2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സൈബര്‍ മാനിയയും മയക്കുമരുന്നും

ദാരിമി.ഇ.കെ. കാവനൂര്‍ 9539494925

കുറ്റകൃത്യങ്ങള്‍ പെരുപ്പിച്ചു സൈബര്‍ ലോകവും മയക്കുമരുന്നു ലോബിയും പുതിയ തലമുറയെ സാമൂഹികാരാജകത്വത്തിലേയ്ക്കു നയിക്കുന്നു. ശക്തവും ആസൂത്രിതവുമായ ബോധവത്കരണം നടത്തിയിട്ടില്ലെങ്കില്‍ സൈബര്‍മാനിയയും മയക്കുമരുന്നുപയോഗവും നമ്മുടെ സമാധാനജീവിതം തകര്‍ക്കുമെന്നുറപ്പാണ്. ദൈനംദിനം സംഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ നല്‍കുന്ന സന്ദേശവും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
സാങ്കേതികവിദ്യയുടെ വികസനം സൈബര്‍ലോകത്തെ അനന്തതയിലേയ്ക്കു വാതില്‍തുറന്നിരിക്കുന്നു. കുടുംബബന്ധങ്ങള്‍ തകര്‍ക്കുകയും വൈവാഹികബന്ധങ്ങള്‍ ശിഥിലമാക്കുകയും കുറ്റകൃത്യങ്ങള്‍ പെരുപ്പിക്കുകയും ചെയ്തുകൊണ്ട് സൈബര്‍ലോകവും മയക്കുമരുന്ന് ലോബിയും പുതിയ തലമുറകളെ സാമൂഹിക അരാചകത്വത്തിലേക്ക് നയിക്കുന്നു. ഗൗരവമായ മുന്‍കരുതലുകള്‍ക്ക് ഉപകരിക്കുംവിധം ശക്തമായതും യുക്തിദീക്ഷ്ണവുമായ ബോധവത്കരണം നടത്തിയിട്ടില്ലെങ്കില്‍ സൈബര്‍മാനിയ നമ്മുടെ സമാധാന ജീവിതം തകര്‍ക്കുമെന്ന് ഉറപ്പാണ്.
ഈ അടുത്തായി റിപ്പോര്‍ട്ടുചെയ്യപ്പെട്ട വിവിധ കേസുകളുടെ ചുരുളഴിച്ചപ്പോള്‍ നമുക്കു ലഭിച്ച വിവിരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. വൃക്ക, കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്ക് അടിമപ്പെട്ട 58 കാരിയായ വയോധികയെ പീഡിപ്പിച്ചത് 65 -70 വയസ്സായ വയോധികരാണ്. 10-ാം ക്ലാസുകാരന്‍ കൊലപാതകത്തില്‍ പിടിയിലായതും ചെറിയ പിഞ്ചുകുട്ടിയുടെ ലൈംഗികാവയവത്തില്‍ കമ്പുകുത്തികേറ്റി മരപ്പൊത്തില്‍ ഒളിപ്പിച്ചതും അമിതവേഗതയില്‍ ബൈക്കോടിച്ചുവന്ന 9-ാം ക്ലാസുകാരന്‍ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍ പെട്ടു കഴുത്തിന് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍ തൊണ്ടയില്‍കുടുങ്ങികിടന്ന മയക്കുമരുന്ന് കുത്തിനിറച്ച പാന്‍മസാല കെട്ടുകള്‍ പുറത്തെടുത്തതുമെല്ലാം കുത്തഴിഞ്ഞ ജീവിതത്തില്‍ നിന്നുമാത്രം ഉണ്ടായതാണ്. എല്ലാത്തിന്റെയും പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനവും മയക്കുമരുന്നുപയോഗവും സൈബര്‍മാനിയയുമാണെന്ന് പൊലിസ് വെളിപ്പെടുത്തുകയുണ്ടായി. ഏതു പ്രായക്കാരനെയും വഴിതെററിക്കാനുളള സാഹചര്യങ്ങളാണിന്ന് വീടുകളിലും പാഠശാലകളിലും കണ്ടുകൊണ്ടിരിക്കുന്നത്. നിയന്ത്രിക്കേണ്ടവരും തടയേണ്ടവരും അതിന് കൂട്ടുനില്‍ക്കുകയും മൗനം പാലിക്കുകയും ചെയ്യുന്നു. മാതൃക കാണിക്കേണ്ടവര്‍ കണ്ണികളായി ചേരുന്നു. കുട്ടികളെയും യുവാക്കളെയും എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കി കയറൂരി വിടുന്നു. ചോദിച്ചതെല്ലാം നല്‍കി അമിതലാളനകള്‍ വച്ചുപുലര്‍ത്തുന്നു. തെറ്റിലേക്ക് വഴുതിപോകുന്ന മക്കളെ കാണുമ്പോള്‍ അതിലൊന്നും ശ്രദ്ധിക്കാതെ മാതാപിതാക്കള്‍ ഒരുനിശബ്ദ ലോകത്ത് കഴിഞ്ഞു കൂടുന്നു.
