2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മലയാളി സംഘങ്ങള്‍ മക്കയിലെത്തിത്തുടങ്ങി; സഹായത്തിന് ‘വിഖായ’ സജീവം

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കുന്നതിന് ഇന്ത്യയില്‍ നിന്നെത്തുന്ന സ്വകാര്യ ഹജ് സംഘങ്ങള്‍ മക്കയിലെത്തിത്തുടങ്ങി. മക്കയിലെത്തിയ മലയാളി ഹജ്ജ് സംഘങ്ങളെ ‘ വിഖായ’ ഹജ്ജ് വളണ്ടിയര്‍ സംഘം സ്വീകരിച്ചു.

സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ മക്ക സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകരും വിഖായ വളണ്ടിയര്‍മാരും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത് .

സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ അല്‍ഹിന്ദ് മുഖേനെ യാണ് ആദ്യ സംഘം ഇന്നലെ പുണ്യ ഭൂമിയിലെത്തിയത്. .

ഈ വര്‍ഷം ഹജ്ജിനെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സ്വീകരച്ച് അവര്‍ക്ക് വേണ്ട സേവനം ചെയ്യാന്‍ അതിവിപുലമായ സംവിധാനമാണ് മക്ക വിഖായ തയ്യാറക്കിയിക്കുന്നത്.

ആദ്യ സംഘം പവിത്ര നഗരിയിലെത്തിയത് മുതല്‍ അവസാന ഹാജിയും വിട പറയുന്നത് വരെ വിഖായ പ്രവര്‍ത്തന സജ്ജരായിരിക്കും.

എല്ലാ ദിവസവും വിവിധ ഗ്രൂപ്പുകളായി മുഴുവന്‍ സമയം ഹറം പരിസരം, ബാബ് അലി ,ബസ് സ്റ്റാന്റ് , കുദായി ബസ് സ്റ്റാന്റ് ,മഹ് ബസ്സ് ജന്ന് പാര്‍കിംഗ് ,കുദായി പാര്‍ക്കിംഗ് ,ഗസ്സ തുടങ്ങി ഹാജിമാര്‍ക്ക് സേവനം ആവശ്യ മാകുന്നിടങ്ങളിലെല്ലാം മക്ക വിഖായ പ്രവര്‍ത്തകര്‍ സജ്ജരായിരിക്കും.

ഏറ്റവും തിരക്കേറുന്ന വെള്ളിയഴ്ചകളില്‍ കര്‍മ്മ രംഗത്തിറങ്ങാന്‍ പ്രത്യേക വിംഗ് തന്നെ മക്ക വിഖായക്ക് കീഴിലുണ്ട് .

നടക്കാന്‍ പ്രയാസമുള്ള ഹാജിമാര്‍ക്ക് വീല്‍ ചെയര്‍, ബസ്സില്‍ കയറാനും മറ്റു ബുദ്ധിമുട്ടു ഉള്ളവര്‍ക്കും വിഖായ ഒരു കൈ താങ്ങായി മാറും. ആരാധനാ കാര്യങ്ങളില്‍ അജ്ഞത അനുഭവിക്കുന്നവര്‍ക്ക്, വിശിഷ്യാ ഉത്തേരന്ത്യയില്‍ നിന്നും മറ്റും വരുന്ന ഹജ്ജിമാര്‍ക്ക് ത്വവാഫിനും സഹിയ്യിനും സഹായിക്കുന്ന ദഅവ വിംഗ് അടക്കമുള്ള സംവിധാനമാണ് സഊദി വിഖായ ചെയര്‍മാന്‍ ഒമാനുര്‍ അബ്ദു റഹ്മാന്‍ മൗലവി, മുനീര്‍ ഫൈസി മാമ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ മക്ക വിഖായ സംവിധാനം നടത്തിയിട്ടുള്ളത്.

ഇതിനു പുറമെ അറഫസംഗമ ശേഷം സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന ആയിരത്തോളം വിഖായ പ്രവര്‍ത്തകര്‍ അറഫ ,മിന , റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ വിംഗ് , കഞ്ഞി വിതരണം , വില്‍ ചെയര്‍ വിംഗ് എന്നിവ നടത്തും. സഊദി വിഖായ കോഡിനേറ്റര്‍ ഡോ. സുബൈര്‍ ഹുദവിയുടെ നേതൃത്വത്തില്‍ സേവന സന്നദ്ധരായി വന്‍ സംഘം കര്‍മ്മരംഗത്തുണ്ടാവും.

അല്‍ഹിന്ദ് ഗ്രൂപ്പ് അമീര്‍ ഉസ്മാന്‍ ഉസ്താദ് നിലമ്പൂരിന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ മക്ക സെന്‍ട്രന്‍ കമ്മറ്റി പ്രസിഡന്റ് സലാഹുദ്ധീന്‍ വാഫി വെണ്ണക്കോട് വിഖായ ഉപഹാരം നല്‍കി.

എസ് കെ ഐ സി ജനറല്‍ സെക്രട്ടറിയും വിഖായ കോഓര്‍ഡിനേറ്ററുമായ ഫരീദ് ഐകരപ്പടി, എസ് വൈ എസ് ഹറം ഏരിയ പ്രസിഡന്റ് റഷീദ് ഫൈസി വെട്ടത്തൂര്‍, അസി:കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് മണ്ണാര്‍കാട് , വിഖായ ക്യാപ്റ്റന്‍ സലീം മണ്ണാര്‍കാട്, ഇര്‍ശാദ് വാഫി, മുഹമ്മദ് ശെരിഫ്, ലത്തീഫ് കാസര്‍കോട്, മുഹമ്മദ് ഹനീഫ് കാസര്‍കോട് തുടങ്ങി നിരവധി വിഖായ വളണ്ടിയര്‍മാരും സംബന്ധിച്ചു.

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.