം ഫെസിലിറ്റി സെന്റര്‍, മനോഹരമായ കോട്ടേജ്, റിസപ്ഷന്‍ ഹാള്‍, റെയിന്‍ ഷെല്‍ട്ടര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. വേലിയിറക്ക സമയത്ത് ദ്വീപിലേക്കു കടലിലൂടെ നടന്നുപോകാന്‍ സാധിക്കുംവിധം വെള്ളമിറങ്ങും. കടലിന്റെ സ്വഭാവത്തെക്കുറിച്ച് നന്നായി മനസിലായില്ലെങ്കില്‍ തുരുത്തില്‍ കുടുങ്ങാനുള്ള സാധ്യതയുമുണ്ട്.
കടല്‍ ഉള്‍വലിഞ്ഞ സമയത്ത് തുരുത്തിലേക്കു നടക്കാന്‍ തുടങ്ങിയവര്‍ അപകടത്തില്‍പെട്ട സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. തുരുത്തിന്റെ വികസനത്തിനായി പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാം കടലാസുകളില്‍ ഒതുങ്ങി. സുരക്ഷാ ഗാര്‍ഡുകളുടെ അഭാവവും വലിയ പോരായ്മയാണ്. കരയില്‍നിന്ന് തുരുത്തിലേക്കു തൂക്കുപാലവും ബോട്ട് സര്‍വിസും ആരംഭിച്ചാല്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. തന്റെ മണ്ഡലത്തില്‍പെട്ട ധര്‍മടം തുരുത്തിനെ മുഴപ്പിലങ്ങാട് ബീച്ചുമായി ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.