2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സോളാറില്‍ ഇനി കേസുകളുടെ കാലം

വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സര്‍ക്കാരിന്റെ പ്രഹരം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ വിജിലന്‍സ് കേസ് സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുത്തു മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരേയും അന്വേഷണം ഉമ്മന്‍ചാണ്ടണ്ടിയും പേഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവരും ടീം സോളാര്‍ കമ്പനിയെയും സരിത എസ്.നായരെയും അവരുടെ ഉപഭോക്താക്കളെയും വഞ്ചിക്കാന്‍ സഹായിച്ചതായി കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടണ്ടിയെ ക്രിമിനല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ പൊലിസ് ഓഫിസര്‍മാരെ സ്വാധീനിച്ചു ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിതയെയും സഹായിച്ചു.

നേതാക്കള്‍ക്കെതിരേ ബലാത്സംഗക്കേസും

തിരുവനന്തപുരം: സരിത എസ്. നായരെ ലൈംഗികമായി ഉപയോഗിച്ചതും അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കേസെടുക്കും. ഇതിനു പുറമെ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസുണ്ടാകും.
ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ജോസ് കെ. മാണി, കെ.സി.വേണുഗോപാല്‍ എം.പി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍, എന്‍.സുബ്രഹ്മണ്യന്‍, എ.ഡി.ജി.പി കെ.പത്മകുമാര്‍ തുടങ്ങിവരെക്കുറിച്ചാണ് സരിതയുടെ കത്തില്‍ ലൈംഗിക പീഡന പരാമര്‍ശമുള്ളത്. ഇവര്‍ക്കെല്ലാമെതിരേ കേസുണ്ടാകും.

പുതിയ പരാതികള്‍ ലഭിച്ചാലും അന്വേഷിക്കും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ പുതിയ പരാതികളോ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍മേല്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെ തുടര്‍ന്ന് പുതിയ പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവയെ സംബന്ധിച്ച് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പഴയ കേസുകളില്‍ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്ന പക്ഷം തുടരന്വേഷണം നടത്താവുന്നതാണെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.

പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനത്തിനൊപ്പം നടപടിയും

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉള്‍പ്പെട്ട ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലകളില്‍ നിന്നു മാറ്റി. അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ.ഡി.ജി.പി കെ. പത്മകുമാറിനെ തൃശൂര്‍ പൊലിസ് അക്കാദമി തലപ്പത്തുനിന്നുമാണ് മാറ്റിയത്. ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെന്നതാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം.
ഹേമചന്ദ്രന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ആയാണ് പുതിയ നിയമനം. എ.ഡി.ജി.പി കെ.പത്മകുമാറിനെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡിയായും നിയമിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയും പൊലിസ് കേസും എടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

പ്രത്യേക സംഘത്തെ രാജേഷ്ദിവാന്‍ നയിക്കും

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തെ നയിക്കുക ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി ദിനേന്ദ്രകശ്യപ്, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി പി.ബി.രാജീവ്, വിജിലന്‍സ് ഡിവൈ.എസ്.പി ഇ.എസ്.ബിജിമോന്‍, തിരുവനന്തപുരം സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി എ.ഷാനവാസ്, കൊല്ലം എസ്.ബി.സി.ഐ.ഡി ഡിവൈ.എസ്.പി ബി.രാധാകൃഷ്ണപിള്ള എന്നിവരാണ് സംഘാംഗങ്ങള്‍. ഇവര്‍ സോളാര്‍ സംബന്ധമായി സരിതയുടെയും ശ്രീധരന്‍ നായരുടെയും കോടതികളിലുള്ള കേസുകള്‍ പരിശോധിച്ച് തുടരന്വേഷണം നടത്തും. ഇതിനായി കോടതികളിലുള്ള കേസുകള്‍ പരിശോധിക്കാന്‍ അപേക്ഷ നല്‍കും.
കൂടാതെ സോളാര്‍ കേസ് നേരത്തെ അന്വേഷിച്ച സംഘത്തിന്റെ പങ്കിനെ കുറിച്ചും പ്രത്യേക അന്വേഷണസംഘം ഇന്നോ നാളെയോ യോഗം കൂടി അന്വേഷണം ആരംഭിക്കും.

പിണറായിയുടെ രാഷ്ട്രീയനാടകം: ഉമ്മന്‍ചാണ്ടി

ചെറുതുരുത്തി: സോളാര്‍ കേസില്‍ പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ നാടകം കളിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
റിപ്പോര്‍ട്ടിലെ ടേംസ് ഓഫ് റഫറന്‍സ് എന്താണെന്ന് പിണറായി വെളിപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ അന്നത്തെ പ്രതിപക്ഷം പോലും ഉയര്‍ത്താത്തതാണ്. നിയമസഭയില്‍ പോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ല.
ഒന്‍പത് തവണ സോളാര്‍ വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. അന്നൊന്നും ഇപ്പോഴത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടില്ല. നീണ്ട സിറ്റിങ്ങാണ് സോളാര്‍ കമ്മിഷന്‍ നടത്തിയത്.

യു.ഡി.എഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണം: വി.എസ്

തിരുവനന്തപുരം: സോളാര്‍ കേസിലും ബലാത്സംഗക്കേസിലും അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. അഴിമതിക്കാര്‍ക്കും സദാചാരവിരുദ്ധര്‍ക്കും പൊതുരംഗത്തു തുടരാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

നാലാംകിട രാഷ്ട്രീയം: ആന്റണി

ന്യൂഡല്‍ഹി: വേങ്ങരയിലെ വോട്ടെടുപ്പ്ദിനം തന്നെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാനുള്ള തീരുമാനം പുറത്തുവിട്ട മുഖ്യമന്ത്രിയുടെ നടപടി നാലാംകിട രാഷ്ട്രീയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. റിപ്പോര്‍ട്ട് വിശദമായി പഠിക്കാതെ അതേക്കുറിച്ചു പ്രതികരണം നടത്തുന്നില്ല. സര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസ് പുനഃസംഘടനയെ ഒരുതരത്തിലും ബാധിക്കില്ല. നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി അതോടൊപ്പം തന്നെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ തയാറാകാതിരുന്നതും സാമാന്യമര്യാദയില്ലാത്ത നടപടിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.