2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സെര്‍ജിയോ സ്റ്റൈല്‍

 

ബര്‍മിങ്ഹാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇരട്ടിമധുരം. ആസ്റ്റന്‍ വില്ലയുടെ ഹോം ഗ്രൗണ്ടില്‍ അവരെ 6-1ന് കീഴ്‌പ്പെടുത്തിയ സിറ്റിക്കൊപ്പം ഹാട്രിക് സ്വന്തമാക്കിയ അഗ്യൂറോ ഒരുപിടി റെക്കോര്‍ഡും കൈക്കലാക്കി.
പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇംഗ്ലീഷുകാരനല്ലാത്ത താരം എന്ന റെക്കോര്‍ഡും ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കിനവകാശി എന്ന റെക്കോര്‍ഡുമാണ് താരം പഴങ്കഥയാക്കിയത്. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ രണ്ടാം ഗോളിലൂടെയായിരുന്നു ഗോള്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. ഇതുവരെ 175 ഗോളുമായി തിയറി ഹെന്റിയാണ് ഇക്കാര്യത്തില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ മത്സരത്തോടെ 177 ഗോള്‍ നേടി അഗ്യൂറോ ഹെന്റിയെ മറികടന്നു. കൂടാതെ, ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കിനുടമയായിരുന്ന അലന്‍ ഷിയറെയും ഈ മത്സരത്തോടെ അഗ്യൂറോ മറികടന്നു. ഈ മത്സരത്തോടെ 12 ഹാട്രിക്കുകളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താരം നേടിയിരിക്കുന്നത്.
അത്‌ലറ്റികോ മാഡ്രിഡില്‍നിന്ന് 2011ലാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. ലീഗില്‍ തന്റെ 255ാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്.
റിയാദ് മെഹ്‌റസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ഗബ്രിയേല്‍ ജീസസും എതിര്‍ വല കുലുക്കി. എക്‌സ്ട്രാ ടൈമില്‍ അന്‍വര്‍ എല്‍ ഗാസിയാണ് ആസ്റ്റന്‍ വില്ലയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.
ജയത്തോടെ സിറ്റി ലെസ്റ്ററിനെ മറികടന്ന് രണ്ടാംസ്ഥാനത്തേക്ക് മുന്നേറി. സിറ്റിക്ക് 47ഉം ലെസ്റ്ററിന് 45ഉം പോയിന്റുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.