2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍ക്കുള്ള സ്‌പെഷല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പകരം ഇവര്‍ക്ക് സി.ആര്‍.പി.എഫ് ഒരുക്കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയായിരിക്കുമുണ്ടാകുക. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മൂന്നു പേരും എസ്.പി.ജി സുരക്ഷാ നിര്‍ദേശങ്ങള്‍ പലതവണ ലംഘിച്ചതായും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
2005 മുതല്‍ 2014 വരെ രാഹുല്‍ ഗാന്ധി രാജ്യത്ത് പലഭാഗത്ത് സഞ്ചരിച്ചത് ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കിയാണ്. ഇത് ഗൗരവമുള്ള ലംഘനമാണ്. 2015 മുതല്‍ ഈ വര്‍ഷം മെയ് വരെ 1,892 തവണ ഡല്‍ഹിയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കി യാത്ര ചെയ്തു. ജൂണ്‍ വരെ ഡല്‍ഹിക്ക് പുറത്ത് 247 തവണയും ഇതുപോലെ യാത്ര ചെയ്തു. പലപ്പോഴും റാലികളില്‍ വാഹനത്തിന് മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്തു. 2017 ഓഗസ്റ്റ് നാലിന് ഗുജറാത്തില്‍ നിര്‍ദേശം ലംഘിച്ച് ബുള്ളറ്റ് പ്രൂഫ് സൗകര്യമില്ലാത്ത വാഹനത്തില്‍ യാത്ര ചെയ്തു. അന്ന് അവിടെ കല്ലേറുണ്ടാകുകയും പൊലിസ് ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തു.
1991 മുതല്‍ നടത്തിയ 156 വിദേശ യാത്രകളില്‍ 143 യാത്രകളിലും എസ്.പി.ജി ഉദ്യോഗസ്ഥരെ കൂടെക്കൂട്ടിയില്ല. 143 യാത്രകളിലും യാത്രാവിവരം അവസാന മണിക്കൂറിലാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് ഉദ്യോഗസ്ഥര്‍ കൂടെ വരുന്നത് ഒഴിവാക്കാനായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പൊതുപരിപാടികളിലെ പ്രസംഗങ്ങളില്‍ സര്‍ക്കാരിന് താല്‍പര്യമില്ലാത്ത രീതിയില്‍ എസ്.പി.ജിയെ പരാമര്‍ശിച്ചു. സോണിയാഗാന്ധിയ്‌ക്കെതിരേയും സമാനമായ ആരോപണമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
2015 മുതല്‍ 2019 മെയ് വരെ ഡല്‍ഹിയില്‍ യാത്ര ചെയ്തപ്പോള്‍ 50 തവണ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഒഴിവാക്കിയെന്നുമാണ് ആരോപണം.

 

 

എസ്.പി.ജി സുരക്ഷ

1985ല്‍ ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാ സൈനികരാല്‍ കൊല്ലപ്പെട്ട ശേഷമാണ് പ്രധാനമന്ത്രി, രാഷ്ട്രപതി, അവരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് എസ്.പി.ജി സുരക്ഷ കൊണ്ടുവരുന്നത്.
രാജീവ് ഗാന്ധിയുടെ മരണത്തോടെ മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബത്തിനും 10 വര്‍ഷത്തേക്ക് എസ്.പി.ജി സുരക്ഷ ഏര്‍പ്പെടുത്തി. ഏറ്റവും അത്യാധുനിക ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുമായാണ് എസ്.പി.ജി സുരക്ഷയൊരുക്കുക. സഞ്ചരിക്കാന്‍ ഒന്നിലധികം ബുള്ളറ്റ് പ്രൂഫ് കാറുകളും ആംബുലന്‍സും മറ്റു സൗകര്യങ്ങളും എസ്.പി.ജി സുരക്ഷയുള്ളവര്‍ക്ക് അകമ്പടിയായുണ്ടാവും. ഏതെല്ലാം തരത്തിലുള്ള സുരക്ഷാ സംവിധാനമാണ് എസ്.പി.ജി ഒരുക്കുകയെന്ന് വെളിപ്പെടുത്താറില്ല. എത്ര സുരക്ഷാ ഗാര്‍ഡുകള്‍ എന്ന കാര്യവും രഹസ്യമായിരിക്കും. ഇസഡ് പ്ലസ് സുരക്ഷയാവുമ്പോള്‍ 55 ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി ഉണ്ടാകുക. അതില്‍ 10ലധികം പേര്‍ എന്‍.എസ്.ജി കമാന്‍ഡോകളായിരിക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.