2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സ്വദേശിവത്കരണം; കൂടുതല്‍ സ്വദേശി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നു

നിസാര്‍ കലയത്ത്

ജിദ്ദ: വിവിധ മേഖലകളില്‍ പുതുതായി ഏര്‍പ്പെടുത്തുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വദേശീ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നു. കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശീലന പദ്ധതികള്‍ തയ്യാറാക്കുന്നത്.

സ്വദേശി വല്‍ക്കരണ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച കൗണ്‍സില്‍ ഓഫ് സഊദി ചേംബേഴ്‌സ് ഇതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് മുന്‍പന്തിയില്‍ ഉണ്ടാവുമെന്ന് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. എല്ലാ പ്രവിശ്യകളിലെയും ചേമ്പര്‍ ഓഫ് കൊമേഴ്‌സുകളും ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിങ് സെന്ററുകളും സംയുക്തമായാണ് പരിശീലനം നല്‍കുക.

ഈ മാസം പകുതിയോടെ പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ 12 നാണ് പരിശീലനം ആരംഭിക്കുക. ഇതിനുവേണ്ടി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പുവെച്ചതായി കിഴക്കന്‍ പ്രവിശ്യ ട്രൈനിങ് സെന്റര്‍ മേധാവി മൂസ അല്‍ യാഖൂത് പറഞ്ഞു. സെന്ററില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 650 സ്വദേശികള്‍ മൊബൈല്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതില്‍ 145 പേര്‍ സ്വന്തമായി പുതിയ സംരംഭം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ 3500 വനിതകളാണ് വിവിധ മേഖലകളിലെ പരിശീലനം നേടി കഴിഞ്ഞ വര്‍ഷം ജോലി നേടിയത്. ഈ വര്‍ഷം അയ്യായിരത്തിലധികം യുവതികള്‍ ജോലിയില്‍ പ്രവേശിക്കുമെന്നും അല്‍ യാഖൂത് പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഇന്‍ഷൂറന്‍സ്, ഗതാഗതം, ചില്ലറ വില്‍പന, മെഡിക്കല്‍ ഷാപ്പുകള്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികളിലെ കസ്റ്റമര്‍ സര്‍വീസ്, കോള്‍ സെന്ററുകള്‍, ഊര്‍ജം, മിനറല്‍ മേഖല, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയിലാണ് വരും നാളുകളില്‍ സ്വദേശിവത്കരണം ശക്തമാകാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടിള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.