2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സെന്‍കുമാറിന്റെ കെ.എ.ടി നിയമനം തടഞ്ഞു കേന്ദ്രവും കൈവിട്ടു

തിരുവനന്തപുരം: അധികാരക്കസേരക്കായി കാവിക്കീഴില്‍ അഭയം തേടിയ മുന്‍ സംസ്ഥാന പൊലിസ് മേധാവി ടി.പി.സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.
സെന്‍കുമാറിനെതിരേയുള്ള കേസുകള്‍ തീര്‍ന്നശേഷം നിയമനം പരിശോധിക്കാമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന് കത്ത് നല്‍കി. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കേന്ദ്രം കത്ത് നല്‍കിയത്. അതേസമയം സെന്‍കുമാറിനെ കൂടാതെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തിന് നിയമനം നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
ട്രിബ്യൂണലില്‍ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം നടക്കേണ്ടത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട പാനല്‍ തിരഞ്ഞെടുത്ത പട്ടിക സംസ്ഥാന സര്‍ക്കാരിലൂടെ ഗവര്‍ണറിലെത്തി പ്രധാനമന്ത്രിയുടെ ഓഫിസിലെ സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ച് രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനത്തിന്റെ നടപടിക്രമം.
2016 ഓഗസ്റ്റിലാണ് കെ.എ.ടിയിലെ രണ്ടംഗ ഒഴിവില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് സമിതി സോമസുന്ദരത്തിന്റേയും ടി.പി.സെന്‍കുമാറിന്റേയും പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഫയല്‍ എത്തിയപ്പോള്‍ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന നളിനിനെറ്റോ ഫയല്‍ ആറുമാസത്തോളം തടഞ്ഞുവച്ചു. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്നും പുതിയ തിരഞ്ഞെടുപ്പു നടത്തി അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടു. എന്നാല്‍, ഫയല്‍ പരിശോധിച്ച ഗവര്‍ണര്‍ പി.സദാശിവം, സെലക്ഷന്‍ കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോ ഗവര്‍ണര്‍ക്കോ സെലക്ഷന്‍ കമ്മിറ്റിക്കോ അധികാരമില്ലെന്നു സര്‍ക്കാരിനു മറുപടി നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിപ്രായംകൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സുപ്രിം കോടതി ചീഫ് ജസ്റ്റിസിനാണെന്നും വ്യക്തമാക്കി. അതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ കേന്ദ്രത്തിനു കൈമാറാനായിരുന്നു നിര്‍ദേശം.
അതേസമയം ശുപാര്‍ശ കൈമാറുമ്പോള്‍ ഗവര്‍ണര്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ പട്ടികയിലുള്ള ഏതെങ്കിലും ഉദ്യോഗാര്‍ഥിയെ സംബന്ധിച്ചുള്ള അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാമെന്നും ഗവര്‍ണര്‍ മറുപടിയില്‍ വ്യക്തമാക്കി. ഈ പഴുതുവച്ച് സര്‍ക്കാര്‍ സെന്‍കുമാറിനെ നിയമിക്കുന്നതില്‍ വിയോജനക്കുറിപ്പോടെ ഫയല്‍ കേന്ദ്രത്തിനയച്ചു.
സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ നിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കെ.എ.ടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നും സര്‍ക്കാര്‍ ഫയലില്‍ സൂചിപ്പിച്ചിരുന്നു.
നിയമനം വൈകുന്നത് സംബന്ധിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലെത്തിയപ്പോഴും സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത സെന്‍കുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണ്. അദ്ദേഹം ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. പല പരാതികളും അന്വേഷണത്തിന്റെയോ പരിശോധനയുടെയോ വിവിധ ഘട്ടങ്ങളിലാണ്. ശുപാര്‍ശ നല്‍കുമ്പോള്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ഇക്കാര്യം അറിയില്ലായിരുന്നു.
അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള, ഭരണഘടനാപരമായ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നിയമിക്കുന്നത് ആ സ്ഥാപനത്തിന്റെ തന്നെ വിശ്വാസ്യത തകര്‍ക്കും. സാധാരണ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുക സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ്, അല്ലാതെ ഐ.പി.എസില്‍ നിന്നല്ല എന്ന കുറിപ്പ് സഹിതമാണ് കഴിഞ്ഞ ജൂണ്‍ 28ന് സംസ്ഥാന സര്‍ക്കാര്‍ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ കേന്ദ്രത്തിന് അയച്ചത്.
എ.ഡി.ജി.പി ബി.സന്ധ്യയുടെ അന്വേഷണറിപ്പോര്‍ട്ടും, ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിയെ ഓഫിസില്‍ മര്‍ദിച്ചുവെന്ന് സര്‍ക്കാരിന് ലഭിച്ച പരാതിയും ഡി.ജി.പി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയും ഒപ്പം വച്ചിരുന്നു. ഇത് പരിശോധിച്ച കേന്ദ്ര പൊതുഭരണ വിഭാഗമാണ് സെന്‍കുമാറിന്റെ നിയമനം തടഞ്ഞത്.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.