2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

സൂപ്പര്‍ സ്റ്റാര്‍ ഫെഡറര്‍

 

ലണ്ടന്‍: ചരിത്രത്തെ വീണ്ടും മാറ്റിയെഴുത്തിലേക്ക് നയിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസ് കിരീടത്തില്‍ തന്റെ എട്ടാം മുത്തം ചാര്‍ത്തി. ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ അനായാസം വീഴ്ത്തിയാണ് സ്വിസ് മാസ്റ്റര്‍ കരിയറിലെ പത്തൊന്‍പതാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. ഒപ്പം സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും ഫെഡറര്‍ നേടി. നേരത്തെ ആസ്‌ത്രേലിയന്‍ ഓപണിലും ഫെഡ് ചാംപ്യനായിരുന്നു. പരുക്കിന്റെ വേവലാതികള്‍ വേട്ടയാടിയ സിലിച്ച് മാനസികമായും ശാരീരികമായും തളര്‍ന്നാണ് ഫെഡററെ നേരിട്ടത്. സ്‌കോര്‍: 6-3, 6-1, 6-4.
ആധുനിക ടെന്നീസിന്റെ ചരിത്രത്തില്‍ വിംബിള്‍ഡണ്‍ കിരീടം ഏറ്റവും കൂടുതല്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി ഫെഡറര്‍ക്ക് സ്വന്തം. അമേരിക്കന്‍ ഇതിഹാസം പീറ്റ് സാംപ്രസിനൊപ്പം ഏഴ് കിരീടങ്ങളുടെ റെക്കോര്‍ഡ് പങ്കിടുകയായിരുന്ന ഫെഡറര്‍ ഇത്തവണത്തെ വിജയത്തോടെയാണ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഒപ്പം ആധുനിക യുഗത്തില്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന റെക്കോര്‍ഡും ഫെഡ് എക്‌സ്പ്രസ് നേടി. 1976ല്‍ തന്റെ 32ാം വയസില്‍ കിരീടം നേടിയ അമേരിക്കയുടെ അര്‍തര്‍ ആഷെയുടെ റെക്കോര്‍ഡാണ് 35ാം വയസിലെത്തിയ ഫെഡറര്‍ തകര്‍ത്തത്. 1972ല്‍ കെന്‍ റോസ്‌വല്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിയ ശേഷം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായമുള്ള പുരുഷ താരമായും ഫെഡറര്‍ മാറി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.