എല്ലാ ക്രൂരതകള്‍ക്കും അനാചാരങ്ങള്‍ക്കും മുന്‍പില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ മൗനവും സൈബര്‍കുറ്റങ്ങളുടെ ആഴവും മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് ന്യൂജനറേഷന്‍ ഈ കുറ്റകൃത്യങ്ങളില്‍ അടിമപ്പെട്ടുപോയതിന്റെ പ്രധാന കാരണം.
മാസങ്ങള്‍ക്ക് മുന്‍പ് തൊടുപുഴ ചേമ്പളം സെന്‍മേരീസ് എല്‍.പി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയായ നിയയെ കൊന്നതിന്റെ പേരില്‍ പിടിയിലായത് 4-ാം ക്ലാസ് വിദ്യാര്‍ഥിയായ 10 വയസുകാരനായിരുന്നു. മദ്യപാനിയായ പിതാവിന്റെ കുത്തഴിഞ്ഞ ജീവിതവും അയാള്‍ രാത്രി സമയങ്ങളില്‍ സ്ഥിരമായി കാണാറുളള അശ്ലീല സിഡികളും മകന്‍ കാണുകയും ഉള്‍ക്കൊളളുകയും ചെയ്തതിനാലാണ് ആ കൊച്ചുബാലനെ കുറ്റവാളിയാക്കിയതെന്ന് പൊലിസ് പറഞ്ഞു.
ഇതേ പ്രകാരം മാസങ്ങള്‍ക്കു മുന്‍പ് റിപ്പോര്‍ട്ടുചെയ്ത മറ്റൊരു സംഭവമായിരുന്നു കുമളി ആനവിലാസം മേപ്പാറ കോളനിയില്‍ നാലരവയസുകാരിയെ പീഡിച്ച് കൊലപ്പെടുത്തിയത്. പിടിയിലായത് 13 കാരനായിരുന്നു. വീടിനടുത്തുളള ഏലത്തോട്ടത്തിലേക്ക് കൊണ്ടുപോയി ബലാല്‍സംഗത്തിന് ശ്രമിച്ച പ്രതി കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി സിഗരറ്റ് ലൈറ്ററുപയോഗിച്ച് ചുണ്ടുകളും പുരികങ്ങളും വലതുചെവിയും കത്തിച്ചുവികൃതമാക്കിയ ആ സംഭവം കൊടുംകുറ്റവാളികള്‍ പോലും ചെയ്യാന്‍ മടിക്കുന്നതായിരുന്നു. അതിലേക്ക് ആ ബാലനെ പ്രേരിപ്പിച്ചത് പിതാവിന്റെ മൊബൈലില്‍ നിന്ന് രാത്രിസമയങ്ങളില്‍ കണ്ടുകൊണ്ടിരുന്ന അശ്ലീലചിത്രങ്ങളായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സൈബര്‍മാനിയയും മയക്കുമരുന്നും മാത്രമല്ല എല്ലാവിധ ലഹരികളുടെയും ഉപയോഗം സമൂഹത്തില്‍ വര്‍ധിച്ചിരിക്കുന്നു. മദ്യപാനം ഘട്ടം ഘട്ടമായി നിരോധിക്കുമെന്ന് പറയുമ്പോഴും മദ്യപാനികളുടെ എണ്ണം കൂടികൂടി വരികയാണ്. മാരകമായ ധാരാളം ശാരീരിക പ്രശ്‌നങ്ങള്‍ക്ക് മദ്യപാനം ഇടം നല്‍കുന്നുവെന്നറിഞ്ഞിട്ടും എല്ലാം മറന്ന് അത് നിരോധിക്കാന്‍ മുന്നോട്ടുവരേണ്ട രാഷ്ട്രീയക്കാര്‍ വോട്ടുബാങ്കില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന കാലത്തോളം മദ്യവര്‍ജ്ജനം സാധ്യമല്ല. അടിസ്ഥാനരഹിതമായ പല കാര്യങ്ങളും പറഞ്ഞ് ഈ സര്‍വനാശത്തെ ജനകീയമാക്കാനാണിന്ന് ഭരണകൂടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പലരും ശ്രമിക്കുന്നത്.
