2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഹരജി പരിഗണിക്കുന്ന ബെഞ്ചിനെച്ചൊല്ലി തര്‍ക്കം

  • ഹരജി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരായ ഹരജികള്‍ സുപ്രിം കോടതി വീണ്ടും മാറ്റിവച്ചു. തിങ്കളാഴ്ചത്തേതു പോലെതന്നെ ഹരജി പരിഗണിക്കുന്ന ബെഞ്ചിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേസ് ഇന്നത്തേക്കു മാറ്റിവയ്ക്കുന്നതിലെത്തിയത്. ഇന്നലെ കേസ് പരിഗണിക്കാനെടുത്തപ്പോള്‍ ഇതിനു സമാനമായ മൂന്നുകേസുകളില്‍ ചീഫ് ജസ്റ്റിസ് വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാല്‍ ആ വിധിന്യായം കൂടി പരിശോധിക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ)ക്കു വേണ്ടി ഹാജരായ വികാസ് സിങ് ചൂണ്ടിക്കാട്ടി. ഈ കേസുകളില്‍ എം.സി.ഐക്കു ആയിരുന്നു വിജയം. അതിനു പുറമെ ഇതുപോലുള്ള മറ്റു 14 കേസുകളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ച് കേട്ടിട്ടുണ്ടെന്നും എം.സി.ഐ കോടതിയെ അറിയിച്ചു.

എം.സി.ഐയുടെ അഭിഭാഷകന്റെ പരാമര്‍ശം സുപ്രിം കോടതിയില്‍ രൂക്ഷമായ വാഗ്വാദത്തിനും കാരണമായി. കോളജുകള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബലും ദുഷ്യന്ത് ദവെയും രാജീവ് ധവാനുമാണ് ഹാജരായത്. ഈ കേസ് ഇതേ ബെഞ്ച് പരിഗണിക്കരുതെന്ന് എങ്ങനെ പറയാനാവുമെന്നും ഇത് കോടതിയെ അവമതിക്കലാണെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഇതുപോലുള്ള കേസുകള്‍ ചീഫ് ജസ്റ്റിസ് കേട്ടുവരികയാണെന്ന് വികാസ് സിങ് മറുപടി നല്‍കി. ഈസമയം ഇടപെട്ട കപില്‍സിബല്‍, ഇന്നലെ ഈ കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കണമെന്ന് വികാസ് സിങ് ആവശ്യപ്പെട്ടുവെന്നും എന്നാല്‍, ജസ്റ്റിസ് ബോബ്‌ഡെയുടെ ബെഞ്ച് പരിഗണിക്കട്ടെയെന്നാണ് ചീഫ് ജസ്റ്റിസ് നിലപാടെടുത്തതെന്നും പറഞ്ഞു.

ഏതാനും മിനുട്ടുകള്‍ നീണ്ട തുടര്‍തര്‍ക്കത്തിനൊടുവില്‍ ചീഫ് ജസ്റ്റിസിന്റെ മൂന്നു ഉത്തരവുകള്‍കൂടി പരിശോധിക്കാമെന്ന് പറഞ്ഞ് കേസ് ഇന്നത്തേക്കു നീട്ടിവച്ചതായി ജസ്റ്റിസ് ബോബ്‌ഡെ അറിയിച്ചു.
മെഡിക്കല്‍ പ്രവേശനം ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍ കോളജുകള്‍ നല്‍കിയ ഹരജികളാണ് സുപ്രിം കോടതി മുന്‍പാകെയുള്ളത്. മൂന്ന് കോളജുകളിലുമായി പ്രവേശനം നേടിയ 400 വിദ്യാര്‍ഥികളുടെ ഭാവിക്ക് സുപ്രിം കോടതിയുടെ തീരുമാനം നിര്‍ണായകമാണ്.

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.