2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

സ്വത്തുക്കളില്‍ അവകാശം നല്‍കേണ്ടത് മരണാനന്തരം മാത്രം: ജോസഫൈന്‍

കോഴിക്കോട്: കേരളത്തില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ എണ്ണം കൂടുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സമീപകാലത്ത് കമ്മിഷനു മുന്നില്‍ വരുന്ന പരാതികളുടെ കാതലായ ഭാഗം മക്കള്‍ അമ്മമാരെ ഉപേക്ഷിക്കുന്നതാണ്. ഇതിനു പ്രധാനകാരണം തങ്ങളുടെ സ്വത്തുക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതുന്നതാണ്. മരണാനന്തരം മാത്രം സ്വത്തുക്കള്‍ മക്കള്‍ക്ക് കൈവശപ്പെടുത്താനുള്ള നിലയിലേക്ക് കാര്യങ്ങള്‍ മാറണമെന്നും അവര്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വയോജന വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വൃദ്ധസദനങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധനകള്‍ നടത്തി ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കണം. നിലവിലെ വയോജനനിയമം ശക്തമല്ല. വയോജന നിയമം നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ റവന്യു ഡിവിഷനല്‍ ഓഫിസര്‍മാരാണ്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന വയോജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇവര്‍ മുന്‍കൈയെടുക്കണമെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷയായി. മുതിര്‍ന്ന വനിതകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സംസ്ഥാനം വയോജന സൗഹൃദമാക്കാനും സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ ക്ഷേമപദ്ധതികളെയും വയോജന നിയമത്തെയും കുറിച്ച് കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.സി താര, ഇ.എം രാധ എന്നിവര്‍ വിഷയാവതരണം നടത്തി. കൗണ്‍സിലര്‍ അഡ്വ. സി.കെ സീനത്ത്, കോര്‍പറേഷന്‍ വയോമിത്രം കോഡിനേറ്റര്‍ സന്ധ്യ, വനിതാ വിങ് ജോ. സെക്രട്ടറി ഭാനുമതി, പി. സൗദാമിനി, വി. പ്രസന്ന, മേലടി നാരായണന്‍, സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.