2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഉദ്യോഗസ്ഥരെ വെറുതെവിട്ടത് ശരിവച്ച് ബോംബെ ഹൈക്കോടതിയും

മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയരായ അഞ്ച് ഉദ്യോഗസ്ഥരെ വെറുതെവിട്ട ഗുജറാത്ത് ഹൈക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. കേസില്‍ ഗുജറാത്ത് മുന്‍ ഡി.ഐ.ജി ഡി.ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, എന്‍.കെ അമിന്‍,രാജസ്ഥാന്‍ പൊലിസിലെ ദിനേശ് എം.എന്‍, ദല്‍പത് സിങ് റാത്തോഡ് എന്നിവരെ വെറുതെവിട്ട വിധിയാണ് കോടതി ശരിവച്ചത്. ഇതില്‍ വന്‍സാര ഒഴികെയുള്ളവര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്.
അതേസമയം, നേരത്തേ വിചാരണ കോടതി വെറുതെവിടാതിരുന്ന ഗുജറാത്ത് ഐ.പി.എസ് ഓഫിസര്‍ വിപുല്‍ അഗര്‍വാളിനെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു.
ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബദറിന്റെ ഉത്തരവ്.ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ സൊഹ്‌റാബുദ്ദീന്റെ സഹോദരനടക്കമുള്ളവരാണ് ബോബെ ഹൈക്കോടതിയെ സമീപിച്ചത്.
2005ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ചായിരുന്നു വ്യാജ ഏറ്റുമുട്ടല്‍. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ കാണാതാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇവരെ പൊലിസ് ബലാത്സംഗം ചെയ്തിരുന്നതായും ആരോപണമുണ്ട്. കേസിലെ പ്രധാന സാക്ഷികളിലൊരാളായ തുളസീറാം പ്രജാപതിയെയും 2006 ഡിസംബറില്‍ സമാനമായൊരു ഏറ്റുമുട്ടല്‍ നടത്തി പൊലിസ് കൊലപ്പെടുത്തിയിരുന്നു.
നിലവിലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേസില്‍ ആരോപണവിധേയനായിരുന്നു. ഇദ്ദേഹത്തിനെതിരായ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയാണ് പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ജസ്റ്റിസ് ലോയയുടെ മരണശേഷം കേസ് പരിഗണിച്ച ജസ്റ്റിസ് എം.ബി ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.