2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പം

കാഞ്ഞങ്ങാട് : കാലങ്ങളായി നിയോജക മണ്ഡലം കൈവശം വച്ചിരിക്കുന്ന എല്‍ ഡി എഫ് ഇത് പിടിവിടാതിരിക്കാന്‍ കരുതലോടെ മുന്നോട്ട്.അതെ സമയം ആഞ്ഞു പിടിച്ചാല്‍ മണ്ഡലം തങ്ങളുടെ കൈപിടിയില്‍ ഒതുക്കാമെന്ന കരുതലോടെ യു ഡി എഫും പ്രചാരണ രംഗത്ത് സജീവം.ജില്ലയില്‍ 12 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഏക മണ്ഡലമാണ് കാഞ്ഞങ്ങാട്.ഇതിന് പുറമേ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒറ്റ തവണ മാത്രമാണ് മണ്ഡലം യു ഡി എഫിന് കിട്ടിയത്.മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രമുഖ നേതാക്കളെ മത്സരിപ്പിച്ചെങ്കിലും മണ്ഡലം എല്‍ ഡി എഫിന്റെ കയ്യില്‍ നിന്നും തിരികെ പിടിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ യു ഡി എഫിന് സാധിച്ചിട്ടില്ല.എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതോടെ ആഞ്ഞു പിടിച്ചാല്‍ മണ്ഡലം തങ്ങളുടെ കൈയിലേക്ക് പോരുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ് കേന്ദ്രങ്ങള്‍.2006 ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പള്ളിപ്രം ബാലന് ലഭിച്ച ഭൂരിപക്ഷത്തിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമാണ് സിറ്റിംഗ് എം എല്‍ യും,ഈ തെരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ ഇ ചന്ദ്രശേഖരന് ലഭിച്ചത്.
മണ്ഡലത്തില്‍ മത്സരിക്കുന്ന 12 സ്ഥാനാര്‍ഥികളിലും,ജില്ലയിലെയും ഏക വനിതയാണ് യു ഡി എഫിന്റെ ധന്യാ സുരേഷ്.കേരളത്തില്‍ എ ഐ സി സി അവസാനം പ്രഖ്യാപിച്ച മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളില്‍ ഒരാളാണ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി.ഇവര്‍ മണ്ഡലത്തില്‍ ഇറങ്ങുമ്പോഴേക്കും മറ്റുള്ളവര്‍ പ്രചാരണത്തില്‍ ബഹു ദൂരം മുന്നോട്ട് പോയിരുന്നു.എന്നാല്‍ ഇതിന്റെ അമ്പരപ്പൊന്നുമില്ലാതെ ധന്യയും പ്രചാരണ രംഗത്ത് കുതിച്ചെത്തിയതോടെ മണ്ഡലത്തില്‍ മത്സരം കനക്കാന്‍ തുടങ്ങി.മുതിര്‍ന്നവരെയും,യുവ വോട്ടര്‍മാരെയും കയ്യിലെടുത്ത് പ്രചാരണ രംഗത്ത് കത്തിക്കയറിയതോടെ തെരഞ്ഞെടുപ്പ് രംഗത്ത് കന്നിക്കാരിയായ ഇവരുടെ പ്രകടനം എല്‍ ഡി എഫ് കണക്കിലെടുക്കുകയും ചെയ്തു.വോട്ടര്‍മാര്‍ക്കിടയില്‍ ചെന്ന് സെല്‍ഫിയടിച്ചും, യു ഡി എഫ് സര്‍ക്കാര്‍ ചെയ്ത ഭരണ നേട്ടങ്ങളും,സാമൂഹ്യ പദ്ദതികളും,അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നവരുടെ കാര്യങ്ങളുമൊക്കെ വോട്ടര്‍മാരെ പറഞ്ഞു ധരിപ്പിച്ച് പ്രചാരണ രംഗം ധന്യ കൊഴുപ്പിച്ഛതോടെ സെല്ഫിയടിക്കല്‍ തുടങ്ങിയ തന്ത്രങ്ങള്‍ എല്‍ ഡി എഫും പുറത്തെടുക്കാന്‍ തുടങ്ങി.ഇരു സ്ഥാനാര്‍ഥികളുടെ പ്രചാരണ യോഗങ്ങളില്‍ വന്‍ സ്വീകരണങ്ങള്‍ ലഭിക്കുന്നതും മത്സരം കനക്കുന്നതിനു കാരണമാകുകയും ചെയ്തു.
മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും,ഘടക കക്ഷികളുടെ നേതാക്കളും ഒത്തൊരുമിച്ച് മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് സജീവമായതും പോരാട്ടത്തിനു മൂര്‍ച്ച കൂടി.
ഒരാള്‍ മലയോര മേഖലയില്‍ പ്രചാരണത്തിന് എത്തുമ്പോള്‍ എതിരാളിയും ഈ മേഖലയിലെത്തുന്നു.എതിരാളി തീരദേശ മേഖലയില്‍ എത്തുമ്പോള്‍ അവിടെയും മറ്റേ സ്ഥാനാര്‍ഥിയും എത്തുന്നതോടെ തങ്ങള്‍ ഒപ്പത്തിനൊപ്പമെന്നു ഇവര്‍ തെളിയിക്കുകയും ചെയ്യുന്നു.യുവ വോട്ടര്‍മാര്‍ വികസനത്തിന് വോട്ടു ചെയ്യുമെന്നും അതിലൂടെ മണ്ഡലം പിടിക്കാമെന്നുമുള്ള ആതമവിശ്വാസം യു ഡി എഫിനുണ്ട്.എന്നാല്‍ മുമ്പത്തെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള കടുത്ത പ്രയത്‌നത്തിലാണ് എല്‍ ഡി എഫ്.എന്‍ ഡി എ സ്ഥാനാര്‍ഥിയായി ബി ഡി ജെ സിലെ എം പി രാഘവനും മണ്ഡലത്തില്‍ മത്സര രംഗത്തുണ്ട്.ഇവരുടെ പ്രചാരണങ്ങളും മണ്ഡലത്തില്‍ നടക്കുന്നുണ്ടെങ്കിലും യു ഡി എഫും എല്‍ ഡി എഫും തമ്മിലാണ് പോരാട്ടം കനത്തത്.2,04,445 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ ചന്ദ്രശേഖരന്‍ (സി പി ഐ)66640.അഡ്വ. എം സി ജോസ് (കോണ്ഗ്രസ് ) 54462.മടിക്കൈ കമ്മാരന്‍ ( ബി ജെ പി )15543 എന്നീ നിലയിലാണ് പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലത്തില്‍ ലഭിച്ച വോട്ടുകള്‍.ഈ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തോളം പുതിയ വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.