2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സ്‌പെയിനിന് വമ്പന്‍ ജയം

 

മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗ് എയില്‍ സ്പാനിഷ് ഗോള്‍മഴ. റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയിന്‍ തങ്ങളുടെ കരുത്ത് തെളിയിച്ചത്. പുതിയ കോച്ച് ലൂയിസ് എന്റിക്വെക്ക് കീഴില്‍ രണ്ടാം മത്സരത്തിനിറങ്ങിയ സ്‌പെയിന്‍ ക്രൊയേഷ്യയെ മൈതാനത്ത് വട്ടംകറക്കി.
ലാലിഗയില്‍ ബാഴ്‌സലോണക്ക് കിരീടം നേടിക്കൊടുത്ത എന്റിക്വെ സ്‌പെയിനിന്റെ പതിവുകളെല്ലാം മാറ്റിയെഴുതുകയാണ്. ടിക്കി ടാക്കയിലൂടെ പതിയെ പതിയെ ഇഴഞ്ഞു നീങ്ങിയിരുന്ന സ്‌പെയിന്‍ എന്റിക്വെക്ക് കീഴില്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവയ്ക്കുന്നത്. എന്റിക്വെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം നാഷന്‍സ് ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ 2-1ന് തകര്‍ത്തിരുന്നു.
സ്‌പെയിനിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരമാണെങ്കിലും ക്രൊയേഷ്യയായിരുന്നു തുടക്കത്തില്‍ ആക്രമണം നടത്തിയത്. നാലാം മിനുട്ടില്‍ സ്‌പെയിന്‍ പ്രതിരോധത്തില്‍ നിന്ന് ലഭിച്ച പന്ത് ബോക്‌സിന് പുറത്ത് നിന്ന് റാക്കിറ്റിച്ച് മിന്നല്‍ ഷോട്ടിലൂടെ ഗോളിലേക്ക് പായിച്ചെങ്കിലും പോസ്റ്റിന് തൊട്ടുവെളിയിലൂടെ പറന്നകന്നു.
24ാം മിനുട്ടില്‍ സൗള്‍ നിഗ്വെസാണ് സ്‌പെയിനിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ബോക്‌സിന്റെ വലതു ഭാഗത്ത്‌നിന്ന് ഡാനി കര്‍വഹാള്‍ നല്‍കിയ പന്ത് ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ താരം വലയിലാക്കുകയായിരുന്നു. 33ാം മിനുട്ടില്‍ ബോക്‌സിന് വെളിയില്‍നിന്ന് തൊടുത്ത മിന്നല്‍ ഷോട്ടിലൂടെ അസെന്‍സിയോ സ്‌പെയിനിന്റെ ലീഡ് രണ്ടാക്കി.
ഒരു ഗോള്‍ അടിച്ചെങ്കിലും 35ാം മിനുട്ടില്‍ അസെന്‍സിയോ വീണ്ടും ക്രൊയേഷ്യന്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കി ഷോട്ടുതിര്‍ത്തു. ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ കലിനിച്ച് മുഴുനീളെ ചാടിയെങ്കിലും അസെന്‍സിയോയുടെ കിക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റിന്റെ വലതു കോര്‍ണറില്‍ തട്ടിയ പന്ത് കലിനിച്ചിന്റെ മുതുകില്‍ തട്ടി വലയില്‍ കയറി.
മൂന്നു ഗോളിന്റെ ലീഡുമായി ആദ്യ പകുതിയില്‍ കളംവിട്ട സ്‌പെയിന്‍ രണ്ടാം പകുതിയിലും മൂന്നെണ്ണം ക്രൊയേഷ്യന്‍ വലയില്‍ കയറ്റി. 49ാം മിനുട്ടില്‍ റോഡ്രിഗോ മൊറേനോ, 57ാം മിനുട്ടില്‍ സെര്‍ജിയോ റാമോസ്, 70ാം മിനുട്ടില്‍ ഇസ്‌കോ എന്നിവരാണ് സ്‌പെയിന്‍ വലകുലുക്കിയത്. ക്രൊയേഷ്യയുടെ എക്കാലത്തയും വലിയ തോല്‍വിയാണിത്. രണ്ടാം ജയത്തോടെ ആറ് പോയിന്റുമായി സ്‌പെയിന്‍ ലീഗ് എയിലെ ഗ്രൂപ്പ് നാലില്‍ ഒന്നാമതാണ്.
മറ്റൊരു മത്സരത്തില്‍ ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരായ ബെല്‍ജിയം ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഐസ്‌ലന്റിനെ തകര്‍ത്തുവിട്ടു. ഇരട്ടഗോളുകള്‍ നേടിയ റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയത്തിന്റെ ഹീറോ. മറ്റൊരു ഗോള്‍ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ വകയായിരുന്നു.
നാഷന്‍സ് ലീഗ് ബിയില്‍ ബോസ്‌നിയ ഹെര്‍സെഗോവിന 1-0ന് ഓസ്ട്രിയയെയും സിയില്‍ ഫിന്‍ലാന്‍ഡ് 1-0ന് എസ്റ്റോണിയയെയും ഹംഗറി 2-1ന് ഗ്രീസിനെയും പരാജയപ്പെടുത്തി. നാഷന്‍സ് ലീഗ് ഡിയിലെ മത്സരത്തില്‍ ലക്‌സംബെര്‍ഗ് 3-0ന് സാന്‍മരിനോയെ തോല്‍പ്പിച്ചു. ബെലാറസ് മാള്‍ഡോവ മത്സരം ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News