2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

സെന്‍കുമാറിനെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുംവിധം പരാമര്‍ശങ്ങള്‍ നടത്തിയതിന് കേസില്‍ കുടുങ്ങിയ മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെ രക്ഷിക്കാന്‍ പൊലിസ് ഉന്നതരുടെ ശ്രമം. ധൃതിപിടിച്ച് നടപടി വേണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി നിഥിന്‍ അഗര്‍വാള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായാണ് വിവരം. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.കെ ഫിറോസ് നല്‍കിയ പരാതിയില്‍ സൈബര്‍ ക്രൈം പൊലിസാണ് സെന്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു കേസെടുത്തത്. സൈബര്‍ സെല്‍ സി.ഐ പി.കെ ബിജുവിനാണ് അന്വേഷണ ചുമതലയുണ്ടായിരുന്നത്. ശനിയാഴ്ച സെന്‍കുമാറിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരിക്കെ കേസ് ക്രൈംബ്രാഞ്ച് നേരിട്ട് അന്വേഷിക്കുമെന്നും ദക്ഷിണ മേഖലാ ചുമതലയുള്ള ഐ.ജി എസ്. ശ്രീജിത്തിനായിരിക്കും അന്വേഷണ ചുമതലയെന്നും നിഥിന്‍ അഗര്‍വാള്‍ അറിയിക്കുകയായിരുന്നു.
അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴിയെടുക്കല്‍ ഉപേക്ഷിച്ചു. 153 എ പ്രകാരമാണ് കേസെടുത്തതെന്നും ഐ.ടി ആക്ട് ചുമത്താത്തതിനാല്‍ സൈബര്‍ പൊലിസിന് അന്വേഷിക്കാന്‍ കഴിയില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ 153 എ പ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശം നല്‍കിയത്. ഇതേ നിയമോപദേശം പൊലിസ് ആസ്ഥാനത്തെ നിയമോപദേശകനും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിഥിന്‍ അഗര്‍വാള്‍ സൈബര്‍ സെല്ലിന് പരാതി കൈമാറുകയായിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ക്രൈംബ്രാഞ്ച് ഉന്നതരുടെ മലക്കംമറിച്ചില്‍.
ക്രൈംബ്രാഞ്ചിന്റെ നിലപാടില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കടുത്ത അതൃപ്തിയിലാണ്. ഇന്നലെ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് സെന്‍കുമാറിനെതിരേയുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് നിര്‍ദേശിച്ചു. ധൃതിപിടിച്ച് അന്വേഷണം നടത്തേണ്ടെന്ന ക്രൈംബ്രാഞ്ച് നിലപാടില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേരും ഈ സമുദായത്തില്‍ നിന്നാണെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞിരുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.