
ആലക്കോട്: സ്കൂള്‍ ഗ്രൗണ്ടിലേക്കു ജീപ്പു തലകീഴായി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്കേറ്റു. ചെമ്പന്തൊട്ടി സ്വദേശികളായ മംഗലത്ത് കരോട്ട് ബിന്ധു (42), റോണി(35), വര്‍ഗീസ് (65) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. മണക്കടവ് ഭാഗത്ത് നിന്നു വന്ന കെ.എല്‍ 14 ബി 3434 നമ്പര്‍ ജീപ്പാണ് അപകടത്തില്‍പെട്ടത്. കമ്മ്യൂണിറ്റി ഹാളിനു സമീപം ജീപ്പ് നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് ഗെയിറ്റിനു സമീപത്ത് കൂടി ഗ്രൗണ്ടിലേക്ക് മറിയുകയായിരുന്നു.
ഈ സമയം വിദ്യാര്‍ഥികള്‍ ഓടി മാറിയതിനാലാണു വന്‍ ദുരന്തം ഒഴിവായത്. ജീപ്പ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ജീപ്പിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരാണു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.