2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സ്‌റ്റേഡിയം നിര്‍മാണത്തിനിടെ ഇന്ത്യന്‍ തൊഴിലാളി മരിച്ചത് ഹൃദഘാതം മൂലം; അന്വേഷണം നടത്തുമെന്നു ലോകകപ്പ് സുപ്രിം കമ്മിറ്റി

സാദിഖ് വാണിമേല്‍

ദോഹ: ഖത്തറില്‍ ലോകകപ്പ് സ്‌റ്റേഡിയം നിര്‍മാണത്തിനിടെ ഇന്ത്യക്കാരനായ തൊഴിലാളി മരണപ്പെട്ടത് ഹൃദായാഘാതം മൂലമാണെന്ന് ലോകകപ്പ് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അധികൃതര്‍ അറിയിച്ചു. അല്‍ ഖോറിലെ അല്‍ ബയ്ത് സ്‌റ്റേഡിയം നിര്‍മാണത്തിനിടെയാണ് ജലേശ്വര്‍ പ്രസാദ് (48) എന്ന ഇന്ത്യക്കാരന്‍ കഴിഞ്ഞ ആഴ്ച്ച മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അല്‍ ഖോര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചതായും മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അല്‍ ബയ്ത് സ്‌റ്റേഡിയം നിര്‍മാണത്തില്‍ സ്റ്റീല്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു ജലേശ്വര്‍ പ്രസാദ്. തൊഴിലിടത്തില്‍ മരണപ്പെട്ടെന്ന രീതിയില്‍ റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുളള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധാഴ്ച രാവിലെ 9.30ഓടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ ജലേശ്വര്‍ പ്രസാദിനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ആംബുലന്‍സില്‍ അല്‍ ഖോര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 11.30 ഓടെ മരണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ മരണവിവരം അറിയിച്ചതായും അവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും സുപ്രിം കമ്മിറ്റി അറിയിച്ചു. അതോടൊപ്പം എല്ലാ തരത്തിലുള്ള പിന്തുണയും സുപ്രിം കമ്മിറ്റി കുടുംബത്തിനു വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫെബ്രുവരിയിലെ കണക്കുകള്‍ അനുസരിച്ച് ഖത്തറില്‍ നിര്‍മാണം നടക്കുന്ന അഞ്ച് സ്‌റ്റേഡിയങ്ങള്‍ക്കായി 4,000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഈ സ്ഥലങ്ങളിലൊന്നും ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടില്ല. എന്നാല്‍, ഹൃദയാഘാതം മൂലം മരണപ്പെടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ജലേശ്വര്‍ പ്രസാദെന്ന് പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിയില്‍ പുറത്തുവിട്ട സുപ്രിം കമ്മിറ്റിയുടെ വെല്‍ഫയര്‍ റിപ്പോര്‍ട്ട് പ്രകാരം ഖലീഫ സ്‌റ്റേഡിയത്തിലെ പെയിന്റിങ് തൊഴിലാളി ഹൃദയാഘാതംമൂലം മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു സംഭവം. ഉച്ചഭക്ഷണ സമയത്ത് നെഞ്ചു വേദന അനുഭവപ്പെട്ട 52 വയസുള്ള തൊഴിലാളി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ജനുവരിയില്‍ 55 വയസുള്ള ട്രക്ക് ഡ്രൈവറും താമസസ്ഥലത്ത് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.

അതേസമയം, ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണ സ്ഥലങ്ങളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ചില മാധ്യമങ്ങള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രചരണം നടത്തുന്നുണ്ട്. സ്വാഭാവിക മരണങ്ങളെപോലും തൊഴിലിടങ്ങളിലെ മരണമായാണ് ഇത്തരം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. 2022 ലെ ലോക കപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും കര്‍ശന നിരീക്ഷണത്തിലാണ് മുന്നോട്ട് പോകുന്നതെന്നും എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതായും സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ലോകകപ്പിന് ആദിത്യമരുളുന്ന ആദ്യ അറബ് ഇസ്‌ലാമിക രാജ്യമെന്ന നിലയില്‍ പല വെല്ലുവിളികളെയും രാജ്യം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News