
ജിദ്ദ: സ്വദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിന് കടുത്ത് വിലക്കുമായി സഊദി തൊഴില്‍ മന്ത്രാലം. തൊഴില്‍ നിയമത്തിലെ 74 മുതല്‍ 77 വരെയുള്ള അനുഛേദങ്ങളില്‍ ഭാഗികമായി പരിഷ്കരണം വരുത്തിയാണ് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് കഴിഞ്ഞ ദിവസം പുതിയ വിജ്ഞാപനമിറക്കിയത്.
സ്വദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് പുതിയ പരിഷ്കരണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിസ നിഷേധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനു പുറമെ തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതും സ്പോണ്‍സര്‍ഷിപ്പ് മാറ്റവും ഉള്‍പ്പെടെ മന്ത്രാലയ സേവനം രണ്ടു വര്‍ഷം വരെ തടഞ്ഞുവെക്കാനും ഔദ്യോഗികമായി ഉത്തരവു നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് പുറത്തിറക്കിയ രാജവിജ്ഞാപനത്തിലെ പരാമര്‍ശമനുസരിച്ച് തൊഴില്‍ വിപണി ചിട്ടപ്പെടുത്താനുള്ള നിയമ പരിഷ്കരണത്തിന് തൊഴില്‍ മന്ത്രിക്ക് നല്കിയ അധികാരം ഉപയോഗിച്ചാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. ഭീമന് കമ്പനികള്‍, വന്‍കിട കമ്പനികള്‍, ഇടത്തരം കമ്പനികള്‍ എന്നിവയില്‍ നിന്ന് സ്വദേശികളെ പിരിച്ചുവിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് പുതിയ പരിഷ്കരണത്തിന്റെ മുഖ്യഭാഗവും. സ്ഥാപനത്തിലെ ഒരു ശതമാനം അല്ലെങ്കില്‍ പത്തു സ്വദേശി തൊഴിലാളികളെ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിടുകയാണെങ്കില്‍ അതു കൂട്ട പിരിച്ചുവിടലായി പരിഗണിച്ച് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും. സ്ഥാപനം പാപ്പരായി പ്രഖ്യാപിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമാണ് ശിക്ഷയില്‍ നിന്ന് ഇളവു ലഭിക്കുകയെന്നും തൊഴില്‍ കരട് നിയമത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്.