2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രിംകോടതി

 

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട ഐ.പി.സി 377ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഈ വകുപ്പ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. യുക്തിക്ക് യോജിക്കാത്തതും ഏകപക്ഷീയവുമാണ് 377ാം വകുപ്പിലെ ചില വ്യവസ്ഥകളെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. അതേസമയം, പരസ്പര സമ്മതമില്ലാത്ത ലൈംഗികബന്ധവും മൃഗങ്ങളുമായുള്ളതടക്കം മറ്റു ലൈംഗികവേഴ്ചകളും കുറ്റകരമായി തുടരുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഭിന്നലിംഗ സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹരാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. വിധിക്ക് സര്‍ക്കാര്‍ പ്രചാരം നല്‍കണമെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ നിര്‍ദേശിച്ചു. ഇതുവരെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തിയതിന് പൊതുസമൂഹം ഭിന്നലിംഗ സമൂഹത്തോടു മാപ്പു പറയണമെന്ന് സംഘത്തിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടു. ഇവര്‍ക്കു പുറമെ ജസ്റ്റിസുമായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരും ഭരണഘടനാ ബെഞ്ചില്‍ അംഗങ്ങളായിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, നര്‍ത്തകി നവ്‌തേജ് സിങ് ജോഹര്‍, വ്യവസായികളായ അമന്‍ നാഥ് , റിതു ഡാല്‍മിയ തുടങ്ങിയവരാണു സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. വകുപ്പു റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. അതേസമയം, കോടതിക്കു യുക്തമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരും നിലപാടെടുത്തു.
ജീവിക്കാനും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളില്‍ ലൈംഗികാഭിരുചിയേയും ഉള്‍പ്പെടുത്തുന്നതാണ് വിധി. 2009ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃസ്ഥാപിക്കുന്നതിന് തുല്യമാണ് സുപ്രിംകോടതി വിധി. ഹൈക്കോടതി വിധി റദ്ദാക്കിയ 2013 ലെ സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയും ഭരണഘടനാ ബെഞ്ച് വിധിയോടെ പ്രസക്തമല്ലാതായി.
2009ലെ നാസ് ഫൗണ്ടേഷന്‍ വിധിയെ പിന്‍തുടര്‍ന്നാണ് സ്വവര്‍ഗരതി സംബന്ധിച്ച കേസ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് മുന്‍പിലെത്തിയത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി അടക്കം പ്രമുഖ അഭിഭാഷകരാണ് ഹരജിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗ ബന്ധത്തിനാണ് നാസ് ഫൗണ്ടേഷന്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി 2009ല്‍ അംഗീകാരം നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും വിധിച്ചിരുന്നു. സുരേഷ് കുമാര്‍ കൗശല്‍ കേസില്‍ സ്വവര്‍ഗരതി കുറ്റകരമാണെന്ന സുപ്രിംകോടതി രണ്ടംഗബെഞ്ചിന്റെ വിധി ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി.
ഈ വിധിയെതുടര്‍ന്ന് ഐ.പി.സി 377ാം വകുപ്പ് റദ്ദ്‌ചെയ്യണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്നാണ് 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണോയെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.