2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സോഷ്യല്‍ മീഡിയ ജീവിതം തകര്‍ത്തവരില്‍ കൂടുതല്‍ സ്ത്രീകള്‍

ഹംസ ആലുങ്ങല്‍

കോഴിക്കോട്: സൈബര്‍ ആക്രമണങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ വഴി ജീവിതം തകരുന്നവരില്‍ കൂടുതല്‍ സ്ത്രീകള്‍. പ്രായവും പദവിയും നോക്കാതെയാണ് കുറ്റവാളികള്‍ സ്ത്രീകള്‍ക്കു നേരെ അതിക്രമിച്ചുകയറുന്നത്. അത്തരത്തിലാണ് പുതിയ സംഭവങ്ങള്‍. വാട്‌സ് ആപ്പില്‍ പ്രത്യക്ഷപ്പെട്ട നഗ്നചിത്രം തന്റേതല്ലെന്ന് തെളിയിക്കാന്‍ വീട്ടമ്മയായ ശോഭ നടത്തിയ നിയമപോരാട്ടം ഇത്തരം സംഭവങ്ങളുടെ ഭീകരതയിലേക്കാണ് വിരല്‍ചൂണ്ടിയത്.  വനിതാ കമ്മിഷനില്‍ ലഭിക്കുന്ന പരാതികളുടെ സ്വഭാവവും ഇത്തരത്തിലാണെന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു. സൗഹൃദം, പ്രണയം, വിവാഹവാഗ്ദാനം, കുടുംബജീവിതം, ദാമ്പത്യം, സ്വകാര്യത എന്നിവിടങ്ങളിലേക്കെല്ലാം പല തരം ചൂഷണങ്ങളിലൂടെ വേട്ടക്കാര്‍ കടന്നുകയറുന്നു. നിലപാടുള്ള സ്ത്രീകളെ ആശയപരമായി നേരിടുന്നതിനു പകരം സൈബര്‍ ഇടങ്ങളിലൂടെ അപഹസിച്ച് കൈകാര്യം ചെയ്യുന്ന ശ്രമങ്ങളാണു നടക്കുന്നതെന്ന് വനിതാ കമ്മിഷനംഗം അഡ്വ. എം.എസ് താര പറയുന്നു. ആശയങ്ങളെ അസഭ്യവര്‍ഷാക്രമണത്തിലൂടെ അടിച്ചമര്‍ത്തുന്നു. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി ജോസഫൈന്‍, എഴുത്തുകാരിയായ സാറാ ജോസഫ്, വിദ്യാര്‍ഥിനിയായ ഹനാന്‍ പോലും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായി. സാറാ ജോസഫ് സോഷ്യല്‍ മീഡിയയില്‍ ഇനി എഴുതുകയില്ലെന്നും പ്രഖ്യാപിച്ചു. പ്രമുഖരുടെ ജീവിതത്തിലേക്ക് സോഷ്യല്‍ മീഡിയ ആക്രമണം അഴിച്ചുവിടുന്നത് ഇത്തരത്തിലാണെങ്കില്‍ സാധാരണക്കാരായ സ്ത്രീകളുടെ സ്വകാര്യതയിലേക്കാണ് വേട്ടക്കാര്‍ കടന്നുകയറുന്നത്. ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞിരിക്കുന്നവര്‍, വിധവകള്‍, വിദ്യാര്‍ഥിനികള്‍, ദാമ്പത്യ ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുള്ളവര്‍ ഇത്തരക്കാരാണ് കൂടുതലും ഇരകളാകുന്നത്. വാട്‌സ് ആപ്പാണ് ഇവരുടെ കാര്യത്തില്‍ കൂടുതല്‍ വില്ലനാകുന്നത്. പ്രതിവര്‍ഷം 3,000 പരാതികളാണ് വിവിധ കാറ്റഗറികളിലായി വനിതാ കമ്മിഷന്റെ മുന്‍പിലെത്തുന്നത്. ഇതില്‍ ഇപ്പോള്‍ ഏറെയും സോഷ്യല്‍ മീഡിയ വഴിയുള്ളവയാണ്. ഐ.ടി ആക്ട് ദുര്‍ബലമായതിനാല്‍ ആ പരിമിതികള്‍ക്കകത്തു നിന്നാണ് സൈബര്‍ കേസുകളില്‍ അന്വേഷണം നടക്കുന്നത്. ഇതുമൂലം പല കുറ്റവാളികളും രക്ഷപ്പെടുകയാണ്. സോഷ്യല്‍ മീഡിയയെ ആശയസംവാദത്തിനുള്ള വേദിയായി കാണേണ്ടതിനു പകരം അതിന്റെ ദൂഷ്യവശങ്ങളെയാണ് പലരും ഉപയോഗിക്കുന്നത്. എല്ലാ സ്റ്റേഷനുകളിലും സൈബര്‍ സെല്‍ പ്രവര്‍ത്തനം സജീവമാണെങ്കിലും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുടുംബശൈഥില്യങ്ങളും സ്വത്തുകേസുകളുമാണ് കമ്മിഷനു മുന്‍പില്‍ എത്തുന്ന പരാതികളില്‍ ഏറെയും. എന്നാല്‍ കൗശലക്കാരികളായ സ്ത്രീകളുടെ കെണിയില്‍ വീഴുന്ന പുരുഷന്മാരും കുറവല്ല. എറണാകുളത്ത് വനിതാ കമ്മിഷന്‍ സിറ്റിങ്ങിനിടെ വാദിയായ യുവതി പ്രതിയായ സംഭവം ഉണ്ടായത് മാസങ്ങള്‍ക്കു മുന്‍പാണ്. മലപ്പുറത്തു പ്രസവശുശ്രൂഷയ്ക്ക് ഭര്‍ത്താവ് ചെലവു നല്‍കിയില്ലെന്ന പരാതിയുമായെത്തിയ യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോഴും പരാതിക്കാരി പ്രതിയായി. യുവതിക്കു പരസ്ത്രീ ബന്ധമുണ്ടെന്ന പരാതി അന്വേഷിച്ചപ്പോള്‍ എട്ടോളം പേരുമായി അവര്‍ക്ക് അവിഹിതബന്ധമുണ്ടായിരുന്നു എന്നാണു തെളിഞ്ഞത്. സംശയ രോഗങ്ങളുള്ള പല കേസുകളിലും ഡി.എന്‍.എ ടെസ്റ്റ് മാത്രമേ പരിഹാരമുള്ളൂ. എന്നാല്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ കാര്യത്തില്‍ മാത്രമേ വനിതാ കമ്മിഷനു ഡി.എന്‍.എ ടെസ്റ്റിന് നിര്‍ദേശം നല്‍കാനാകൂ എന്നതും തടസമായി നില്‍ക്കുന്നുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.