2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സ്വയംഭരണ കോളജുകളില്‍ പഠിച്ചവരുടെ അക്കാദമിക നിലവാരം പരിശോധിക്കും

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കാദമിക ഗുണനിലവാരം പരിശോധിക്കും.
മന്ത്രി കെ.ടി ജലീല്‍ വിളിച്ചുചേര്‍ത്ത സ്വയംഭരണ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. സ്വയംഭരണ കോളജുകളും സര്‍വകലാശാലകളും തമ്മിലുള്ള ബന്ധങ്ങള്‍ സംബന്ധിച്ച നിയമത്തിലുള്ള അവ്യക്തത പരിഹരിക്കുന്നതിന് സമഗ്ര നിയമനിര്‍മാണം നടത്തും. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക, അനധ്യാപക തസ്തികകളിലെ നിയമനങ്ങളും യോഗം ചര്‍ച്ച ചെയ്തു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 19 സ്വയംഭരണ കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ അക്കാദമിക് ഗുണനിലവാര പരിശോധനയ്ക്കുള്ള വിവരശേഖരണത്തിന് യോഗം സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. സ്വയംഭരണ കോളജുകള്‍ അനുവദിക്കുമ്പോള്‍ യു.ജി.സി ലക്ഷ്യംവച്ചിരുന്നത് കുട്ടികളുടെ അക്കാദമിക നിലവാര വര്‍ധനയായിരുന്നു.
2014ലാണ് കോളജുകള്‍ക്ക് സ്വയംഭരണപദവി ലഭിച്ചത്. 2016ല്‍ ആദ്യ ബാച്ച് പി.ജി വിദ്യാര്‍ഥികളും 2017ല്‍ ആദ്യബാച്ച് യു.ജി വിദ്യാര്‍ഥികളും പഠിച്ചിറങ്ങി.

ഇവരില്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭ്യമായി, തുടര്‍പഠനങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ അവസരം ലഭിച്ചവര്‍ എത്ര?, നെറ്റ്, പി.എച്ച്.ഡി തുടങ്ങിയ യോഗ്യതകള്‍ എത്രപേര്‍ നേടി തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചാണ് അക്കാദമിക ഗുണനിലവാര പരിശോധന നടത്തുക.
സ്വയംഭരണ കോളജുകളുടെ പ്രശ്‌നങ്ങള്‍ മേധാവികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സ്വയംഭരണ കോളജുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് മാനേജര്‍മാര്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ കോഴ്‌സുകള്‍ തുടങ്ങുന്നതിന് അനുമതി വേണമെന്ന ആവശ്യവും ഉയര്‍ന്നു. സര്‍വകലാശാലകളും സ്വയംഭരണ കോളജുകളും ശത്രുരാജ്യങ്ങളെപ്പോലെ പെരുമാറുന്ന അവസ്ഥയാണുള്ളതെന്നും ഇത് ഏതുതരത്തിലുള്ള ഗുണമാണ് ഉന്നത വിദ്യാഭ്യാസ മേഖലക്ക് നല്‍കുകയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്വയംഭരണ കോളജുകളില്‍നിന്ന് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിന് മന്ത്രി ചെയര്‍മാനായ ഓട്ടോണമസ് അപ്രൂവല്‍ കമ്മിറ്റി 31ന് ചേരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News