2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

സോണിയ വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മോദിയെ കാണാന്‍ നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയ്ക്കായി പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ഐക്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നില്‍ നിതീഷ് കുമാര്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം സോണിയ വിളിച്ച യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. പകരം ജെ.ഡി.യുവിനെ പ്രതിനിധീകരിച്ച് കെ.സി ത്യാഗിയാണ് പങ്കെടുത്തത്. എന്നാല്‍, പ്രധാനമന്ത്രിയുടെ വിരുന്ന് തികച്ചും ഔദ്യോഗികമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നുമാണു ജെ.ഡി.യു വ്യക്തമാക്കുന്നത്.

നേരത്തെ നോട്ടു നിരോധനം വന്നപ്പോള്‍ മോദിയെ പിന്താങ്ങുന്ന നിലപാടാണ് നിതീഷ് കുമാര്‍ സ്വീകരിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് മോദിയ്‌ക്കെതിരെ സംഘടിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമത്തില്‍ നിന്നും നിതീഷ് കുമാര്‍ വഴുതി മാറുന്നത്.

അതേസമയം, ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സംഘടിപ്പിച്ച ഉച്ചവിരുന്നില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പൊതുസമ്മതനെ നിര്‍ത്താനുള്ള നീക്കത്തിന് ശക്തിപകരുന്നതായിരുന്നു വിരുന്ന്.

ബി.എസ്.പി നേതാവ് മായാവതി, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് സുധാകര്‍ റെഡ്ഡി, ഡി.എം.കെ നേതാവ് കനിമൊഴി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, ജെ.ഡി.യു നേതാവ് ശരത് യാദവ്, എന്‍.സി.പി നേതാവ് ശരത് പവാര്‍, മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി ദേവഗൗഡ, എസ്.പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ വിരുന്നിനെത്തി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരും സംബന്ധിച്ചു. കേരളത്തില്‍ നിന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ്, സി.പി.എം നേതാവ് പി.കരുണാകരന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവരാണ് എത്തിയത്. വിരുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചിരുന്നില്ല.

യോഗത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ചും മൂന്നുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, സഹാറന്‍പൂരിലെ ജാതിസംഘര്‍ഷം, നോട്ട് നിരോധനം എന്നിവയും ചര്‍ച്ചചെയ്തു. സര്‍ക്കാരും പ്രതിപക്ഷവും കൂടി ഒരു സുസമ്മതനായ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ യോഗത്തില്‍ മമത മുന്നോട്ടുവച്ചത്. മതേതരപ്രതിപദ്ധതയുള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.