2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

സേലത്ത് ബസുകള്‍ കൂട്ടിയിടിച്ച് 6 മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

 

സേലം/ആലപ്പുഴ: തമിഴ്‌നാട്ടിലെ സേലത്ത് ബസുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. നാലുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ആലപ്പുഴ എടത്വാ കാട്ടാംപള്ളില്‍ കുഞ്ഞച്ചന്റെ മകന്‍ ജോര്‍ജ് ജോസഫ് (മോന്‍സി 62), ഭാര്യ അല്‍ഫോന്‍സ (60), മകള്‍ ടിനു ജോസഫ് (32), ഇവരുടെ ഭര്‍ത്താവ് ഇരിങ്ങാലക്കുട യൂക്കന്‍ കുടുംബാംഗം സിജി വിന്‍സെന്റ് (35), ബംഗളൂരു എസ്.ജി പാളയത്ത് താമസിക്കുന്ന ആലപ്പുഴ എടത്വ സ്വദേശി പ്രൊഫ. ജിം ജേക്കബ് കരിക്കംപള്ളില്‍ (ജിമ്മിച്ചന്‍ 58), എടത്വ തലവടി ചിറ്റേഴത്ത് വര്‍ക്കി തര്യന്റെ മകന്‍ ഷാനോ വി. തര്യന്‍ (28), 40 വയസ് തോന്നിക്കുന്ന തിരിച്ചറിയാത്ത പുരുഷന്‍ എന്നിവരാണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു.
അപകടത്തില്‍ പുറത്തേക്ക് തെറിച്ച് വീണ ടിനു-സിജി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ ഏദന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 40 വര്‍ഷമായി ബംഗളൂരുവിലാണ് ജോര്‍ജ് ജോസഫും കുടുംബവും താമസിക്കുന്നത്. ചാലക്കുടിയില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. പ്രൊഫ. ജിം ജേക്കബ് കരിക്കംപള്ളില്‍ (ജിമ്മിച്ചന്‍ 58) എടത്വ സെന്റ് അലോഷ്യസ് കോളജ് കൊമേഴ്‌സ് വിഭാഗം അധ്യാപകനായിരുന്നു. എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബാംഗമാണ്.
അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. ബംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ബസും സേലത്തു നിന്ന് കൃഷ്ണഗിരിയിലേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് സേലം ജില്ലയിലെ മാമാങ്കത്ത് വച്ച് കൂട്ടിയിടിച്ചത്.
ഇന്നലെ പുലര്‍ച്ചെ 1.45 ഓടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട പിക്കപ്പ് വാനിനെ മറികടക്കാനുള്ള ശ്രമത്തില്‍ പിന്നിലിടിച്ച കൃഷ്ണ ഗിരിയിലേക്കുള്ള ബസ് എതിരെ വന്ന തിരുവല്ല ബസിലും ഇടിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.