2018 April 20 Friday
ജീവിതം സുഖകരമാവട്ടെ, വേനല്‍ക്കാലത്തെ പൂക്കളെപോലെ. മരണവും സുന്ദരമാകട്ട, ശരത്കാലത്തെ പഴുത്തിലപോലെ.
-ടാഗോര്‍

സ്വര്‍ണക്കടത്ത്: ഹെടെക് തന്ത്രവുമായി കള്ളക്കടത്ത് സംഘം

കൊണ്ടോട്ടി: നോട്ട് നിരോധനത്തിന് ശേഷം സ്വര്‍ണക്കടത്തിന് പുതിയ തന്ത്രവുമായി കള്ളക്കടത്ത് സംഘത്തിന്റെ ഹെടെക് തന്ത്രം. ഞായറാഴ്ച കരിപ്പുര്‍ വിമാനത്താവളത്തിലും, മംഗളുരു വിമാനത്താവളത്തില്‍ നിന്നും രണ്ട് യാത്രക്കാരില്‍ നിന്ന് പിടിക്കപ്പെട്ട സ്വര്‍ണം ഒളിപ്പിച്ച രീതിയാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ പുതിയ തന്ത്രം കസ്റ്റംസും, പ്രവിന്റീവ് വിഭാഗവും കണ്ടെത്തിയത്.
കരിപ്പൂരില്‍ കോഴിക്കോട് അത്തോളി സ്വദേശി റമീസ് അബ്ദുല്‍ റസാഖ്(28)എന്ന യാത്രക്കാരന്‍ കാര്‍വാഷിങ് യന്ത്രത്തിന്റെ മോട്ടോറിനകത്തും,സാധാരണ പമ്പ് സെറ്റിനകത്തുമായാണ് 3.46കിലോ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. മംഗളുവുരില്‍ കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ കരീം(50)റീചാര്‍ജബിള്‍ എയര്‍കൂളര്‍ ഫാനിന്റെ കോറിനുള്ളില്‍ ഷീറ്റുകളും കമ്പികളുമായാണ് 762 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
രണ്ടു സ്വര്‍ണക്കടത്തിനും വിദഗ്ദ മെക്കാനിക്കുകളുടെ പരിശീലനമാണ് തേടിയുട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.ഇലക്ട്രോണിക് സാധനങ്ങള്‍ക്കുളളില്‍ സ്വര്‍ണം വിദഗ്ദമായി ഒളിപ്പിച്ചു നല്‍കുന്ന സംഘം വിദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബോധ്യമാവുന്നത്.
മോട്ടോറിനകത്തെ സ്റ്റീല്‍ കൊണ്ടുളള സിലന്‍ഡറിനുള്ളില്‍ സ്വര്‍ണം മുറിച്ച് നിക്ഷേപിച്ച രീതിയിലായിരുന്നു.ഇത്തരത്തില്‍ സിലന്‍ഡറിനകത്ത് സ്വര്‍ണം ഒളിപ്പിക്കാന്‍ വിദഗ്ദ മെക്കാനിക്കുകളുടെ പരിശീലനമാണ് എടുത്തിട്ടുളളതെന്ന് കസ്റ്റംസ് പ്രവന്റീവ് വിഭാഗം പറയുന്നു.
കസ്റ്റംസ് തന്നെ മോട്ടോര്‍ അഴിച്ചെടുത്തപ്പോഴും സ്വര്‍ണം കണ്ടെത്തിയിരുന്നില്ല.പിന്നീട് ചെറിയ സിലന്‍ഡര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തപ്പോഴാണ് അകത്ത് സ്വര്‍ണം കണ്ടെത്തിയത്. മോട്ടോറിന്റെ സ്‌പെയര്‍ പാര്‍ട്‌സിനകത്ത് വിദഗ്ദമായി സ്വര്‍ണമൊളിപ്പിക്കുന്ന തന്ത്രം കസ്റ്റംസിനേയും ഞെട്ടിച്ചിരിക്കുകയാണ്.വിദഗ്ദരായ മെക്കാനിക്കുകളുടോയോ,മോട്ടോര്‍ നിര്‍മാണ കമ്പനികളുടേയോ കൈകടത്തിലില്ലാത്തെ മോട്ടോര്‍ പമ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നുത്.
അബൂദബിയില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ ഇത്തിഹാദ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ റമീസ് അബ്ദുള്‍ റസാഖ്(28)കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രവിന്റീവ് വിഭാഗം പിടികൂടിയത്.
ഇയാളുടെ ബാഗില്‍ രണ്ടു മോട്ടോറുകളും, ഏതാനും കളിപ്പാട്ടങ്ങളുമാണ് ഉണ്ടായിരുന്നത്. ദുബൈയില്‍ തൊഴില്‍വിസക്ക് പോയ റസാഖ് 25,000 രൂപയും വിമാന ടിക്കറ്റിനുമായാണ് സ്വര്‍ണക്കടത്തിന്റെ കരിയറായത്. താമരശ്ശേരിയുള്ള സംഘത്തിന് വേണ്ടിയാണ് ഇയാള്‍ കള്ളക്കടത്ത് നടത്തിയതെന്ന് സംശയിക്കുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള അന്വോഷണം നടന്നുവരികയാണ്.കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ കരീം എയര്‍ കൂളറിനകത്ത് കനം കുറഞ്ഞ ഷീറ്റുകളും കമ്പികളുമായാണ് സ്വര്‍ണം എത്തിച്ചത്. ഇവ പുറത്തറിയാതിരിക്കാന്‍ ഷീറ്റുകളിലും, കമ്പികളിലും വെള്ളി നിറത്തിലുളള പെയിന്റിങ് പൂശിയിരുന്നു.
നോട്ട് നിരോധനത്തിന് ശേഷം രണ്ടു വിമാനത്താവളങ്ങളിലും നടന്ന വിദഗ്ദമായ സ്വര്‍ണക്കടത്ത് പിടികൂടാനായെങ്കിലും കളളക്കടത്ത് കാരുടെ തന്ത്രങ്ങളില്‍ ഉദ്യോഗസ്ഥരേയും അല്‍ഭുതപ്പെടുത്തുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.