2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സോളാര്‍: കോണ്‍ഗ്രസ് പ്രതിരോധത്തിന്

തിരുവനന്തപുരം: ഇടതു സര്‍ക്കാരില്‍ നിന്നുണ്ടായ സോളാര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗോദയിലിറങ്ങി. സോളാര്‍ കേസ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പുറത്തുവിട്ടതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് സ്പീക്കര്‍ക്ക് പരാതി നല്‍കി.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷയും നല്‍കി.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഭാംഗങ്ങളാണ് ആദ്യം അറിയേണ്ടതെന്നും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനു മുന്‍പുതന്നെ അതിലെ പരാമര്‍ശങ്ങള്‍ വെളിപ്പെടുത്തിയത് സഭയുടെ അവകാശ ലംഘനമാണെന്നും കെ.സി.ജോസഫ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നല്‍കിയ പരാതിയില്‍ പറയുന്നു. സര്‍ക്കാരിന്റെ പകപോക്കലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ആദ്യം സര്‍ക്കാരിനെ സമീപിക്കും. നല്‍കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും.
മുഖ്യമന്ത്രി ഇന്നലെ പുറത്തുവിട്ട വിവരങ്ങള്‍ വച്ചുനോക്കുമ്പോള്‍ അന്വേഷണ കമ്മിഷന്റെ നിര്‍ദേശവും നിയമോപദേശവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നു നേതാക്കള്‍ പറയുന്നു.
സരിതക്കെതിരായ ലൈംഗികപീഡനത്തിന്റെ കാര്യത്തിലും ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ചില അംഗങ്ങളും കൈക്കൂലി വാങ്ങിയെന്ന കാര്യത്തിലും കമ്മിഷന്റെ കണ്ടെത്തലും നിയമോപദേശവും തമ്മില്‍ പൊരുത്തം കാണുന്നില്ല. ഇതില്‍ വ്യക്തത വരേണ്ടതുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയാല്‍ അതില്‍ വ്യക്തത വരും. അതനുസരിച്ചു തുടര്‍നടപടികളിലേക്കു നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നു നേതാക്കള്‍ അറിയിച്ചു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനുവേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ കാര്യം ഉമ്മന്‍ചാണ്ടി ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വെളിപ്പെടുത്തിയത്. അതു ലഭിച്ചാലുടന്‍ മറ്റു നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് ലഭിച്ചാല്‍ സാധാരണ ചെയ്യാറുള്ളതുപോലെ ശുപാര്‍ശകളോ പ്രസക്തഭാഗങ്ങളോ മാധ്യമങ്ങള്‍ക്കു നല്‍കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും അതിനു തയാറായിട്ടില്ല . സാധാരണ ഗതിയില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാധ്യമങ്ങള്‍ക്കു നല്‍കാറുണ്ട്.
എന്നാല്‍ ഇതുസംബന്ധിച്ച നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോര്‍ട്ടോ പ്രസക്തഭാഗങ്ങളോ പ്രസിദ്ധീകരണത്തിനു നല്‍കാത്തത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
വിവാദങ്ങള്‍ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവയ്ക്കാനും മുഖം നഷ്ടപ്പെട്ട ഗവണ്‍മെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമാണിതെന്നും ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.