2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

സ്‌പെയിനില്‍ വന്‍ വലതുപക്ഷ റാലി

 

മാഡ്രിഡ്: സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ രാജി ആവശ്യപ്പെട്ട് സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിപക്ഷ റാലി. തീവ്ര വലതുപക്ഷ കക്ഷികളുടെ നേതൃത്വത്തിലാണ് തലസ്ഥാന നഗരത്തെ പിടിച്ചുകുലുക്കിയ പ്രകടനം നടന്നത്. കാറ്റലോണിയയുമായുള്ള സംഘര്‍ഷം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി സംഘടിപ്പിച്ചത്.

കാറ്റലോണിയ വിഘടനവാദികളുമായി അനുരഞ്ജന ചര്‍ച്ച നടത്താനുള്ള പെഡ്രോ സാഞ്ചസിന്റെ നീക്കം രാജ്യദ്രോഹവും രാഷ്ട്രവഞ്ചനയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഘടനവാദികളുമായി വട്ടമേശ ചര്‍ച്ച നടത്താനായി പ്രത്യേക പ്രതിനിധിയെ നിയമിക്കാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ഇക്കാര്യം വിഘടനവാദികള്‍ നിരസിച്ചിട്ടുണ്ട്. പുതിയ സ്വതന്ത്ര വോട്ടെടുപ്പാണ് തങ്ങള്‍ക്ക് വേണ്ടതെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍, വലതുപക്ഷ കക്ഷികളെ പോലെ തന്നെ ഭരണകക്ഷിയായ സോഷ്യലിസ്റ്റുകളും കാറ്റലന്‍ സ്വാതന്ത്ര്യത്തിന് എതിരാണ്.

മധ്യ വലതുപക്ഷ കക്ഷിയായ പോപുലര്‍ പാര്‍ട്ടി (പി.പി), സിറ്റിസണ്‍സ് പാര്‍ട്ടി, വോക്‌സ് പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. രാജ്യത്തെ വഞ്ചിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും ഇതിനാല്‍ 2020ലേക്ക് നിശ്ചയിച്ച തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. മാഡ്രിഡിലെ കോളന്‍ ചത്വരമടക്കം പ്രധാന തെരുവീഥികളെല്ലാം ഇന്നലെ സമരക്കാര്‍ കീഴടക്കിയിരുന്നു. 45,000ത്തോളം പേര്‍ റാലിയില്‍ പങ്കെടുത്തെന്നാണ് പൊലിസ് കണക്ക്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.