2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സൂക്ഷിക്കൂ… ഡെങ്കിപ്പനിയെ

ഡോ ഒ. ഫസല്‍ റഹ്മാന്‍ അല്‍ ഷിഫാ ഹോമിയോപ്പതി ക്ലിനിക് ഉച്ചാരക്കടവ് - മണ്ണാര്‍കാട് ഫോണ്‍-9946030003

 

മഴക്കാലത്തിന്റെ വരവായതോടെ പകര്‍ച്ചവ്യാധികളും മറ്റ് സാംക്രമിക രോഗങ്ങളും സാര്‍വത്രികമാവുകയാണ്. മഴക്കാല രോഗങ്ങള്‍ തടയുന്നതിനായുള്ള നടപടികള്‍ വൈകാതെ തുടങ്ങിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളാണ് ഉണ്ടാവുക. പകര്‍ച്ച വ്യാധികളെ തടയാന്‍ ഹോമിയോ ചികിത്സാ രംഗവും സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.
പ്രതിരോധ ഔഷധങ്ങളും ചികിത്സയ്ക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളുമായി ഹോമിയോ വകുപ്പ് ഏത് അടിയന്തിരഘടകത്തെയും നേരിടാനുള്ള തയാറെടുപ്പുകളുമായി രംഗത്തുണ്ട്.
2017ല്‍ മാരകവില്ലനായി നിരവധി പേരുടെ ജീവനെടുത്ത ഡെങ്കിപ്പനി ഇത്തവണ നേരത്തേതന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നു എന്ന വാര്‍ത്ത ഭയപ്പെടുത്തുന്നതാണ്. ഡെങ്കിമൂലം കടുത്ത പനിയും ശരീരവേദനയും ക്ഷീണവും പ്ലേറ്റ്‌ലെറ്റ്‌സിന്റെ അളവില്‍ കുറവുമൂലവും രോഗികള്‍ ഹോമിയോ ക്ലിനിക്കുകളിലും മറ്റ് ആശുപത്രികളിലും അഭയം പ്രാപിച്ചുതുടങ്ങിയിരിക്കുന്നു. കൊതുകുകള്‍ പരത്തുന്ന ഈ വൈറല്‍ പനിയില്‍ നിന്നു ഇത്തവണ നാടിനെ രക്ഷിക്കാന്‍ നമുക്കൊന്നായി മുന്നേറേണ്ടതുണ്ട്.

 

ഡെങ്കിപ്പനി

ഡെങ്കിപ്പനി കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ പനിയാണ്. സാധാരണ വൈറല്‍ പനിയെപ്പോലെ ജലദോഷം, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിയുടെയും ലക്ഷണങ്ങള്‍.
എന്നാല്‍ ഈയടുത്തകാലത്തായി ഡെങ്കി എന്നത് മാരക വിപത്തായിമാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. വൈറസിന്റെ ജനിതക മാറ്റം (മ്യൂട്ടേഷന്‍) കാരണം. പ്രകൃതിചൂഷണവും പരിസര മലിനീകരണവുമൊക്കെയാണ് ഇതിനു കാരണങ്ങളായി കരുതേണ്ടത്.

 

കൊതുകുകടിഏല്‍ക്കാതിരിക്കാന്‍

=കൊതുകുവല ഉപയോഗിക്കുക.
=കൊതുകുകടി ഏല്‍ക്കാത്ത രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കുകയും കുട്ടികളെ ധരിപ്പിക്കുകയും ചെയ്യുക.
=വീടിനു പുറമെ തീയിടുക, കൊതുകുതിരി പുകയ്ക്കുക.
=രോഗപ്പകര്‍ച്ച തടയാന്‍ രോഗികള്‍ രോഗകാലം മുഴുവന്‍ കൊതുകുവല ഉപയോഗിക്കേണ്ടതാണ്.

 

രോഗലക്ഷണങ്ങള്‍

 

ശക്തമായ പനിയോടുകൂടി ആരംഭിക്കുന്ന അസുഖം കഠിനമായ തലവേദന, കണ്ണിനുപിന്നില്‍ വേദന, ശരീരവേദന, നടുവേദന, കണ്ണില്‍ ചുവപ്പ്, ശരീരത്തില്‍ ചുവന്ന പാടുകള്‍, അമിതമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് ഡെങ്കിപ്പനി കാട്ടുന്നത്. ചിലര്‍ക്ക് ഓക്കാനം, ഛര്‍ദി എന്നിവയും കാണാറുണ്ട്.
ചില രോഗികളില്‍ പനി സ്വാഭാവികമായോ പനിയുടെ മരുന്നുകള്‍ കഴിക്കുന്നതു മൂലമോ ഒന്നോ രണ്ടോ ദിവസം കൊണ്ട് പനി അപ്രത്യക്ഷമാകും. രോഗികള്‍ അസുഖം ഭേദമായെന്ന് കരുതി വിശ്രമം ഒഴിവാക്കുകയും ജോലിക്കു പോവുകയും ചെയ്യു. ഇത് രോഗാവസ്ഥ വഷളാകുന്നതിലേക്ക് എത്തുകയും ചെയ്യാം.
ചിലര്‍ക്ക് പ്ലേറ്റ്‌ലെറ്റ്‌സ് കൗണ്ടില്‍ വലിയ തോതിലുള്ള കുറവ് വരികയും അതുമൂലം മൂക്കിലൂടെയും മോണയിലൂടെയും രക്തസ്രാവം കാണപ്പെടുകയും ചെയ്യുന്നു. ആന്തരികാവയവങ്ങളിലും രക്തസ്രാവം ഉണ്ടാവാറുണ്ട്. ഇത് ഡെങ്കി ഹെമറേജിക് സിന്‍ഡ്രോം എന്ന അവസ്ഥയാണ്.

