2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സ്ഥാനാര്‍ഥി പര്യടനം അവസാനഘട്ടത്തില്‍; ഉണ്ണിത്താന്‍ പയ്യന്നൂരില്‍, സതീഷ് ചന്ദ്രന്‍ കാഞ്ഞങ്ങാട്ട്

കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. രാവിലെ എട്ടിന് ചെറുപുഴ ഭൂദാനം പട്ടികവര്‍ഗ കോളനി സന്ദര്‍ശനത്തോടെയാണ് പര്യടനം തുടങ്ങിയത്. തുടര്‍ന്ന് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 66-ാം റാങ്ക് ജേതാവ് അര്‍ജുന്‍ മോഹനെ ഭവനത്തില്‍ സന്ദര്‍ശിച്ച് അഭിനന്ദിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക കല്യാണി രാജ്‌മോഹന്‍ ഉണ്ണിത്താനെ ഖദര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ടീയത്തില്‍ മനം മടുത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന എം. രാജേഷിനെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്വീകരിച്ചു. രക്തസാക്ഷി പള്ളിക്കര കുഞ്ഞിരാമന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് താബോറിലെത്തിയ ഉണ്ണിത്താനെ വോട്ടര്‍മാര്‍ സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം കെ.പി.സി.സി നിര്‍വാഹക സമിതി അംഗം സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പിന്നീട് താബോര്‍ സെന്റ് ജോസഫ് ചര്‍ച്ച്, തിരുമേനി സെന്റ് മേരീസ് ചര്‍ച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പെസഹ വ്യാഴത്തിന്റെ തിരുകര്‍മ്മങ്ങളില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളെ സന്ദര്‍ശിച്ചു. തിരുമേനി ടൗണില്‍
യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉണ്ണിത്താനെ സ്വീകരിച്ചു. പിന്നീട് ശാന്തിനികേതന്‍ വൃദ്ധസദനം സന്ദര്‍ശിച്ചു. ചെറുപുഴയില്‍ റോഡ് ഷോ നടത്തി. പൊന്നം വയല്‍, നീലിരിങ്ക, തണ്ടനാട്‌പൊയില്‍, കൊരങ്ങാട്, എരമം കയക്കര, പാലത്തറ, കണ്ടോത്ത് തറ, പുഞ്ചക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പഴയങ്ങാടി ബി.പി റോഡിലായിരുന്നു പര്യടനം. തുടര്‍ന്ന് കീഴറ, പുഞ്ചവയല്‍, അയ്യോത്ത്, തെക്കുംപാട് എന്നിവിടങ്ങളിലെ ഊഷ്മള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളിക്കരയില്‍ പര്യടനം സമാപിച്ചു. ലീഡര്‍ കെ. കരുണാകരന്റെ ഭാര്യയുടെ ചുണ്ടയിലെ തറവാട് ക്ഷേത്രത്തിലെത്തി തൊഴുതു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ രാവിലെ കൊവ്വല്‍ സ്റ്റോര്‍ പരിസരത്ത് വിദേശമലയാളിയായ പുഞ്ചാവി കമലാക്ഷനെ വീട് സന്ദര്‍ശിച്ചാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമവും സന്ദര്‍ശിച്ചു. സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകന്‍ കുഞ്ഞിക്കണ്ണന്‍ കക്കാണത്തിന്റെ ആശിര്‍വാദം ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് മുസ്‌ലിം യത്തീംഖാന, മന്‍സൂര്‍ ആശുപത്രി, മുക്കൂട് പ്രദേശത്തെ ചില മുസ്‌ലിം പള്ളികള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. ഇതിനിടയില്‍ ലീഗ് നേതാവ് എ. ഹമീദ് ഹാജിയുടെ മകന്റെ കല്യാണ വീട്ടിലും സന്ദര്‍ശനം നടത്തി.
തുടര്‍ന്ന് ബളാല്‍, പരപ്പ തളിക്ഷേത്രം, പുഞ്ച, വള്ളിക്കടവ് എന്നിവിടങ്ങളിലെ ക്രൈസ്തവദേവാലയം, മുസ്‌ലിം പള്ളി എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. മടക്കയാത്രയില്‍ പാറപ്പള്ളി മഖാം ഉറൂസിനെത്തിയവരെയും സന്ദര്‍ശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News