2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സ്പീഡ് ഗവര്‍ണര്‍ ഇപ്പോഴും യാഥാര്‍ഥ്യമായില്ല

ടി.കെ ജോഷി

കോഴിക്കോട്: ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നടപ്പിലാക്കിയ സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ സ്വകാര്യ ബസുകള്‍ റോഡില്‍ മരണപ്പാച്ചില്‍ തുടരുമ്പോഴും പുതിയ സംവിധാനമായ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നടപ്പാക്കാനുള്ള തത്രപ്പാടിലാണ് വകുപ്പ്.
ഋഷിരാജ് സിങ് ഗതാഗത കമ്മിഷണര്‍ ആയിരിക്കെ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. സ്പീഡ് ഗവര്‍ണര്‍ പ്രകാരം 60 കി.മീറ്ററാണ് പരമാവധി വേഗമായി ബസുകള്‍ക്കും മറ്റ് വലിയ വാഹനങ്ങള്‍ക്കും ക്രമീകരിച്ചിരുന്നത്. എന്നാല്‍ മിക്ക വാഹനങ്ങളും വാര്‍ഷിക പരിശോധനയുടെ സമയത്ത് മാത്രമായിരിക്കും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുക. ഇതിനുശേഷം ഇവയുടെ കണക്ഷനുകള്‍ വിച്ഛേദിച്ച് സര്‍വിസ് നടത്തുകയാണുണ്ടാകുന്നത്.

സര്‍വിസിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയുണ്ടായാല്‍ പെട്ടന്ന് തന്നെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും ബസുകളില്‍ ഇവ ഘടിപ്പിച്ചിട്ടുണ്ടാകുക. ഇതെല്ലാം അറിയുന്ന അധികൃതര്‍ കൃത്യമായ പരിശോധന നടത്താനും തയാറാകുന്നില്ല. പുതുതായി നടപ്പിലാക്കുന്ന ജി.പി.എസ് സംവിധാനത്തിനും ഇതുതന്നെയായിരിക്കും അവസ്ഥയെന്ന് മോട്ടോര്‍ വാഹന മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ ജി.പി.എസ് നിര്‍ബന്ധമാക്കിയിരിക്കുകയാണിപ്പോള്‍. ജി.പി.എസ് ഘടിപ്പിക്കുന്നതിന്റെ സാമ്പത്തിക ബാധ്യതക്കൊപ്പം ആവശ്യത്തിന് ജി.പി.എസ് മെഷിനുകള്‍ ലഭിക്കാത്തതും തുടര്‍സര്‍വിസും ആശങ്കയുണ്ടാക്കുന്നതാണ്.

സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പൊതുവാഹനങ്ങളില്‍ ജി.പി.എസും സുരക്ഷാ ബട്ടണും ഘടിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയത്. 2017ല്‍ മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഇത് അംഗീകരിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച ഉത്തരവും കൈമാറി. 2018ല്‍ ഉത്തരവ് നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ അറിയിപ്പ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പദ്ധതി ഉടന്‍ നടപ്പാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് സമയം ആവശ്യപ്പെടുകയായിരുന്നു. ഈ സമയപരിധിയാണ് ഈമാസം 15ന് കഴിയുന്നത്.

9000 മുതല്‍ 15000 രൂപവരെയാണ് ജി.പി.എസ് ഘടിപ്പിക്കാന്‍ ചിലവ്. വാഹനങ്ങളുടെ വലുപ്പമനുസരിച്ച് ഒന്നുമുതല്‍ അഞ്ചുവരെ സുരക്ഷാ ബട്ടണുകളും ആവശ്യമാണ്. ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നതിനെതിരേ പ്രതിഷേധവുമായി വാഹന ഉടമകള്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും പദ്ധതി നടപ്പിലാക്കിയാല്‍ ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുമോയെന്നതാണ് ഉയരുന്ന ചോദ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.