2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരില്‍ യുവാവ് നടത്തിയത് കോടികളുടെ തട്ടിപ്പ്

ഫറോക്ക്: കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായ യുവാവ് നടത്തിയ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിച്ച് അമിത ലാഭം നല്‍കാമെന്നു പറഞ്ഞു കോടികളുടെ തട്ടിപ്പ് നടത്തിയാണ് പെരുമുഖം സ്വദേശി പുത്തലത്ത് തളിയില്‍ ശംസു(32) മുങ്ങിയത്. യുവാവ് പൊലിസിന്റെ കസ്റ്റഡിയിലായെന്ന വിവരം പുറത്തറിഞ്ഞതോടെ തട്ടിപ്പിനിരയായ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. അമിതലാഭം നല്‍കാമെന്ന യുവാവിന്റെ വാഗ്ദാനത്തില്‍പ്പെട്ട് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടവര്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെയാണ് ഫറോക്ക് പൊലിസ് സ്‌റ്റേഷനിലെത്തിയത്.
യുവാവിന്റെ തട്ടിപ്പിനിരയായവരില്‍ അധികവും അടുത്തിടെ വിവാഹം കഴിഞ്ഞവരാണ്. സ്വര്‍ണ്ണവും പണവും സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിക്ഷേപിച്ചാല്‍ അമിത ലാഭം നല്‍കാമെന്നു പറഞ്ഞാണ് ഇടപാടുകാരില്‍ നിന്നും ആഭരണങ്ങളും മറ്റും യുവാവ് െൈകക്കലാക്കിയത്. ലക്ഷത്തിനു 5000രൂപ മുതല്‍ 10,000രൂപ വരെ നല്‍കാമെന്നാണ് വാഗദാനം. സ്വര്‍ണ്ണം വാങ്ങി ബാങ്കില്‍ പണയം വെച്ചു കാശാക്കുകയാണ് ശംസു ചെയ്തിരുന്നത്. ആഡംബര ജീവിതമാണ് വന്‍സാമ്പത്തിക തട്ടിപ്പിനു ശംസുവിനെ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചില ആല്‍ബങ്ങളിലും യുവാവ് അഭിനയിച്ചിട്ടുണ്ട്. സഹോദരന്റെ 40 ലക്ഷം രൂപയാണ് യുവാവ് വെട്ടിച്ചത്. കൂടാതെ ഉമ്മയുടെയും ഭാര്യസഹോദരിമാര്‍ തുടങ്ങി നിരവധി ബന്ധുക്കളുടെയും സ്വര്‍ണ്ണവും പണവും വാങ്ങിയതയാണ് വിവരം. മറ്റൊരു സഹോദരന്റെ ഉടമസ്ഥതയിലുളള രണ്ട് വാഹനങ്ങളുടെ ആര്‍.സികള്‍ പണയത്തില്‍ വെച്ച് പണം വാങ്ങിയിട്ടുണ്ട്. ഒറിജിനല്‍ ആര്‍.സിക്കു പകരം ഡ്യൂപ്ലിക്കേറ്റ് ആര്‍.സി.നല്‍കിയാണ് സഹോദരനെ കമ്പളിപ്പിച്ചത്. ലോണിലേക്ക് മാസത്തിലുളള അടവ് തെറ്റിയതിനെ തുടര്‍ന്നു ഫൈനാന്‍സുകാര്‍ വാഹനം കൊണ്ടുപോകാനെത്തിയപ്പോഴാണ് സഹോദരന്‍ കബളിക്കപ്പെട്ട വിവരം അറിഞ്ഞത്.
ആറു മാസം മുന്‍പ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുങ്ങിയ ഇയാള്‍ കോഴിക്കോട് മലപ്പുറം, കാസര്‍ക്കോട് തുടങ്ങിയ വിവിധ ജില്ലകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു. പൊലിസ് തിരയുന്നുണ്ടെന്നു മനസിലാക്കി തൊട്ടടുത്ത ദിവസം മാഹിയില്‍ നിന്നും മുങ്ങി കുറ്റിപ്പുറത്ത് പൊങ്ങിയപ്പോഴാണ് പിടിയിലായത്. ശംസുവിനെ കാണാനില്ലെന്ന് മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുറ്റിപ്പുറത്ത് നിന്ന് യുവാവിനെ ഫറോക്ക് സബ് ഇന്‍സ്‌പെക്ടര്‍ വി. വിജയരാജിന്റെ നേതൃത്വത്തിലുളള സംഘം കസ്റ്റഡിയിലെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.