 

രോഗം പകരുന്നത്

 

ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ പെട്ട പെണ്‍ കൊതുകുകളാണ് ഡെങ്കിപ്പനിയുടെ രോഗവാഹകര്‍. വളരെ ചെറിയ ദൂരം മാത്രം പറക്കുന്ന ഈ കൊതുകുകള്‍ കൂടുതലും പകല്‍ സമയങ്ങളിലും വൈകുന്നേരങ്ങളിലുമാണ് രക്തം തേടിയിറങ്ങുക.
പ്രധാനമായും ശുദ്ധജലത്തില്‍ മുട്ടയിടുകയും വളരുകയും ചെയ്യുന്ന ഈ കൊതുകുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന വരകള്‍ കാരണം ടൈഗര്‍ മൊസ്‌കിറ്റോ എന്ന പേരിലും ഇവ അറിയപ്പെടുന്നു.

 

കൊതുകിനെതിരേ മുന്‍കരുതല്‍

 

കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
= കൊതുകുകള്‍ മുട്ടയിട്ട് ലാര്‍വകളെ വിരിയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഇതിനുള്ള പ്രധാന മാര്‍ഗം.
= പൂച്ചെടികള്‍ക്ക് അടിയിലെ പാത്രം, റഫ്രിജറേറ്ററിനു പിന്നിലെ ട്രേ, എ.സി കൂളര്‍ എന്നീ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക.
= ചിരട്ട, കുപ്പി, പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍, കവറുകള്‍, മുട്ട, കക്ക എന്നിവയുടെ തോടുകള്‍, ഉപേക്ഷിക്കപ്പെട്ട ടയറുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
= ടെറസ്, സണ്‍ഷേഡ്, ഓടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ ഒഴുക്കിക്കളയുക.
= കൂത്താടികള്‍ വളരാതിരിക്കാന്‍ മണ്ണെണ്ണ ഒഴിക്കാവുന്നതാണ്.
= കുളങ്ങളിലും തോടുകളിലും നിന്ന് ജലസസ്യങ്ങള്‍ നീക്കം ചെയ്ത് കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി പോലുള്ള മത്സ്യങ്ങളെ നിക്ഷേപിക്കുക.
= കിണറുകളും ടാങ്കുകളും കൊതുകുവലയിട്ടു മൂടി സൂക്ഷിക്കുക.
= സെപ്റ്റിക് ടാങ്കിന്റെ സ്‌ളാബുകളിലെ വിടവ് വിള്ളല്‍ എന്നിവ പരിശോധിച്ച് സിമെന്റ് ഉപയോഗിച്ച് അടയ്ക്കുക.
= എയര്‍വെന്റിലേഷന്‍ കൊതുകുവല ഉപയോഗിച്ച് അടച്ചു സൂക്ഷിക്കുക.
= വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്തുള്ള പാഴ്‌ചെടികള്‍ നീക്കം ചെയ്ത് വൃത്തിയാക്കുക.

 

ചികിത്സ

പനി കണ്ടാലുടന്‍ അംഗീകൃത യോഗ്യതയുള്ള ഡോക്ടറുടെ സേവനം തേടേണ്ടതാണ്. സ്വയം ചികിത്സ അപകടം വരുത്തിവയ്ക്കുമെന്നോര്‍ക്കണം. ഡെങ്കിപ്പനിക്കും അനുബന്ധമായി കാണുന്ന പ്ലേറ്റ്‌ലെറ്റ്‌സ് കുറവിനും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
അതിവേഗം കുറയുന്ന പ്ലേറ്റ്‌ലെറ്റ്‌സ് മരുന്നുകളിലൂടെ അതിവേഗം ഉയര്‍ത്താനും പനിയ്ക്കും അനുബന്ധ ലക്ഷണങ്ങള്‍ക്കും അതിവേഗം ശമനം നല്‍കാനും ഹോമിയോപ്പതിക്ക് കഴിയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.