2017 February 25 Saturday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

സ്പിന്നിങ് മില്ലുകളിലെ വൈദ്യുതി കുടിശ്ശിക; സാവകാശം നല്‍കും

തിരുവനന്തപുരം: കേരളത്തിലെ സ്പിന്നിങ് മില്ലുകളിലെ വൈദ്യുതി കുടിശ്ശിക തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. പ്രതിസന്ധികള്‍ നേരിടുന്ന സ്പിന്നിങ് മില്ലുകളുടെ വൈദ്യുതി കുടിശ്ശിക അടച്ചുതീര്‍ക്കുവാന്‍ അതാത് സ്ഥാപനങ്ങള്‍ക്ക് സാവകാശം അനുവദിക്കണമന്ന് വ്യവസായ മന്ത്രി യോഗത്തില്‍ അവശ്യപ്പെട്ടു.
കേരളത്തിലെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും നിലവില്‍ ഏറെക്കൂറെ വൈദ്യുതി ചാര്‍ജ് അടച്ചുവരുന്നതാണെന്നും, സ്പിന്നിങ് മില്ലുകള്‍ വരുത്തിയ 2016 ഡിസംബര്‍വരെയുള്ള വൈദ്യുതി കുടിശ്ശിക തവണകളായി അടച്ചുതീര്‍ക്കുന്നതിന് ജൂണ്‍വരെ സമയം നല്‍കണമെന്നും, ജനുവരി മുതല്‍ അതാത് മാസത്തെ വൈദ്യുതി ചാര്‍ജ് യഥാസമയം അടക്കുമെന്നും സ്ഥാപന മാനേജിങ് ഡയരക്ടര്‍മാര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
കുടിശ്ശിക അടച്ചുതീര്‍ക്കുവാന്‍ വ്യക്തമായ പാക്കേജ് ഉണ്ടാക്കണമെന്നും, നിലവിലുള്ള കുടിശ്ശികയുടെ കാര്യത്തില്‍ ബോര്‍ഡ് ചേര്‍ന്ന് അടിയന്തിര തീരുമാനം ഉണ്ടാക്കാമെന്നും, മില്ലുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് എത്രയും പെട്ടെന്ന് വൈദ്യുതി പുനസ്ഥാപിക്കുമെന്നും വൈദ്യുതി മന്ത്രി എം.എം മണി ഉറപ്പുനല്‍കി. യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമേ വ്യവസായ സ്‌പെഷല്‍ സെക്രട്ടറി സഞ്ജയ് കൗള്‍, വൈദ്യുതി ഫിനാന്‍സ് ഡയരക്ടര്‍ എന്‍.എസ് പിള്ള, കൈത്തറി ഡയരക്ടര്‍ കെ. സുധീര്‍, കെ.എസ്.ടി.സി എം.ഡി എം. ഗണേഷ്, ടെക്‌സ്‌ഫെഡ് എം.ഡി ബി അരുള്‍ സെല്‍വന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.