2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സ്‌കൂള്‍ മേളകള്‍ ഉണ്ട്; ആര്‍ഭാടമില്ലാതെ

 

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവ ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയത്. കലോത്സവം നടത്താതിരുന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തുടര്‍ന്നാണ് ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താന്‍ ധാരണയായത്.
അതേസമയം ഡെലിഗേറ്റ് ഫീസ് കൂട്ടി അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം നടത്തണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി അനുകൂല മറുപടി നല്‍കിയില്ല.
സ്‌കൂള്‍ കലോത്സവം പ്രാഥമികതലം മുതല്‍ സംസ്ഥാന തലംവരെ നടത്തും. ഏതൊക്കെ ഇനങ്ങള്‍ വേണമെന്നതും എങ്ങനെ ചെലവുകുറച്ച് സംഘടിപ്പിക്കും, എപ്പോള്‍ സംഘടിപ്പിക്കുമെന്നതടക്കമുള്ള തീരുമാനങ്ങള്‍ 17ന് ചേരുന്ന മാന്വല്‍ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും.
പ്രത്യേക സാഹചര്യത്തില്‍ കലോത്സവ നടത്തിപ്പിന് മാന്വലില്‍ ആവശ്യമായ മാറ്റങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന മാന്വല്‍ കമ്മിറ്റി നിശ്ചയിക്കും. നേരത്തെ സംസ്ഥാന കലോത്സവത്തിന് വേദി നിശ്ചയിച്ചത് ആലപ്പുഴയിലാണ്. വേദി മാറ്റുന്ന കാര്യവും മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നത് സംബന്ധിച്ചും സ്‌കൂള്‍ ഓഡിറ്റോറിയങ്ങളില്‍ ആഡംബരമില്ലാതെ നടത്തുന്നതും 17ന് തീരുമാനിക്കും.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ആലപ്പുഴയെ ഒഴിവാക്കി കൂടുതല്‍ സൗകര്യമുള്ള തിരുവനന്തപുരത്തുവച്ച് നടത്തണമോയെന്നും ആലോചനയുണ്ട്. മേളകളൊന്നിലും ആഘോഷങ്ങളുണ്ടാവില്ല. കുട്ടികളുടെ സര്‍ഗശേഷി പ്രകടിപ്പിക്കാനും വിലയിരുത്താനുമുള്ള കലോത്സവ സംവിധാനങ്ങളില്‍ മാറ്റമൊന്നുമുണ്ടാവില്ല. എന്നാല്‍, പന്തല്‍ ഉള്‍പ്പെടെ ചെലവ് വരുന്നതൊന്നും ഉണ്ടാവില്ല. കായിക മേളയ്ക്കാണ് ചെലവ് അധികം വരിക. ഇതിനായി സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ കലോത്സവവും അന്താരാഷ്ട്ര ചലച്ചിത്ര മേളയും നടത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.