2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സ്‌പെയിനിന് ഷോക്ക്

പാരിസ്: യൂറോ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനിന് അടിതെറ്റി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ക്രൊയേഷ്യയോടാണ് സ്‌പെയിന്‍ തോറ്റത്. 12 വര്‍ഷത്തിന് ശേഷമാണ് സ്‌പെയിന്‍ യൂറോ കപ്പില്‍ പരാജയം രുചിക്കുന്നത്. 2008ലും 2012ലും പരാജയമറിയാതെയാണ് സ്‌പെയിന്‍ കിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു സ്‌പെയിനിന്റെ തോല്‍വി. നിര്‍ണായക സമയത്ത് സെര്‍ജിയോ റാമോസ് പെനാല്‍റ്റി തുലച്ചതും ടീമിന് തിരിച്ചടിയായി.

ജയത്തോടെ മൂന്നു കളിയില്‍ നിന്ന് ഏഴു പോയിന്റോടെ ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. സ്‌പെയിന്‍ മൂന്നു കളിയില്‍ നിന്ന് ആറു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി. പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലിയാണ് സ്പാനിഷ് ടീമിന് എതിരാളി. കാണികളുടെ ആക്രമണത്തെ തുടര്‍ന്ന് ക്രൊയേഷ്യന്‍ കാണികള്‍ക്ക് പ്രത്യേകം കവചമൊരുക്കിയിരുന്നു പൊലിസ്. മത്സരത്തിനിറങ്ങും മുന്‍പേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നേറ്റം കൊണ്ട് മികച്ചു നിന്നു. ആല്‍വാരോ മൊറാറ്റയാണ് സ്‌പെയിന്റെ അക്കൗണ്ട് തുറന്നത്. ഏഴാം മിനുട്ടില്‍ സെസ് ഫാബ്രിഗസ് നല്‍കിയ പാസ് മുതലെടുത്താണ് മൊറാറ്റ വല കുലുക്കിയത്.
ഗോള്‍ നേടിയതോടെ സ്‌പെയിന്‍ പിന്നോട്ടടിക്കുന്നതാണ് കണ്ടത്. അവരുടെ മുന്നേറ്റങ്ങളുടെ മൂര്‍ച്ചയും കുറഞ്ഞു. എന്നാല്‍ ക്രൊയേഷ്യ നിരന്തരം നീക്കങ്ങളിലൂടെ ഞെട്ടിച്ച് സ്‌പെയിനിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി. റാമോസിന്റെ പിഴവ് മുതലെടുത്ത് കാലിനിച്ച് തൊടുത്ത ഷോട്ട് ഡി ജിയ സേവ് ചെയ്യുകയായിരുന്നു.
തൊട്ടുപിന്നാലെ ഇവാന്‍ റാക്കിറ്റിച്ചിന്റെ തകര്‍പ്പനൊരു മുന്നേറ്റം ഡി ജിയയെ മറികടന്നെങ്കിലും ഇത്തവണ ജെറാര്‍ഡ് പിക്വെ രക്ഷപ്പെടുത്തി. ഏതു നിമിഷവും ഗോള്‍ വീഴാമെന്ന നിലയിലായിരുന്നു മത്സരം മുന്നോട്ടു പോയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ പെരിസിച്ച് ടീമിന്റെ സമനില ഗോള്‍ നേടി. കലിനിച്ചിന്റെ ക്രോസിലായിരുന്നു പെരിസിച്ചിന്റെ ഗോള്‍. യുവാന്‍ ഫ്രാന്റെ പിഴവും താരത്തിന് ഗുണമായി.
രണ്ടാം പകുതിയില്‍ സ്‌പെയിന്‍ പ്രതിരോധത്തില്‍ കൂടുതല്‍ പിഴവ് വരുത്തി. മാര്‍ക്കോ ജാക്കയുടെ കിക്ക് ഡി ജിയയെ ഭേദിച്ചെങ്കിലും പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ ഡാരിജോ സര്‍നയുടെ ക്രോസും ലക്ഷ്യം കണ്ടില്ല. ഇതിനിടെ വര്‍സാലിജ്‌കോ ഡേവിഡ് സില്‍വയെ വീഴ്ത്തിയതിന് സ്പാനിഷ് ടീമിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ റാമോസ് എടുത്ത കിക്ക് ക്രൊയേഷ്യന്‍ ഗോളി സുബാസിച്ച് തടുത്തിട്ടു. മത്സരം സമനിലയാവുമെന്ന് കരുതിയിരിക്കെ ക്രൊയേഷ്യ ഗോള്‍ നേടി. കലിനിച്ചിന്റെ പാസില്‍ പെരിസിച്ച് തകര്‍പ്പനൊരു ഷോട്ടിലൂടെ ടീമിന്റെ വിജയ ഗോള്‍ നേടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.