2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സ്ത്രീ ജീവനക്കാര്‍ ഇനി ‘ഇരിക്കും’: ഇരിപ്പിടാവകാശം ഉറപ്പുവരുത്തുന്ന ബില്‍ നിയമമായി

തിരുവനന്തപുരം: വനിതാ ജീവനക്കാര്‍ക്ക് ഇരിപ്പിടാവകാശം ഉറപ്പുവരുത്തുന്ന ബില്‍ നിയമമായി. കേരള കടകളും വാണിജ്യസ്ഥാപനങ്ങളും (ഭേദഗതി) ബില്ലാണ് ഇന്നലെ നിയമസഭ പാസാക്കിയത്. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അവതരിപ്പിച്ച ബില്ലിലൂടെ നിയമമായി മാറിയത്.
തുണിക്കടകളിലടക്കം വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഇത് അവകാശമായി മാറി. വൈകിട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന വ്യവസ്ഥയിലും മാറ്റംവരുത്തി.
രാത്രി ഒന്‍പതുവരെ സ്ത്രീ ജീവനക്കാരെ ജോലിക്ക് നിയോഗിക്കാം. മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തി രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ ആറുവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം.
രാത്രി ഒന്‍പതിനുശേഷം രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂവെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി പകരം ആഴ്ചയില്‍ ഒരുദിവസം ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും ഭേദഗതിയില്‍ പറയുന്നു.
നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും 5,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ 10,000 രൂപയില്‍നിന്ന് രണ്ടുലക്ഷം രൂപയായും ഉയര്‍ത്തി.
കേരള മുസിപ്പാലിറ്റി (മൂന്നാം ഭേദഗതി) ബില്ലും, കേരള പഞ്ചായത്ത് രാജ് (മൂന്നാം ഭേദഗതി) ബില്ലും തദ്ദേശ മന്ത്രി എ.സി മൊയ്തീന്‍ സഭയില്‍ അവതരിപ്പിച്ചു.
രണ്ടോ അതിലധികമോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍, ചവര്‍, മറ്റു മാലിന്യങ്ങള്‍ എന്നിവ നേരിട്ടോ ഏജന്‍സികള്‍ മുഖേനയോ ശേഖരിച്ച് സംസ്‌കരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലും കേരള പഞ്ചായത്തീരാജ് ഭേദഗതി ബില്ലും.
ഇതുവരെ മാലിന്യ സംസ്‌കരണത്തിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരുന്നു. ബില്ലുകള്‍ നേരത്തേ ഓര്‍ഡിനന്‍സ് വഴി പ്രാബല്യത്തിലാക്കിയിരുന്നു. ഇതും ഇന്നലെ നിയമമായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.