2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷം; ഇടതുസംഘടനകളില്‍ പൊട്ടിത്തെറി

കൊല്ലം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷം ജോലി സമയത്തിന്റെ ഇടവേളകളിലാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദ്ദേശം പാര്‍ട്ടി അനുഭാവമുള്ള ജീവനക്കാരടക്കമുള്ളവര്‍ പാലിക്കാത്തതിനെച്ചൊല്ലി ഇടതുസംഘടനകളില്‍ പൊട്ടിത്തെറി. സി.പി.എമ്മിലും സര്‍ക്കാരിലും അതിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്നാണു സൂചന.
സെക്രട്ടേറിയറ്റിലെ സി.പി.എം സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ചില പ്രമുഖ ഭാരവാഹികള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. ഇതോടൊപ്പം സെക്രട്ടേറിയറ്റിലെ അവരുടെ ഔദ്യോഗിക പദവിക്കും മാറ്റമുണ്ടാകും. സെക്രട്ടേറിയറ്റിനു പുറത്ത് ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കുക, സെക്രട്ടേറിയറ്റില്‍ത്തന്നെ അപ്രധാന തസ്തികകളിലേക്കു മാറ്റുക തുടങ്ങിയ നടപടികളാവും ഉണ്ടാവുക.
മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിനു മുന്‍പില്‍ പൂക്കളമിട്ട കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരേയും നടപടി ഉണ്ടാവും. പൊതുജനത്തിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നത് വൈകിപ്പിക്കുകയും ചുമതലകള്‍ സമയത്ത് നിര്‍വഹിക്കാതെയും ജീവനക്കാര്‍ ജോലിസമയത്ത് പൂക്കളമിടുകയും ഓണസദ്യയ്ക്ക് പോവുകയും ചെയ്യരുതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ജോലിയുടെ ഇടവേളകളിലായിരിക്കണം പൂക്കളവും ആഘോഷവുമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഓണാഘോഷത്തെത്തന്നെ മുഖ്യമന്ത്രി വിലക്കിയെന്ന മട്ടില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെ മുഖ്യമന്ത്രിയുടെ വിലക്ക് ലംഘിച്ച് ഓണാഘോഷം നടത്താന്‍ ജീവനക്കാരില്‍ ഒരു വിഭാഗം തീരുമാനിച്ചു. സി.പി.എം സംഘടനയുടെ ഓണാഘോഷവും മുഖ്യമന്ത്രി പറഞ്ഞ സമയക്രമം പാലിക്കാതെ വന്നതോടെ സംഘടനയ്ക്കുള്ളില്‍ത്തന്നെ ചേരിതിരിവായി.
കഴിഞ്ഞ ദിവസം അവര്‍ സംഘടിപ്പിച്ച ഓണസദ്യ ഉച്ചയ്ക്ക് 12ന് തുടങ്ങി മൂന്നിനാണ് അവസാനിച്ചത്. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൂടാതെ തന്നെ ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാടെടുക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് അറിയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.