2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സ്വപ്നഭവനം യാഥാര്‍ഥ്യമായ സന്തോഷത്തില്‍ അയ്യപ്പനും കുടുംബവും

ആലപ്പുഴ: മൂന്ന് സെന്റില്‍ ആറുമാസംകൊണ്ട് 560 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു സ്വപ്ന വീട്. തൈക്കാട്ടുശ്ശേരി കുന്നുംപുറം അയ്യപ്പനും ഭാര്യ സിന്ധുവിനുമാണ് സ്വപ്നഭവനം യാഥാര്‍ഥ്യമായിരിക്കുന്നത്.
ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്കുള്ള ഭവന പദ്ധതിയില്‍പെടുത്തിയാണ് അയ്യപ്പനും കുടുംബത്തിനും വീട് നിര്‍മിച്ച് നല്‍കിയത്. 5. 33 ലക്ഷം രൂപയാണ് ഇതിനായി ചിലവായത്. ആറ് മാസം കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് അയ്യപ്പന്‍ പറഞ്ഞു. കൂലിത്തൊഴിലാളിയായ അയ്യപ്പനും വീട് നിര്‍മാണത്തില്‍ പങ്കാളിയായി. വീടിന്റെ താക്കോല്‍ദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. പട്ടികവര്‍ഗക്കാരായ ആറ് കുടുംബങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ലൈഫ് മിഷന്‍ മുഖേന വീട് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ ആദ്യ കുടുംബത്തിന്റെ താക്കോല്‍ദാനമാണ് തൈക്കാട്ടുശ്ശേരിയില്‍ നടന്നത്.ബാക്കിയുള്ള അഞ്ച് കുടുംബങ്ങളുടെ വീടുകളുടെ താക്കോല്‍ദാനം വരും ദിവസങ്ങളില്‍ നടക്കുമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ആര്‍. അനൂപ് അറിയിച്ചു .
യോഗത്തില്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ പുഷ്‌കരന്‍ അധ്യക്ഷനായി. ലൈഫ് മിഷന്‍ ഒന്നാംഘട്ട ഭവന നിര്‍മാണത്തില്‍ ജില്ലയില്‍ 93 ശതമാനം വീടുകളും പൂര്‍ത്തിയായതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു.
ഗുണഭോക്താക്കള്‍ക്ക് ഒരുതരത്തിലുമുള്ള ബാധ്യതയും ഉണ്ടാകാത്ത രീതിയിലാണ് വീട് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി വീട് എന്ന ആശയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.ഒരു സിറ്റൗട്ട്, ഹാള്‍ രണ്ട് കിടപ്പുമുറി, ഒരു അടുക്കള, ഒരു ശുചിമുറി എന്നീ സൗകര്യങ്ങളുള്ള ടൈല്‍ പാകിയ വീട്ടില്‍ പ്ലംബിംങ്ങിനോടൊപ്പം വൈദ്യുതീകരണവും പൂര്‍ത്തിയായിട്ടുണ്ട്.
ആറു മാസങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീട് വൃത്തിയായി സൂക്ഷിക്കണമെന്ന് ഉദ്യോഗസ്ഥര്‍ വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സിന്ധു വിനു, പി.എം പ്രമോദ്, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, പി.പി ഉദയസിംഹന്‍, മെംബര്‍ ഗംഗാ ദേവി പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.