2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സോളാര്‍: പരാതിയുമായി ഡി.ജി.പി ഹേമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണവിധേയനായി സ്ഥാനംതെറിച്ച ഡി.ജി.പി ഹേമചന്ദ്രന്‍ പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ അടുക്കലെത്തി. സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയാണ് ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
തന്നെ സോളാര്‍ കമ്മിഷന്‍ ബോധപൂര്‍വം കുരുക്കിയതാണെന്നും അന്നത്തെ സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്‍പ്രകാരം സത്യസന്ധമായ അന്വേഷണമാണ് നടത്തിയതെന്നും ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരേ നടപടിയെടുത്ത തീരുമാനത്തില്‍ പ്രതിഷേധവും മുഖ്യമന്ത്രിയെ അറിയിച്ചു. കൂടാതെ സോളാര്‍ കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ചുള്ള വിവരണവും മുഖ്യമന്ത്രിക്ക് നല്‍കി.
വിചാരണയിലിരിക്കുന്ന ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടത് ജുഡീഷ്യല്‍ കോടതിയില്‍ മാത്രമാണ്, എന്‍ക്വയറി കമ്മിഷനില്‍ അല്ല. അതു കമ്മിഷന്റെ പരിഗണനാ വിഷയങ്ങളില്‍ പെടാത്തതാണ്.
ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട് എന്നായിരുന്നു സോളാര്‍ കമ്മിഷനില്‍ ഹേമചന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലം. സോളര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളുമാണു കമ്മിഷന്റെ അന്വേഷണവിഷയം. അതില്‍ കമ്മിഷനെ സഹായിക്കാനാണ് താനും അന്വേഷണ ഉദ്യോഗസ്ഥരും തെളിവുനല്‍കാന്‍ പലതവണ ഹാജരായത്. എന്നാല്‍, അതിനപ്പുറം ക്രിമിനല്‍ കേസുകളുടെ വിചാരണയാണു കമ്മിഷനില്‍ നടക്കുന്നതെന്നായിരുന്നു ഹേമചന്ദ്രന്‍ സോളാര്‍ കമ്മിഷനു നല്‍കിയ സത്യാവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇത് സോളാര്‍ കമ്മിഷനെ പ്രകോപിപ്പിച്ചു. ഇതാണ് തനിക്കെതിരേ കമ്മിഷന്‍ തിരിയാന്‍ കാരണമെന്നും ഹേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വിശദീകരണം കേട്ട മുഖ്യമന്ത്രി അന്വേഷണം നടക്കട്ടെ എന്ന മറുപടിയാണ് നല്‍കിയത്.
അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെ സി.എം.ഡിയായി ചുമതലയേല്‍ക്കുന്നതിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രിയെ കണ്ടെതെന്നും കെ.എസ്.ആര്‍.ടി.സിയെക്കുറിച്ചല്ലാതെ മറ്റ് കാര്യങ്ങള്‍ സംസാരിച്ചില്ലെന്നും എ. ഹേമചന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ.ഹേമചന്ദ്രന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സമ്മര്‍ദത്തിന് വഴങ്ങി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ പങ്ക് കേസില്‍നിന്ന് മറച്ചുവച്ചുവെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍.
പരാതിയുമായി ഹേമചന്ദ്രന്‍ ഐ.പി.എസ് അസോസിയേഷനെയും സമീപിച്ചിട്ടുണ്ട്. എ.ഡി.ജി.പി പദ്മകുമാറും അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തലവന്‍ രാജേഷ് ദിവാന്‍ സരിതയുടെ മൊഴി ഉടന്‍ എടുക്കും. അതില്‍ പദ്മകുമാര്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ വച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്ന് നേരത്തെ കമ്മിഷനു മുന്നില്‍ പരാതിപ്പെട്ടിരുന്നു. ഇത് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിച്ചാല്‍ പദ്കുമാറിനെതിരെ ബലാല്‍സംഗത്തിന് കേസെടുക്കും. അറസ്റ്റിനും സാധ്യതയുണ്ട്. കേസെടുത്താല്‍ സര്‍വിസില്‍ നിന്നു സസ്‌പെന്റ് ചെയ്‌തേക്കും. ഇത് തടയാന്‍ കോടതിയെ സമീപിക്കാന്‍ പദ്മകുമാര്‍ തീരുമാനിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.