2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സ്വാശ്രയം: പ്രതിപക്ഷം നടുത്തളത്തില്‍; സഭ സ്തംഭിച്ചു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിലെ പ്രതിഷേധത്തില്‍ നിയമസഭ നിര്‍ത്തിവച്ചു. സ്വാശ്രയ കരാറിനു പിന്നില്‍ തീവെട്ടിക്കൊള്ളയാണെന്ന് ആരോപിച്ചു നടുത്തളത്തില്‍ കുത്തിയിരുന്നു. സഭ നിര്‍ത്തിവച്ച് സ്വാശ്രയ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു. ചോദ്യോത്തരവേളയ്ക്കു ശേഷം പ്രതിപക്ഷത്ത് നിന്ന് വി.എസ്.ശിവകുമാറാണ് സ്വാശ്രയ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ചത്.
മെറിറ്റ് സീറ്റില്‍ 1.85 ലക്ഷമായിരുന്നത് 2.50 ലക്ഷമായി ഉയര്‍ത്തി. മാനേജ്‌മെന്റ് സീറ്റിലും എന്‍.ആര്‍.ഐ സീറ്റിലും സമാനമായി ഫീസ് കൂട്ടി. ഇത്തരം ഫീസ് വര്‍ധന ഒരിടത്തുമില്ലെന്നും ശിവകുമാര്‍ ആരോപിച്ചു.
ഫീസ് വര്‍ധിപ്പിച്ചതില്‍ വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ബുദ്ധിമുട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഫീസ് കൂട്ടിയതിലൂടെ മെറിറ്റ് സീറ്റ് കൂടുതല്‍ കിട്ടിയെന്നും പ്രതിപക്ഷത്തിന് മാത്രമാണ് കരാറില്‍ തൃപ്തിയില്ലാത്തതെന്നും അവര്‍ കുറ്റപ്പെടുത്തി. മാനേജുമെന്റുകളുടെ ആനുകൂല്യം പറ്റുന്നവരാണ് പ്രതിപക്ഷം. പലരുടെയും മക്കള്‍ ഫീസില്ലാതെ സ്വാശ്രയ കോളജുകളില്‍ പഠിക്കുന്നുണ്ട്. ഇവരുടെ പേരുകള്‍ പറയുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ധൈര്യമുണ്ടെങ്കില്‍ അവരുടെ പേരുകള്‍ പറയണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെല്ലുവിളിച്ചു.
100 ശതമാനം സീറ്റിലും സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന അവകാശവാദവുമായി ഭരണത്തിലേറിയവര്‍ ഹൈക്കോടതിയില്‍ സ്വാശ്രയ കേസില്‍ തോറ്റുകൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഈ സമയം പ്രത്യേക ബ്ലോക്കായിരിക്കുന്ന കെ.എം.മാണി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങള്‍ സഭയ്ക്കുള്ളില്‍ തന്നെ സമരം തുടരുമെന്ന് അറിയിച്ചു പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിപ്പു തുടങ്ങി. അതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News