2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്ത്രീകളിലെ ഹൃദ്രോഗം

 

സ്ത്രീകള്‍ക്കുണ്ടാകുന്ന ഹൃദ്രോഗം പുരുഷന്‍മാര്‍ക്കുണ്ടാവുന്നതിനേക്കാള്‍ ഏറെ മാരകമാവാറുണ്ടെന്നാണ് പഠനങ്ങള്‍. ഒരു അറ്റാക്കുണ്ടായതിനു ശേഷം മറ്റൊന്നുണ്ടാകാനുള്ള സാധ്യത പുരുഷന്‍മാരെക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍.
സ്ത്രീകളില്‍ 34% ഹൃദ്രോഗം മൂലം മരിക്കുമ്പോള്‍ മറ്റു രോഗങ്ങളുടെ ഫലമായി മരിക്കുന്ന നിരക്ക് 29% മാത്രമാണെന്നാണ് കണക്കുകള്‍.
സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാകുമ്പോള്‍ ലക്ഷണങ്ങള്‍ അത്രപ്രകടമാകാറില്ല. അതുകൊണ്ടുതന്നെ ചികിത്സയും താമസിക്കുന്നു. അത് മരണ വേഗം വര്‍ധിപ്പിക്കുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. എന്നാല്‍ ഇത് സ്ത്രീകളില്‍ എപ്പോഴും അനുഭവപ്പെട്ടെന്നുവരില്ല. നെഞ്ചുവേദനയ്ക്കുപകരം നെഞ്ചെരിച്ചില്‍, ശ്വാസതടസം, ഗ്യാസ്ട്രബിള്‍, തലകറക്കം, ഏമ്പക്കം, മനം പുരട്ടല്‍ തുടങ്ങി മറ്റു ചില ലക്ഷണങ്ങളാണ് സത്രീകളില്‍ കാണുക. ഇവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതല്ലെന്നു കരുതി സാധാരണ വൈദ്യ സഹായം തേടാറില്ല. നെഞ്ചുവേദന ഉണ്ടായാല്‍ പോലും സ്ത്രീകളാണെങ്കില്‍ അത് സാരമാക്കുക പതിവില്ല. അതുപോലെ ഹൃദ്രോഗ നിര്‍ണയത്തിനുപയോഗിക്കുന്ന പല പരിശോധനകളും അവരുടെ കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകുന്നുമില്ല. അഭിപ്രായം ഖണ്ഡിതമായി പറയാന്‍ കഴിയാത്ത തരത്തില്‍ ഇ.സി.ജി ടെസ്റ്റിന്റെ ഫലം സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരാറ്.
ആദ്യ അറ്റാക്ക് ഉണ്ടായവരില്‍ ഒരു കൊല്ലത്തിനുള്ളില്‍ മരിക്കുന്നവരുടെ കണക്കെടുത്താല്‍ സ്ത്രീകളുടെ മരണസംഖ്യ പുരുഷന്‍മാരേക്കാള്‍ 25% കൂടുതലാണ്. ഹൃദ്രോഗത്തിലേക്കുള്ള രക്തസഞ്ചാരം പുഃനസ്ഥാപിക്കാനുള്ള വിവിധ ചികിത്സാ മാര്‍ഗങ്ങളും സ്ത്രീകളില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല.
ബൈപാസ് സര്‍ജറിക്ക് വിധേയമാകുന്ന സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ അപകടസാധ്യത കൂടുതലാണ്. മാത്രവുമല്ല, ഇത്തരം ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകളില്‍ തുടര്‍ന്നുള്ള അതിജീവന സാധ്യതയും പുരുഷന്‍മാരേക്കാള്‍ പത്തിരട്ടി കുറവാണ്.
സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന റിസ്‌ക് ഫാക്ടറുകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ദുര്‍വിനിയോഗം കൂടി ഉള്‍പ്പെടുന്നു. അതേ സമയം ആര്‍ത്തവമുള്ള സ്ത്രീകളില്‍ കാണുന്ന ഈസ്‌ട്രോജന്‍ ഹോര്‍മോണ്‍ സ്ത്രീകളെ ഹൃദ്രോഗത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷിക്കുന്നു, ഈസ്‌ട്രോജന്‍ നല്ല എച്ച്.സി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും അമിതരക്ത സമ്മര്‍ദ്ദം ക്രമീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ത്തവ വിരാമത്തോടെ ഈസ്‌ട്രോജന്റെ പരിരക്ഷണം നഷ്ടമാവുന്നതോടെ സ്ത്രീകള്‍ സാവധാനം ഹൃദ്രോഗത്തിലേക്ക് വഴുതി വീഴുന്നു.
ആര്‍ത്തവം നിലച്ച സ്ത്രീകളെ ഹൃദ്രോഗ സാധ്യതയില്‍ നിന്നു പരിരക്ഷിക്കാനുള്ളതാണ് ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ.
ആര്‍ത്തവം നിലയ്ക്കുന്നതിന് മുമ്പ് സ്ത്രീകള്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുന്ന അതേ അളവിലുള്ള ഹോര്‍മോണ്‍ സ്ഥിരമായി സ്ത്രീകള്‍ക്ക് നല്‍കുക എന്നതാണ് ആ ചികിത്സയില്‍ അടങ്ങിയിട്ടുള്ളത്. ഈസ്‌ട്രോജന്‍ തെറാപ്പിയെടുത്ത സ്ത്രീകളില്‍ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് 53% കുറയ്ക്കാന്‍ കഴിഞ്ഞതായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഈസ്‌ട്രോജന്‍ തെറാപ്പിക്ക് ചില പാര്‍ശ്വഫലങ്ങളുണ്ട്. ഈ ചികിത്സയ്ക്ക് വിധേയരായവരില്‍ സ്തനാര്‍ബുദവും, ഗര്‍ഭാശയ ക്യാന്‍സറും മറ്റും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പാരമ്പര്യ ഹൃദ്രോഗ സാധ്യതയുള്ളവരും പുകവലി, പ്രമേഹം, അമിത കൊളസ്‌ട്രോള്‍, അമിത വണ്ണം തുടങ്ങിയ റിസ്‌ക് ഫാക്ടറുകള്‍ ഉള്ളവരും ഈസ്‌ട്രോജന്‍ ഹോര്‍മോണ്‍ തെറാപ്പി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ കൈക്കൊള്ളാന്‍ പാടുള്ളൂ.
ചുരുക്കത്തില്‍ ഹൃദ്രോഗത്തെ നിസ്സാരമാക്കി തള്ളിക്കളയരുത്. നെഞ്ചുവേദന പോലുള്ളവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.