2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

സ്വകാര്യ ബസുകളുടെ എണ്ണം 18 വര്‍ഷത്തിനിടെ പകുതിയില്‍ താഴെയായി

സുനി അല്‍ഹാദി

 

കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം തകര്‍ച്ചയിലേക്ക്. സര്‍ക്കാര്‍ അടിയന്തരമായി പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ യാത്രാക്ലേശം രൂക്ഷമാകും. ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവും കാരണം പ്രവര്‍ത്തനച്ചെലവ് കണ്ടെത്താനാകാതെ ദിവസംതോറും സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തിവയ്ക്കുകയാണ്. ഇതോടൊപ്പം താങ്ങാനാവാത്ത ഡീസല്‍ വില വര്‍ധനവിന്റെ പേരില്‍ ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെ പൊതുഗതാഗത സംവിധാനമാകെ താളംതെറ്റുന്ന നിലയിലേക്ക് നീങ്ങുകയാണ്.
1998-2000 കാലയളവില്‍ സംസ്ഥാനത്ത് 30,250ല്‍ പരം സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതിന്റെ എണ്ണം 12,465 ആയി കുറഞ്ഞുവെന്ന് ബസ് ഉടമാ സംഘം നേതാവ് എം.ബി സത്യന്‍ വിശദീകരിക്കുന്നു. 2017ല്‍ ബസ് ചാര്‍ജ് വര്‍ധന പഠിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് 14,500 സ്വകാര്യ ബസുകള്‍ ഉണ്ടെന്നായിരുന്നു കണക്ക്.
ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ എണ്ണം 12,500ല്‍ താഴെയായിരിക്കുകയാണ്. ഡീസല്‍ വില വര്‍ധനയ്‌ക്കൊപ്പം യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതും ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കി.
നേരത്തെ, ഒരു ബസില്‍ പ്രതിദിനം ശരാശരി ആയിരം യാത്രക്കാര്‍ വരെ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ശരാശരി 750 യാത്രക്കാര്‍ എന്ന നിലയിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. ഇതില്‍തന്നെ 40 ശതമാനം വിദ്യാര്‍ഥികളുമാണ്. രാവിലെയും വൈകിട്ടുമുള്ള ട്രിപ്പുകളില്‍ മാത്രമാണ് മിക്ക ബസുകളും സീറ്റ് നിറഞ്ഞ അവസ്ഥയുള്ളത്. ഈ ട്രിപ്പുകളില്‍ വിദ്യാര്‍ഥികളുടെ ആധിക്യവും കൂടുതലാണ്. യാത്രാ ഇളവായ കണ്‍സഷന്‍ കഴിച്ച് 80 വിദ്യാര്‍ഥികളില്‍നിന്ന് കിട്ടുന്ന പണം ഒരു ലിറ്റര്‍ ഡീസലിനേ തികയുകയുള്ളൂ. ഇപ്പോള്‍ ഓടിക്കിട്ടുന്ന പണംകൊണ്ട് പ്രവര്‍ത്തനച്ചെലവു പോലും മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി.
പുതിയ ഒരു ബസ് നിരത്തിലിറക്കുമ്പോള്‍ 32 ലക്ഷം രൂപയെങ്കിലും ചെലവ് വരും. മിക്കവരും ബാങ്കില്‍നിന്നു വായ്പയെടുത്താണ് ബസ് വാങ്ങുന്നത്. വായ്പയുടെ തിരിച്ചടവു തന്നെ മാസം അരലക്ഷത്തിനടുത്തു വരും. നേരത്തേ ബസിന്റെ സീറ്റ് അടിസ്ഥാനമാക്കിയും ഇപ്പോള്‍ ഫ്‌ലോര്‍ ഏരിയ അടിസ്ഥാനമാക്കിയുമാണ് നികുതി കണക്കാക്കുന്നത്.
പ്രതിവര്‍ഷം ഒന്നര ലക്ഷത്തില്‍ താഴെ രൂപ ഇതിനും ചെലവു വരും. ഇതു കൂടാതെ, 80,000 രൂപക്കടുത്ത് ഇന്‍ഷുറന്‍സും അടക്കണം. ഡീസല്‍വില കുത്തനെ വര്‍ധിക്കാന്‍ തുടങ്ങിയതോടെ അടുത്തിടെ 2860 ബസുകളാണ് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.