തലച്ചോറിനെ ബാധിക്കുന്ന ഓര്‍മ്മക്കുറവ്, ശ്രദ്ധയില്ലായ്മ, മസ്തിഷ്‌കാഘാതം, നാഡിവ്യൂഹങ്ങള്‍ക്ക് വരുന്ന ബലഹീനത, അന്നനാളങ്ങളിലെ അര്‍ബുദം, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, ദുര്‍ബലമായ ഹൃദയമിടിപ്പ്, ഹൃദയപേശികള്‍ക്കുണ്ടാകുന്ന കേട്, വിട്ടുമാറാത്ത നെഞ്ചുരോഗങ്ങള്‍, ക്ഷയം, കരള്‍വീക്കം, മഹോദരം, ആമാശയത്തിലെ അര്‍ബുദം, കുടലിലെ വൃണം, ഛര്‍ദ്ദി, ഗ്യാസ്, ട്രൈറ്റിസ്, വൃക്കരോഗങ്ങളുടെ തകരാറ്, പ്രമേഹം, മൂത്രസഞ്ചിയിലെ അര്‍ബുദം, ലൈംഗികാവയവങ്ങളുടെ ഷണ്ഡത്വം, ആര്‍ത്തവരോഗങ്ങള്‍ എന്നിവയെല്ലാം മദ്യപാനം മൂലം ഉണ്ടായിതീരുന്നു. സമൂഹത്തില്‍ മദ്യപാനത്തിലൂടെ എല്ലാ തിന്മകളും അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.മദ്യം എല്ലാ തിന്മകളുടേയും താക്കോലാണെന്നാണ് നബി(സ) പറഞ്ഞത് ഇത് കൊണ്ടായിരിക്കാം.
ശക്തമായ ബോധവത്കരണത്തിന്റെ കുറവും ഇത്തരം ദൂഷ്യങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷകളുടെ കുറവും തെറ്റുകളില്‍ അകപ്പെടാനുളള സാഹചര്യങ്ങളും ഇവയ്ക്ക് വളം നല്‍കുന്നു. വളരെ ശാന്തമായി കിടന്നിരുന്ന പല മഹല്ലുകളിലുമിന്ന് മേല്‍ വിവരിച്ച ദുരാചാരങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രധാന കാരണം ആസൂത്രിതവും വ്യക്തവുമായ കാഴ്ച്ചപ്പാടില്ലാത്തതുമായ ദഅ്‌വാ പ്രവര്‍ത്തനങ്ങളാണ്. വെറും ആള്‍ക്കൂട്ടങ്ങളായി മാറുന്ന പാതിരാ പ്രസംഗങ്ങളില്‍ പലതും ദീനിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊടിച്ചു കൊണ്ടുളള പ്രഭാഷണങ്ങളായി മാറുകയാണ്.
പണം വാരികൂട്ടാനും കൂനുപോലെ മുളച്ചുപൊന്തുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കാനാണത്രെ പലരും മത്സരിക്കുന്നത്. സമൂഹത്തില്‍ നടമാടുന്ന ദുരാചാരങ്ങളെക്കുറിച്ച് വ്യക്തമായി ഒരിടത്തും ചര്‍ച്ചചെയ്യപ്പെടുകയോ പരിഹാരം നിര്‍ദേശിക്കുകയോ ചെയ്യുന്നത് കുറവാണ്. ഉണ്ടെങ്കില്‍ തന്നെ അപൂര്‍വവും. വ്യക്തവും യുക്തിതീക്ഷ്ണവുമായ പ്രബോധനത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ക്ക് സാധ്യമാകൂ. ”യുക്തിദീക്ഷയോടുകൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗ്ഗത്തിലേക്ക് നീ ക്ഷണിച്ചുകൊളളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക” (ഖുര്‍ആന്‍ 16125)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.